അഭിമാനമായി കുട്ടിപ്പോലീസിന്റെ പാസിങ് ഔട്ട് പരേഡ്

കല്പറ്റ : ഒരേ മനസ്സും, ഒരേ ചുവടുകളുമായി പോലീസ് ബാൻഡിന്റെ ഡ്രം ബീറ്റുകളുടെ അകമ്പടിയിൽ കുട്ടി പ്പോലീസിന്റെ പാസിങ് ഔട്ട് പരേഡ്. കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കല്പറ്റ സബ് ഡിവിഷനിലെ ആറ് സ്കൂളുകളിൽനിന്നുള്ള സ്റ്റുഡന്റ് പോലീസ് കെഡേറ്റ് (എസ്.പി.സി.) സൂപ്പർ സീനിയർ കെഡേറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് ആവേശവും അഭിമാനവുമായത്. മേപ്പാടി ജി.എച്ച്.എസ്.എസ്., തരിയോട് നിർമല എച്ച്.എസ്.എസ്., പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്. എസ്.എസ്., കല്പറ്റ ജി.വി.എച്ച്.എസ്.എസ്., വൈത്തിരി ജി.എച്ച്.എസ്.എസ്., പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്. എന്നീ സ്കൂളുകളിലെ എസ്.പി.സി. കുട്ടികളുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്. നിർമല എച്ച്.എസ്.എസിലെ കെഡേറ്റ് കെ.എസ്. ദിയ ഹാഷ്മി പരേഡ് കമാൻഡറും കല്പറ്റ ജി.വി.എച്ച്.എസ്.എസിലെ കെഡേറ്റ് എം. ചിന്മയ് സെക്കൻഡ് ഇൻ കമാൻഡറുമായി.
ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ പരേഡ് വീക്ഷിച്ച് സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി. പരിശീലനം കുട്ടികളിൽ സ്വത്വബോധവും രാജ്യസ്നേഹവും വളർത്തുമെന്നും വിദ്യാർഥികൾക്കിടയിൽ തെറ്റായ പ്രവണതകളെ പ്രതിരോധിക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റ എസ്.എച്ച്.ഒ. എ.യു. ജയപ്രകാശ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഉഷാ വിജയൻ എം.എൽ.എ. മുഖ്യാതിഥിയായി. കെഡേറ്റുകൾക്കുള്ള സമ്മാനങ്ങളും എം.എൽ.എ. വിതരണംചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, സ്ഥിരംസമിതിയധ്യക്ഷ സൽമ മോയിൻ, കല്പറ്റ നഗരസഭാ കൗൺസിലർ എം.പി. നവാസ്, അഡീഷണൽ എസ്.പി.യും എസ്.പി.സി. ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ്, ഡി.ഡി.ഇ. വി.എ. ശശീന്ദ്രവ്യാസ്, കല്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി. ടി.എ. അഗസ്റ്റിൻ, എ.ഡി.എൻ.ഒ. കെ. മോഹൻദാസ്, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.ബി. എ.എസ്.ഐ. എൻ. ബഷീറിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ബാൻഡ് സംഘവും പരേഡിന് പൊലിമയേകി.
2010 ഓഗസ്റ്റ് രണ്ടിന് 127 വിദ്യാലയങ്ങളിൽ തുടങ്ങിയ എസ്.പി.സി. പദ്ധതി 16 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്താകെ 1253 സ്കൂളുകളിൽ വ്യാപിച്ചു. ജില്ലയിൽ 45 സ്കൂളുകളിൽ നിലവിൽ എസ്.പി.സി. പദ്ധതി നടപ്പാക്കുന്നുണ്ട്.