മഞ്ഞണിഞ്ഞ് മഞ്ഞുമല

അമ്പലവയൽ : മഞ്ഞിൽപ്പുതഞ്ഞ മലനിരകൾ, തണുത്തകാറ്റിൽ കുളിച്ച പ്രഭാതങ്ങൾ, പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് മലകയറാൻ സഞ്ചാരികളുടെ ഒഴുക്ക്... ഡി.ടി.പി.സി.ക്കുകീഴിലുള്ള ചീങ്ങേരിമല ട്രെക്കിങ്ങിന് തിരക്കേറുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ സഞ്ചാരികളുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനയുണ്ടായതോടെ ചീങ്ങേരിമല സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറുകയാണ്. 2025 ഒക്ടോബർ ഒന്നുമുതൽ 21 വരെ 1924 സഞ്ചാരികൾ എത്തിയ സ്ഥാനത്ത് ഇത്തവണ 4476 സഞ്ചാരികളാണ് എത്തിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ലഭിച്ച അവധിദിനങ്ങളിലാണ് മലയിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്കുണ്ടായത്. 1340 സഞ്ചാരികളാണ് അഞ്ചുദിവസംകൊണ്ട് മലകയറിയത്.

പ്രകൃതിയുടെ ശാന്തതയും മലമുകളിലെ കാഴ്ചകളുമാണ് ചീങ്ങേരിമലയിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കുന്നത്. നഗരജീവിതത്തിന്റെ തിരക്കുകളിൽനിന്നും ശബ്ദകോലാഹലങ്ങളിൽനിന്നും മാറി പ്രകൃതിയോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നവരുടെ തിരഞ്ഞെടുപ്പായി ഈ മലനിരകൾ മാറുന്നു. പുലർച്ചെയുള്ള ട്രെക്കിങ്ങും മഞ്ഞിൽപ്പൊതിഞ്ഞ മലനിരകളുടെ കാഴ്ചകളും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. രാവിലെ 5.30 മുതൽ വൈകീട്ട് ആറുമണിവരെയാണ് പ്രവേശനം.

മഞ്ഞിൽക്കുളിച്ച പ്രഭാതം

പുലർച്ചെ മലകയറുന്നവരെ വരവേൽക്കുന്നത് മഞ്ഞിൽപ്പൊതിഞ്ഞ പ്രകൃതിയുടെ മനോഹരമായ കാഴ്ചകളാണ്. സൂര്യപ്രകാശം മലനിരകളിലേക്ക് പതിച്ചുതുടങ്ങുമ്പോൾ മാറിമറിയുന്ന പ്രകൃതിദൃശ്യങ്ങൾ ക്യാമറയിൽ പകർത്താനും കാഴ്ചകൾ ആസ്വദിക്കാനും സഞ്ചാരികൾ സമയംകണ്ടെത്തുന്നു. ട്രെക്കിങ്ങിനൊപ്പം ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ള യുവാക്കൾക്കും പ്രകൃതിസ്നേഹികൾക്കും ചീങ്ങേരിമല ആകർഷണകേന്ദ്രമാകുന്നു.

വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും മലകയറാനെത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളും കുടുംബസമേതമുള്ള സന്ദർശനങ്ങളും ട്രെക്കിങ് സംഘങ്ങളുടെ വരവും ചീങ്ങേരിയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കൂടുതൽ ഉണർവുപകരുന്നു.

മലമുകളിൽ ഒരു രാത്രി; ചെലവ് 250 രൂപ

ചീങ്ങേരിമലയിലെത്തുന്നവർക്ക് പ്രകൃതിഭംഗി ആസ്വദിച്ച് കൂടുതൽസമയം ചെലവഴിക്കാനുള്ള സൗകര്യവുമുണ്ട്. ഒരാൾക്ക് 250 രൂപ നിരക്കിൽ മലമുകളിലെ ഡോർമിറ്ററിയിൽ താമസിക്കാം. ടെൻറിൽ താമസിക്കാനുള്ള അവസരവുമുണ്ട്. 500 രൂപയാണ് നിരക്ക്. കുറഞ്ഞത് അഞ്ചുപേർ ഉണ്ടെങ്കിലേ ടെന്റ് താമസസൗകര്യം കിട്ടൂ. ടിക്കറ്റ് കൗണ്ടറിനുസമീപമാണ് ഡോർമിറ്ററി സൗകര്യം. കുറഞ്ഞചെലവിൽ താമസസൗകര്യം ലഭിക്കുന്നത് സഞ്ചാരികൾക്ക് ഗുണമാണ്. മലമുകളിലെ അന്തരീക്ഷവും പുലർച്ചെയുള്ള കാഴ്ചകളും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് താമസസൗകര്യം പ്രയോജനകരമാകുന്നു.

നൈറ്റ്‌ ട്രെക്കിങ്ങുള്ള ഏകകേന്ദ്രമാണ് ചീങ്ങേരിമല

വയനാടിന്റെ എല്ലാഭാഗങ്ങളും കൂടാതെ, തമിഴ്നാട്, കർണാടക അതിർത്തി മലനിരകളും ഇവിടെനിന്ന് 360 ഡിഗ്രിയിൽ ആസ്വദിക്കാം. കേരളത്തിൽ നൈറ്റ്‌ ട്രെക്കിങ്ങുള്ള ഏകകേന്ദ്രമാണ് ചീങ്ങേരിമല. ക്യാമ്പ് ഫയർ, മറ്റ് സാഹസിക-വിനോദപരിപാടികൾക്ക് അനുയോജ്യമായ സ്ഥലവുമാണിത്. ടിക്കറ്റ് നിരക്ക് 50 രൂപയാണ്. കാരപ്പുഴ അമ്പലവയൽ റോഡിൽനിന്ന്‌ 400 മീറ്റർ സഞ്ചാരിച്ചാൽ ചീങ്ങേരിമല ടിക്കറ്റ് കൗണ്ടറിൽ എത്തിച്ചേരാം. അവിടെനിന്ന്‌ ഒരുകിലോമീറ്റർ സഞ്ചാരിച്ചാൽ മലമുകളിൽ എത്താം.

ലുക്കാ ഫ്രാൻസിസ്,

മാനേജർ, ചീങ്ങേരി സാഹസിക ടൂറിസംകേന്ദ്രം അമ്പലവയൽ