പനമരം സി.എച്ച്.സി.യിൽ ഗർഭിണിക്ക് മരുന്ന്‌ മാറിനൽകി

പനമരം : പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സാപ്പിഴവ്. ഏഴുമാസം ഗർഭിണിയായ യുവതി ശനിയാഴ്ച രാവിലെ രക്തക്കുറവിനുള്ള അയേൺ കുത്തിവെപ്പിനെത്തിയപ്പോൾ നൽകിയത് പേവിഷബാധയ്ക്കുള്ള ഇൻജക്ഷനെന്ന് ആരോപണം. പനമരം കീഞ്ഞുകടവ് സ്വദേശി വട്ടുകുത്ത് ആഷിഖിന്റെ ഭാര്യ റാഹിന (29) യ്ക്കാണ് ഇൻജക്ഷൻ മാറിനൽകിയതായി പരാതിയുയർന്നത്.

കല്പറ്റ ജനറൽ ആശുപത്രിയിലാണ് റാഹിന ഗൈനക്കോളജിയിൽ ചികിത്സതേടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പനമരം സി.എച്ച്.സി.യിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് രക്തക്കുറവ് കണ്ടെത്തിയിരുന്നു. ഗൈനക്കോളജിസ്റ്റിനെ കണ്ട് രക്തക്കുറവിനുള്ള അയേൺ കുത്തിവെപ്പെടുക്കുന്നതിനായി പ്രിസ്ക്രിപ്ഷൻ വാങ്ങി വരാൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് പ്രിസ്ക്രിപ്ഷനുമായി പനമരം ആശുപത്രിയിൽ എത്തിയ റാഹിന ശനിയാഴ്ച രാവിലെ ഡോക്ടറെകണ്ട് കുത്തിവെപ്പെടുത്തതാണ് പിന്നീട് വിവാദമായി മാറിയത്.

പനമരത്ത് ഡോക്ടർ എഴുതിയ പ്രിസ്ക്രിപ്ഷനിൽ അയേൺ കുത്തിവെപ്പിന് പകരം പേവിഷബാധയ്ക്കുള്ളതായി മാറിയെന്നാണ് റാഹിന ആരോപിക്കുന്നത്. സാധാരണ ഡ്രിപ്പിലൂടെയാണ് അയേൺ കുത്തിവെപ്പെടുക്കാറുള്ളത്. എന്നാൽ, ശനിയാഴ്ച രണ്ട് ഡോസ് ഇൻജക്ഷൻ എടുത്തു. താൻ സംശയം പ്രകടിപ്പിച്ചതോടെയാണ് ഇൻജക്ഷൻ മാറിയതായി അറിയുന്നതെന്നും റാഹിന ആരോപിച്ചു. തുടർന്ന് കല്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഹിനയെ ഗൈനക്കോളജിസ്റ്റ് പരിശോധിച്ചു. നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. വിഷയം വിവാദമായതോടെ മുസ്‌ലിംലീഗ്, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.

അന്വേഷണം നടത്തും -ഡി.എം.ഒ.

ഉച്ചകഴിഞ്ഞ് രണ്ടരയോടെ ജില്ലാ മെഡിക്കൽ ഓഫീസർ പി.എം. മൊയ്തീൻഷ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സിന്ധു എന്നിവർ സ്ഥലത്തെത്തി. എച്ച്.എം.സി. യോഗം ചേരുന്നതിനാൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ ഇതിനോടകം ആശുപത്രിയിൽ എത്തിയിരുന്നു.

സ്ഥലത്തെത്തിയ യു.ഡി.എഫ്. പ്രവർത്തകർ മെഡിക്കൽ ഓഫീസറെ അരമണിക്കൂറോളം ഉപരോധിച്ചു. കുത്തിയിരിപ്പുസമരം നടത്തുകയായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകരുമായും ഡി.എം.ഒ. സംസാരിച്ചു. ശേഷം പ്രശ്നപരിഹാരത്തിനായി ജനപ്രതിനിധികളെയും ഉൾപ്പെടുത്തി സർവകക്ഷിയോഗം ചേരുകയായിരുന്നു.

ആരോപണവിധേയനായ ഡോക്ടറോട് വിശദീകരണം ആവശ്യപ്പെടുമെന്നും ഡോക്ടറുടെ വിശദീകരണം എഴുതിവാങ്ങുമെന്നും ഡി.എം.ഒ. ഉറപ്പുനൽകി. പേവിഷബാധയ്ക്കുള്ള ഇൻജക്ഷൻ എടുത്തതുമൂലം യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ, അതിനുള്ള പൂർണഉത്തരവാദിത്വവും ചികിത്സാച്ചെലവും വീഴ്ചവരുത്തിയ ഡോക്ടർ വഹിക്കുമെന്നും എഴുതിവാങ്ങി യുവതിക്ക് നൽകും. കൂടാതെ സംഭവം അന്വേഷിച്ച് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ. ഉറപ്പുനൽകി.

