അർജന്റീനയ്ക്ക് തിരിച്ചറിവോ തിരിച്ചുവരവോ? കാത്തിരിക്കുന്ന കിക്കി മാജിക്
ലോകകപ്പിനുശേഷം തലകൾ ഒരുപാട് ഉരുണ്ടു. കുറേ താരങ്ങൾ അരങ്ങൊഴിഞ്ഞു. കോച്ചുകൾ പലരുടെയും തൊപ്പി തെറിച്ചു. സിദാനെ പോലെ പുതിയ മുഖങ്ങൾ വന്നു. ഫൈനലിലെ നാണംകേടിനുശേഷം, അർജന്റീനയിലും പ്രതീക്ഷിച്ചിരുന്നു, വലിയ മാറ്റങ്ങൾ. ചില്ലറ പൊട്ടലും ചീറ്റലും വിവാദങ്ങളുമല്ലാതെ, അവിടെ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. മെസ്സിയുടെ വിടവാങ്ങൽ ഉണ്ടായില്ല. കോച്ച് സ്‌കളോണിയുടെ തൊപ്പി തെറിച്ചില്ല. പക്ഷേ, ഒന്നുറപ്പാണ്. അർജന്റീന ടീമിൽ ഒരു ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും വൈകാതെ ഉണ്ടാകും. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വയസ്സൻ പടകളിൽ ഒന്നാണ്, മുപ്പത്തിയൊൻപതുകാരനായ മെസ്സിയുടെ നേതൃത്വത്തിൽ, ഫൈനൽ വരെ കളിച്ചു മടങ്ങിയത്. ഒരു തലമുറമാറ്റം അവിടെ ആസന്നമാണെന്ന് വ്യക്തം.
അതിലൊരു ശുഭസൂചനയുണ്ട്. സത്യത്തിൽ അർജന്റീന തയ്യാറെടുക്കുന്നത് ഒരു തലമുറ മാറ്റത്തിന് മാത്രമല്ല, വിപ്ലവകരമായൊരു നിറംമാറ്റത്തിന് കൂടിയാണെന്നു വേണം കരുതാൻ. ഈ ലോകകപ്പിൽ കളിച്ച 48 ടീമുകളിൽ കറുത്ത വർഗക്കാർ പേരിനുപോലുമില്ലാത്ത അപൂർവം ടീമുകളിൽ ഒന്നായിരുന്നു അർജന്റീന. കറുത്തവരെ കളിപ്പിക്കാത്ത ഏക ലിറ്റനമേരിക്കൻ ടീമും. ഇപ്പോൾ ഈ കളങ്കം മാറ്റാൻ ഒരുങ്ങുകയാണവർ. ഇപ്പോൾ ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഏതാണ്ട് അര നൂറ്റാണ്ടിനുശേഷം ഒരു കറുത്ത വർഗക്കാരൻ അർജന്റീനയുടെ നീലവരയൻ കുപ്പായത്തിൽ ഇറങ്ങിയേക്കും. മെസ്സിയും ടാഗ്ലിയാഫിക്കോയും മൊളീനയും ഓട്ടമൻഡിയും ഡി പോളും അടക്കം അര ഡസൻ താരങ്ങൾ അരങ്ങൊഴിയുമ്പോൾ ആ ഒഴിവു നികത്താൻ ഒരു ഡസനിലേറെ പ്രതിഭാധനരായ യുവതാരങ്ങൾ കാത്തിരിപ്പുണ്ട്. ഈ നിരയിൽ, ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നയാളാണ്, പതിനേഴുകാരനായ കിക്കി റാമോസ്. ഇടതുവിങ്ങറാണ്. എന്നുവെച്ചാൽ ഏഞ്ചൽ ഡി മരിയ വിരമിച്ചശേഷം ഒഴിഞ്ഞുകിടക്കുന്ന ഇടം. ഇക്കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ ഏറ്റവും ദുർബലമായ കണ്ണി. ഈ ഒഴിവു നികത്താനാണ് അർജന്റീനയുടെ അണ്ടർ-17 ടീമിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞ കിക്കി റാമോസ് ഒരുങ്ങുന്നത്.
