ജനമൈത്രി പോലീസ് കൂട്ടുചേർന്നു പുതുകാഴ്ചകളിൽ ചെട്ട്യാലത്തൂരിലെ കുട്ടികൾ

സുൽത്താൻബത്തേരി : വനഗ്രാമത്തിന്റെ കുളിരിൽനിന്ന് പോലീസ് വാഹനത്തിൽ ഇതുവരെ കാണാത്ത തീവണ്ടിയിലേക്കും കടലിന്റെ നീലിമയിലേക്കുമായിരുന്നു ആ യാത്ര. കാഴ്ചകളെല്ലാം പുതുമയും കൂകിപ്പായുന്ന തീവണ്ടിയും അവർക്ക് ഇതുവരെയില്ലാത്ത ആനന്ദം പകരുകയായിരുന്നു. ചെട്ട്യാലത്തൂർ ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾക്കായി വയനാട് ജനമൈത്രി പോലീസാണ് കോഴിക്കോട്ടേക്ക് ഏകദിന ഉല്ലാസയാത്രയൊരുക്കിയത്. വനമധ്യത്തിലെ ഊരിൽ കഴിയുന്ന കുട്ടികൾക്ക് ആദ്യമായി കടൽക്കാഴ്ചകളും തീവണ്ടിയാത്രയും അവിസ്മരണീയമായി. പോലീസ് വാഹനത്തിലെ ആദ്യയാത്ര, ചുരത്തിലെ മനോഹര കാഴ്ചകൾ, തീവണ്ടിയുടെ കൗതുകം, കടൽക്കാറ്റിന്റെ കുളിർമയിൽ ബേപ്പൂർ ബീച്ചിലെ ഉല്ലാസം, പ്ലാനറ്റേറിയത്തിലെ വിസ്മയങ്ങൾ തുടങ്ങി ഒരു ദിനം മുഴുവൻ ആവേശത്തേരിലായിരുന്നു കുട്ടികൾ. പോലീസുകാർക്കൊപ്പം നൃത്തംചെയ്തും പാട്ടുപാടിയും അവർ ആഘോഷിച്ചു.

പുറംലോകത്തെ പരിചയപ്പെടുന്നതിനൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി ഇടപഴകാനും കുട്ടികൾക്ക് അവസരമൊരുക്കിയായിരുന്നു യാത്രസംഘടിപ്പിച്ചത്. അധ്യാപകർ, സ്കൂൾ ജീവനക്കാർ, പി.ടി.എ. ഭാരവാഹികൾ എന്നിവരും പോലീസിനൊപ്പം യാത്രയുടെ ഭാഗമായി.

രാവിലെ സ്കൂളിൽ അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസ് സീനിയർ സി.പി.ഒ. ഡാനി സ്റ്റേഷനിലെ പ്രവർത്തനങ്ങളും കാഴ്ചകളും പരിചയപ്പെടുത്തി. തീവണ്ടി യാത്രയ്ക്കിടെ ലോക്കോ പൈലറ്റ് സുബിൻ ജോസഫ് കുട്ടികളുമായി വിശേഷങ്ങൾ പങ്കിട്ട് മധുരപലഹാരങ്ങൾ സമ്മാനിച്ചു. ബിരിയാണിയടക്കം ഇഷ്ടഭക്ഷണങ്ങൾ ആസ്വദിച്ച് കുട്ടികൾ ബേപ്പൂർ ബീച്ചിലെ കടൽക്കാഴ്ചകളിൽ ആവേശം കൊണ്ടു. കോഴിക്കോട് പോലീസ് കൺട്രോൾ റൂമിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. അഡീഷണൽ എസ്.പി. കുട്ടികളുമായി സംവദിക്കുകയും പോലീസ് മ്യൂസിയം സന്ദർശിക്കുകയുംചെയ്തു. കുട്ടികളുടെ ജീവിതത്തിൽ എക്കാലവും ഓർത്തുവെക്കാവുന്ന ഓർമ്മകൾ സമ്മാനിച്ച യാത്രയ്ക്ക് ജനമൈത്രി അസി. നോഡൽ ഓഫീസർ എൻ.കെ. ദാമോദരൻ, എസ്.സി.പി.ഒ. മാരായ പി. കമറുദ്ദീൻ, ബി. പ്രശാന്ത്, ശ്രീജിത്ത്, സി.പി.ഒ. മാരായ സിയാദ് സൽമാൻ, സി.എം. ആതിര, പ്രധാനാധ്യാപകൻ പി. ബിജു, അധ്യാപകരായ മിഥുല ജോണി, ജെയിൻ ബേബി, പി.ടി.എ. പ്രസിഡന്റ് സുരേഷ്, ജീവനക്കാരായ ജിസ്റ്റി കെ. ജോർജ്, ഗീത എന്നിവർ നേതൃത്വംനൽകി.