ഇക്കാര്യങ്ങൾ മിനിറ്റ്‌സിൽ രേഖപ്പെടുത്താനും തീരുമാനമായതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.പ്രതിഷേധവുമായി മുസ്‌ലിംലീഗും ഡി.വൈ.എഫ്.ഐ.യും

പനമരം : പനമരം സാമൂഹികാരോഗ്യത്തിൽ ചികിത്സാപ്പിഴവിൽ പ്രതിഷേധവുമായി രാഷ്ട്രീയസംഘടനകളും. കുത്തിയിരിപ്പുസമരവും ഉപരോധിക്കലുമായി ഒരു പകൽനീളുന്ന പ്രതിഷേധങ്ങൾക്കാണ് ആശുപത്രി സാക്ഷ്യംവഹിച്ചത്. മുസ്‌ലിംലീഗ് പ്രവർത്തകർ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയും മെഡിക്കൽഓഫീസറുമായി സംസാരിക്കുകയും ചെയ്തു. പ്രിസ്ക്രിപ്ഷൻ മാറിനൽകിയ ഡോക്ടർ ആശുപത്രി വിട്ടിരുന്നു. ആരോപണവിധേയനായ ഈ ഡോക്ടർ ഉടൻ സ്ഥലത്തെത്തണമെന്നും ഡോക്ടർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വവും ചികിത്സാച്ചെലവും വീഴ്ചവരുത്തിയ ഡോക്ടർ ഏറ്റെടുക്കണമെന്നുമായിരുന്നു മുസ്‌ലിംലീഗിന്റെ ആവശ്യം.

അല്പസമയത്തിനു ശേഷം ഡി.വൈ.എഫ്.ഐ. പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇവർ മെഡിക്കൽ ഓഫീസറുടെ റൂമിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ പൊതുമധ്യത്തിൽ കാണിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ആശുപത്രിയിൽ ചികിത്സാപ്പിഴവുണ്ടാകുന്നത് പതിവാണെന്ന് ഇവർ ആരോപിച്ചു.

വൈകുന്നേരം ആറുമണിയോടെ ആരോപണ വിധേയനായ ഡോക്ടർ ആശുപത്രിയിലെത്തി. ശനിയാഴ്ച ഒരുപാട് രോഗികൾ പേവിഷബാധയ്ക്കുള്ള ചികിത്സ തേടിയിരുന്നു. അതിനിടയിലാണ് പിഴവ് സംഭവിച്ചതെന്ന് ഡോക്ടർ പ്രതിഷേധക്കാരോട് പറഞ്ഞു. ചികിത്സാ പിഴവുമൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ഡോക്ടർ പ്രതിഷേധക്കാരുടെ പ്രതിനിധികളായ മുസ്‍ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അസീസ് കുനിയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേർമല, സി.പി.എം. ലോക്കൽ സെക്രട്ടറി കെ.സി. ജബ്ബാർ, സി.പി.ഐ. മണ്ഡലം പ്രസിഡന്റ് ആലി തിരുവാൾ എന്നിവർക്ക് എഴുതിനൽകി. ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീനാ സുബൈർ, സ്ഥിരംസമിതിയധ്യക്ഷരായ സി.എച്ച്. ഫസൽ, സന്ധ്യാലിഷു, ബ്ലോക്ക്‌ അംഗം റുഖിയാ സലാം, പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, സ്ഥിരം സമിതിയധ്യക്ഷരായ ഷാജഹാൻ കോവ, എൻ.എ. അജിഷ, ജില്ലാ പഞ്ചായത്തംഗം ബിനാ സജി, മെഡിക്കൽ ഓഫീസർ ഡോ. അനന്തൻ പങ്കെടുത്തു.

മുസ്‍ലിംലീഗ് നേതാക്കളായ കെ.ടി. അഷ്‌ക്കർ, ഡി. സാലിഹ്, അൻവർ സാദിഖ്, ജാബിർ വരിയിൽ, പി.കെ. സൗബാൻ തുടങ്ങിയവർ നേതൃത്വംനൽകി.

ഡി.വൈ.എഫ്.ഐ. ഭാരവാഹികളായ എം. അക്ഷയ്, എം. ഹബീബ്, വി. വിനീത്, ഒ.എസ്. സുജിൽ, പി. മുക്താർ തുടങ്ങിയവർ സമരത്തിനു നേതൃത്വംനൽകി. അയേൺ കുത്തിവെപ്പിന് പകരം നൽകിയത് പേവിഷബാധയ്ക്കുള്ള ഇൻജക്ഷൻ