ഹെയ്ത്തി വംശജനാണ് കിക്കി. 2010ൽ ഭൂകമ്പം ദുരിതം വിതയ്ക്കുമ്പോൾ ഒൻപത് മാസം മാത്രമായിരുന്നു പ്രായം. അന്നു തന്നെ കുടുംബത്തിന് അർജന്റീനയിലേയ്ക്ക് കുടിയേറാനും കിക്കിയെ ദത്ത് നൽകാനുമൊക്കെ പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ഭൂകമ്പം എല്ലാം തകർത്തെറിഞ്ഞു. ദിവസങ്ങളോളം കുഞ്ഞു കിക്കിയെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഏറെ പണിപ്പെട്ടാണ് ജീവനോടെ കണ്ടെത്തിയത്. പിന്നീട് ദുരിതാശ്വാസക്യാമ്പിലും അനാഥമന്ദിരത്തിലുമായിരുന്നു വാസം. അവിടെ നിന്നാണ് അർജന്റീനയിലേയ്ക്ക് അഭയം തേടിപ്പോയത്. അവിടെ അവർക്ക് രക്ഷാകർത്താക്കളായി ഫ്രാൻസിസ്‌കോ എന്നൊരു ഡോക്ടറും കുടുംബവും ഉണ്ടായിരുന്നു. അവർ കുഞ്ഞു കിക്കിയെ നിയമാനുസൃണം ദത്തെടുത്തു. അങ്ങനെ അവൻ അർജന്റീനയുടെ വളർത്തുപുത്രനായി. ഫിഫയുടെ നിയമമനുസരിച്ച് അർജന്റീനയ്ക്കുവേണ്ടി കളിക്കാനും യോഗ്യനായി. കുട്ടിക്കാലത്ത് ആവർത്തിച്ചുപറഞ്ഞുകൊണ്ടിരുന്ന കിക്കി എന്ന വാക്കിൽ നിന്ന്, അവർ അവനൊരു പേരും കൊടുത്തു. അവനെ കളിക്കളത്തിലേയ്ക്ക് ആനയിച്ചതും, അർജന്റീന പ്രീമിയർ ഡിവിഷനിലെ വെലെസ് സാഴ്സ്ഫീൽഡിന്റെ അക്കാദമിയിൽ ചേർത്തതുമൊക്കെ അവരായിരുന്നു.
ടീമിനുവേണ്ടി ഈ വർഷം മാത്രം പന്ത്രണ്ട് ഗോൾ നേടിക്കഴിഞ്ഞു കിക്കി. തുടർച്ചയായി ആറ് മത്സരങ്ങളിൽ ലക്ഷ്യംകണ്ടു. ഫുട്ബോൾ വിദഗ്ധരുടെ കണ്ണിൽ പതിഞ്ഞു തുടങ്ങിയത് അങ്ങനെയാണ്. ഈ കളി കണ്ടാണ് കോച്ച് ഡീഗോ പ്ലാസന്റെ അർജന്റീനയുടെ അണ്ടർ-17 ടീമിന്റെ ക്യാമ്പിലേയ്ക്കുള്ള ക്ഷണംവച്ചുനീട്ടുന്നത്. കണക്കുകൂട്ടലുകൾ തെറ്റിയില്ല. എക്വഡോറിനെ 2-1ന് തോൽപിച്ച മത്സരത്തിലായിരുന്നു നീലവരയൻ കുപ്പായത്തിലുള്ള അരങ്ങേറ്റം. ഒറ്റ മത്സരം കൊണ്ടുതന്നെ ഫുട്ബോൾ വിദഗ്ദരുടെ കണ്ണിൽ പതിഞ്ഞുകഴിഞ്ഞു കിക്കി. അർജന്റീന കാത്തിരുന്ന വിങ്ങർ എന്നാണ് ഭൂരിപക്ഷം പേരും വിലയിരുത്തിയത്. വേഗതയും വൺ ഓൺ സ്‌കില്ലും മെച്ചപ്പെട്ടുവരുന്ന ഫിനിഷിങ്ങുമായിരുന്നു കരുത്ത്. കളിശൈലിയിൽ സ്പെയിനിന്റെ വിങ്ങർ നിക്കോ വില്ല്യംസുമായിട്ടാണ് ആളുകൾ താരതമ്യം ചെയ്ത്. വേഗതയിലും പന്തടക്കത്തിലും