ചാലിൽ-മീൻമുട്ടി റോഡ് ഇനി നന്നാകും ടൂറിസം പ്രതീക്ഷയിൽ നാട്

നിരവിൽപ്പുഴ : വർഷങ്ങൾനീണ്ട കാത്തിരിപ്പിനുശേഷം ചാലിൽ-മീൻമുട്ടി വെള്ളച്ചാട്ടം റോഡ് ഇനി നന്നാകും. പൊതുമരാമത്തുവകുപ്പ് ഈ റോഡ് നവീകരണത്തിനായി 2.60 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയതാണ് ഒടുവിൽ പ്രതീക്ഷയാവുന്നത്. കോറോത്തുനിന്ന്‌ ചാലിൽ പ്രദേശത്തുകൂടി മീൻമുട്ടി വെള്ളച്ചാട്ടത്തിനരികിൽവരെയാണ് റോഡുള്ളത്. തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് ഈ റോഡ് നവീകരണത്തിനായി മാസങ്ങൾക്കുമുൻപ്‌ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു.

പൊതുമരാമത്തുവകുപ്പ് റോഡുനവീകരണത്തിനായി നടപടികൾ വേഗത്തിലാക്കി. സാങ്കേതികാനുമതികൂടി ലഭ്യമാകുന്നതോടെ റോഡുപണി തുടങ്ങാൻ കഴിയുമെന്ന് തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് പറഞ്ഞു.

റോഡ് പാടേ തകർന്നതിനാൽ ഇതിലൂടെയുള്ള കാൽനടയാത്രപോലും ദുഷ്കരമായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തിയാലും വെള്ളം ഒഴുകിപ്പോകാൻ ഓവുചാലുകൾ ഇല്ലാത്തതിനാൽ റോഡ് തകരുന്നത് പതിവായി. പ്രദേശവാസികളടക്കമുള്ളവർ ഇതിലൂടെ ദുരിതംതാണ്ടിയാണ് സഞ്ചരിച്ചിരുന്നത്. വാഹനങ്ങൾ ഇതുവഴി വരാൻകൂടി മടിച്ചതോടെ കാർഷികോത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതും വെല്ലുവിളിയായിരുന്നു.

മീൻമുട്ടിയിലേക്ക് പോകാം

വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ മീൻമുട്ടിയിലേക്കുള്ള ഏക യാത്രാവഴിയാണിത്. സീസണിൽ നൂറുകണക്കിന് സഞ്ചാരികളെത്തുന്ന മീൻമുട്ടിയിലേക്കുള്ള റോഡ് പൂർണമായും തകർന്നതോടെ സഞ്ചാരികളെല്ലാം ഈ കേന്ദ്രത്തെ കൈയൊഴിഞ്ഞിരുന്നു.

ഇരുചക്രവാഹനത്തിലെത്തുന്നവർപോലും റോഡ്‌ കുഴിയായതിനാൽ ഇവിടെനിന്ന്‌ പാതിവഴിയിൽ തിരിച്ചുപോകേണ്ടിവന്നിരുന്നു.

ലക്ഷങ്ങൾ ചെലവഴിച്ച് മീൻമുട്ടി ഇക്കോടൂറിസംകേന്ദ്രം വനംവകുപ്പ് വികസിപ്പിച്ചെങ്കിലും സഞ്ചാരികളുടെ കുറവ് ഈ കേന്ദ്രത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമായി റോഡുനന്നാകുന്നതോടെ ഈ കേന്ദ്രത്തിനും പ്രതീക്ഷ വളരുകയാണ്.

നാരങ്ങാച്ചാൽ വ്യൂപോയിന്റ്

തൊണ്ടർനാടിന്റെ വിനോദസഞ്ചാരഭൂപടത്തിൽ ഔദ്യോഗികമായി രേഖപ്പെടുത്താത്ത നാരങ്ങാച്ചാൽ വ്യൂപോയിന്റ് സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. മീൻമുട്ടി വെള്ളച്ചാട്ടത്തിന് വിളിപ്പാടകലെയാണ് ഈ വ്യൂപോയിന്റുള്ളത്. സാഹസിക വിനോദസഞ്ചാരികളെയും മറ്റും ആകർഷിക്കുന്ന ഈ വ്യൂപോയിന്റിലേക്ക് മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ സഞ്ചാരികളുടെ പ്രവാഹമാണ്. മീൻമുട്ടിയിലേക്ക് പോകുന്ന ഈ റോഡുതന്നെയാണ് നാരങ്ങാച്ചാലിനും ആശ്രയം. ഈ രണ്ടു വിനോദകേന്ദ്രങ്ങളെയും ചേർത്ത് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പരിഗണനയിലാണ്. റോഡ് നന്നാകുന്നതോടെ ഈ കേന്ദ്രവും പ്രതീക്ഷയിലാണ്. മഴക്കാലത്തും തടസ്സങ്ങളില്ലാതെ വാഹനമെത്തുകയാണെങ്കിൽ മീൻമുട്ടി ഇക്കോ ടൂറിസവും പുതിയ ഉയരങ്ങൾ താണ്ടും. പ്രദേശവാസികളായ നാട്ടുകാർക്കും ഇതൊരു മാറ്റത്തിന്റെ തുടക്കമാകും.