പി.എം.ജി.എസ്.വൈ. പദ്ധതി റോഡുകൾ; പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം

അപ്പപ്പാറ ഊര്, പനവല്ലി എന്നിവിടങ്ങളിൽ രണ്ട് മൊബൈൽടവറുകൾ കേന്ദ്രമന്ത്രി അനുവദിച്ചു
കല്പറ്റ : ജില്ലയിൽ പി.എം.ജി.എസ്.വൈ. പദ്ധതിക്ക് കീഴിലെ മുഴുവൻ റോഡുകളുടെയും ആക്‌ഷൻപ്ലാൻ തയ്യാറാക്കി പ്രവൃത്തികൾ സമയബദ്ധമായി പൂർത്തീകരിക്കണമെന്ന് പ്രിയങ്കാഗാന്ധി എം.പി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. കല്ലോടി-വെള്ളമുണ്ട-തോട്ടോളിപ്പടി റോഡ്, പുല്ലുമല-കരിവയൽ റോഡുകളുടെ നിർമാണപ്രവൃത്തി വൈകുന്ന സാഹചര്യത്തിൽ ജൽ ജീവൻ മിഷൻ, പി.ഡബ്ല്യു.ഡി. വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടെ യോഗംചേരാൻ എം.പി. കളക്ടർക്ക് നിർദേശം നൽകി. ജൽ ജീവൻ മിഷൻ പദ്ധതി കുടിവെള്ളത്തിന്റെ ഗുണനിലവാരം, വാട്ടർടാങ്കുകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണമെന്നും എം.പി. നിർദേശിച്ചു. തുറന്നകിണറുകൾ, കുഴൽക്കിണറുകളിലെ ജലസ്രോതസ്സുകളിലെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പൈപ്പ് ലൈനിടാൻ റോഡിൽ കുഴിച്ച് കേടുപാടുകൾ സംഭവിച്ച റോഡുകളുടെ പുനരുദ്ധാരണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 2731 കുടുംബങ്ങൾക്ക് വിവിധ ഘട്ടങ്ങളിലായി സഹായധനം വിതരണംചെയ്തു. ചെട്ട്യാലത്തൂരിലെ 71 കുടുംബങ്ങൾക്ക് സാമ്പത്തികസഹായം നൽകിയിട്ടുണ്ട്. ഇതിൽ 18 കുടുംബങ്ങളുടെ വീടുനിർമാണം പൂർത്തിയാക്കി. 20 കുടുംബങ്ങളുടെ വീടുനിർമാണം പുരോഗതിയിലാണ്. പൂച്ചാട് ഉന്നതിയിൽ 75 കുടുംബങ്ങൾക്ക് സഹായംനൽകിയിട്ടുണ്ട്. ഇതിൽ 54 കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയായി. 19 കുടുംബങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. രണ്ട് കുടുംബങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുണ്ടെന്നും പ്രോജക്ട് ഓഫീസർ അറിയിച്ചു.
തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിലെ തലപ്പുഴ, ബോയ്‌സ് ടൗൺ ഉൾപ്പെടെ ബി.എസ്.എൻ.എൽ. നെറ്റ്‌വർക്ക് കണക്ടിവിറ്റി മോശമായ 20 ഇടങ്ങളിലെ സാഹചര്യം ചൂണ്ടിക്കാട്ടി കമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് എം.പി. പറഞ്ഞു. ദുരന്തങ്ങളുടെ സമയത്ത് കണക്‌ടിവിറ്റി ഉറപ്പാക്കാൻ ‘സെൽ ഓൺ വീൽസ്’ വിന്യസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പപ്പാറ ഉന്നതി, പനവല്ലി എന്നിവിടങ്ങളിൽ രണ്ട് മൊബൈൽ ടവറുകൾ കേന്ദ്രമന്ത്രി അനുവദിച്ചിട്ടുണ്ടെന്നും ടവറുകൾക്കായുള്ള ഭൂമി അനുവദിക്കുന്നത് വേഗത്തിലാക്കാൻ റവന്യൂവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും എം.പി. പറഞ്ഞു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് സുൽത്താൻബത്തേരി-അമ്പുകുത്തി-അമ്പലവയൽ റോഡ്, അമ്പലവയൽ-അമ്മായിപ്പാലം റോഡ്, സി.ആർ.ഐ.എഫ്. പദ്ധതിക്ക് കീഴിലുൾപ്പെടുത്തി മുൻഗണനാടിസ്ഥാനത്തിൽ നിർമാണം ഏറ്റെടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചതായി എം.പി. പറഞ്ഞു.
ജില്ലയിലെ ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിന് ‘ബ്രാൻഡ് വയനാട് ടൂറിസം’ എന്ന ആശയം മുൻനിർത്തി ടൂറിസംമന്ത്രിയുമായി വിശദമായ ചർച്ചനടത്തും. പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമവകുപ്പ് മന്ത്രിയുമായി ഗോത്രവർഗമേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടത്തേണ്ട ഇടപെടലുകൾ ചർച്ചചെയ്തു. ജില്ലയിലെ ട്രൈബൽ യൂണിവേഴ്സിറ്റി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി വിപുലമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും പ്രായോഗികമായ പരിഹാരം കണ്ടെത്തി പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി. പറഞ്ഞു. വിവിധ പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, കളക്ടർ സി. ചെൽസാസിനി, എ.ഡി.എം. കെ. അജീഷ്, പി.എ.യു. പ്രോജക്ട് ഡയറക്ടർ ജി.പി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.