കവർച്ചസംഘത്തിലെ മൂന്നുപേർകൂടി പിടിയിൽ

തമിഴ്നാട് സ്വദേശികൾ പിടിയിലായത് കർണാടകയിൽനിന്ന്അറസ്റ്റിലായവരുടെ എണ്ണം പത്തായി

തിരുനെല്ലി : ജില്ലയിൽ വിലസിയ കവർച്ചസംഘത്തിലെ മൂന്നുപേർകൂടി പിടിയിൽ‌. തമിഴ്നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മാൾ (ബിന്ദു-47), ദേവി (തിലോത്തമ-53), മധുര, മുത്തുപ്പട്ടി പൊന്നി (39) എന്നിവരെയാണ് കർണാടകയിലെ മൽപേ ബീച്ചിൽനിന്ന് വയനാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്രപ്രദേശിലുമെല്ലാം വ്യാപിച്ചുകിടക്കുന്ന പിടിച്ചുപറി സംഘത്തിൽപ്പെട്ട ഇവരെ ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡാണ് വലയിലാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കേസുകൾ ഇവർക്കെതിരേ നിലവിലുണ്ട്.

ഇതോടെ മാലകവർച്ചാ കേസുകളിൽ ജില്ലയിൽ പിടിയിലായവരുടെ എണ്ണം പത്തായി.

ഓഗസ്റ്റ് 12-ന് രാവിലെ തിരുനെല്ലി ക്ഷേത്രത്തിൽ കർക്കടകവാവുബലിക്കായി എത്തിയ സ്ത്രീയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല അന്നദാനമണ്ഡപത്തിൽനിന്ന് ഇവർ കവർന്നിരുന്നു. ഈ കേസിലാണ് ഇവരെ പിടികൂടിയിരിക്കുന്നത്. ഇവർക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

മോഷണം ലക്ഷ്യമാക്കി കർണാടകയിലേക്ക്

അന്വേഷണത്തിന്റെ ഭാഗമായി വയനാട് പോലീസ് ചെന്നൈയിലെത്തിയപ്പോഴാണ് കവർച്ചാസംഘം വിനായകചതുർഥി മഹോത്സവത്തിന്റെ ഭാഗമായി മംഗലാപുരത്തേക്ക് നീങ്ങിയതായി കണ്ടെത്തിയത്. ഉടനെ മറ്റൊരുസംഘം മംഗലാപുരത്തേക്ക് തിരിച്ചു. എന്നാൽ, കവർച്ചസംഘം ഉഡുപ്പിയിലേക്ക് പോയതായി മനസ്സിലാക്കി. ഇതോടെ ഉഡുപ്പിയിലും പരിസരപ്രദേശങ്ങളിലും പോലീസ് വേഷംമാറി തിരഞ്ഞു. കർണാടകയിലെ മൽപേ ബീച്ചിനടുത്തുവെച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇവരെ ചോദ്യംചെയ്തുവരുകയാണ്. സംഘത്തിലെ ഏഴുപേരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു.

ആൾക്കൂട്ടം കേന്ദ്രീകരിച്ച് മോഷണം

കൂട്ടായും ചെറിയസംഘങ്ങളായി തിരിഞ്ഞും ഉത്സവങ്ങൾ, മറ്റു ആഘോഷങ്ങൾ, തിരക്കുള്ള ബസുകൾ എന്നിവിടങ്ങളിൽ കവർച്ചനടത്തുന്നതാണ് ഇവരുടെ രീതി.

പുരുഷന്മാർ പോക്കറ്റടിച്ച് പണംകവരുകയും, സ്ത്രീകൾ സ്ത്രീകളുടെ സ്വർണാഭരണങ്ങൾ പൊട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പൊട്ടിച്ചെടുക്കുന്ന വസ്തുക്കൾ നിമിഷനേരംകൊണ്ട് കൈമാറി പലരിലേക്ക് എത്തിക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിൽ വ്യാപകമായി മോഷണം നടത്താൻ പദ്ധതിയിട്ടുവന്ന സംഘത്തിലെ കുറച്ചുപേരെ പോലീസ് പിടികൂടിയിരുന്നു.

ഇതോടെയാണ് വ്യാപകമോഷണമെന്ന സംഘത്തിന്റെ പദ്ധതി പാളിയത്.

തുടർന്ന് മറ്റുസംസ്ഥാനങ്ങളിലേക്ക് ഇവർ മാറി. എന്നാൽ, വയനാട് പോലീസ് ഇവരെ പിന്തുടർന്നു.

മാനന്തവാടി എ.എസ്.പി. വി. കാർത്തിക്കിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. ബിജു വർഗീസ്, കെ.കെ. വിപിൻ, ഷാലു ഫ്രാൻസിസ്, പി.ബി. അജിത്ത്, രജീഷ്, ശ്രീജേഷ്, തിരുനെല്ലി സി.ഐ. നിധീഷ്, എസ്.എച്ച്.ഒ. എസ്.ഐ. ഉമ്മർ, എസ്.ഐ.മാരായ ജി. ശിവൻ, റിയാസുദീൻ, എ.എസ്.ഐ. ഹക്കീം, എസ്.സി.പി.ഒ. പോൾസൻ ലതീഷ്, എസ്. ചിഞ്ചു, രമ്യ, ഷാലുമോൾ, കെ.സി. അനൂപ്, പ്രിൻസ് ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.