എംബാപ്പെയുടെ പകർപ്പെന്നും പലരും വിലയിരുത്തി. ഡി മരിയ ഇല്ലാത്ത കാലത്ത് ആ ഒഴിവ് നികത്താൻ പോന്ന കറകളഞ്ഞ സാന്നിധ്യമായി അവൻ. എല്ലാ അർഥത്തിലും അർജന്റീന കാത്തിരുന്ന ഒരു താരോദയമായിരുന്നു അത്. ഇതുവരെ വെലെസിന്റെ ഒന്നാംനിരയിൽ ഇടം നേടിയിട്ടില്ല കിക്കി. പക്ഷേ, അർജന്റീന അണ്ടർ-17 ടീമിലെ പ്രകടനം ലോക ശ്രദ്ധിച്ചുതുടങ്ങി. നിക്കോളസ് ഗോൺസാലസിനെയും തിയാഗോ അൽമാഡയെയുമെല്ലാം പരീക്ഷിച്ചുവരുന്ന കാലത്ത് വരുംകാലത്തേയ്ക്കുള്ള വലിയ മുതൽക്കൂട്ടായി കിക്കിയെ ഇപ്പോൾ തന്നെ പരിഗണിച്ചുതുടങ്ങിയിട്ടുണ്ട്. ഇനി പന്ത് കിക്കിയുടെ കാലിലാണ്. വലിയ പ്രതീക്ഷയോടെ ഉദിച്ച് മാഞ്ഞുപോയ അനേകം താരങ്ങളിൽ ഒന്നാകാതിരക്കാനുള്ള ബാധ്യത കിക്കിയുടേതാണ്. വരുന്ന ഡിസംബറിൽ ഖത്തറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് കാത്തിരിക്കുന്നത് കിക്കിയുടെ മാജിക്കിന് കൂടിയാവും.
ടീം അർജന്റീന ആയതുകൊണ്ടു തന്നെ അത്ര എളുപ്പമല്ല കിക്കിക്ക് കാര്യങ്ങൾ. വർണ, വംശീയ വെറിയുടെ കാര്യത്തിൽ ചുവപ്പ് കാർഡ് കിട്ടേണ്ട രാജ്യമാണ് അർജന്റീന. ചരിത്രത്തിൽ ഇതുവരെ നാല് ആഫ്രിക്കൻ വംശജർക്ക് മാത്രമാണ് അർജന്റീനയുടെ നീലക്കുപ്പായം വച്ചുനീട്ടിയത്. അടിമക്കച്ചവടവുമായി എത്തിയ അലസാൻഡ്രോ ഡെ ലോ സാന്റോസായിരുന്നു അഗ്രഗാമി. സൗത്ത് അമേരിക്കൻ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു. പക്ഷേ, തൊലിയുടെ നിറം കൊണ്ട് തന്നെ പിൽക്കാലത്ത് ചരിത്രത്തിൽ നിന്നു തന്നെ അപത്യക്ഷനുമായി. ഏറ്റവും പ്രതിഭാധനനായ സ്ട്രൈക്കറെന്ന് വാഴ്ത്തപ്പെട്ട കാലത്ത് തന്നെ 1930ലെ ആദ്യ ലോകകപ്പിനുള്ള ടീമിൽ ഇടം നേടാനായില്ല. ഇന്ന് അർജന്റീന ഫുട്ബോളിന്റെ ചരിത്രത്തിൽ നിന്നു പോലും നിഷ്‌കാസിതനായി.
ഹൊസെ റാമോസ് ഡെൽഗാഡോയായിരുന്നു രണ്ടാമത്തെ കറുത്ത വർഗക്കാരൻ. അർജന്റീന ടീമിന്റെ നായകനായിരുന്നു. ഇരുപത്തിയഞ്ച് മത്സരങ്ങളിൽ നീലക്കുപ്പായമണിഞ്ഞിട്ടുണ്ട് എൽ നെഗ്രോ എന്ന് അർജന്റീനക്കാർ അക്കാലത്ത് സ്നേഹത്തോടെ വിളിച്ചിരുന്ന ഡെൽഗാഡോ. ഒരു കാലത്ത് ലാറ്റിനമേരിക്കൻ ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ ഡിഫൻഡർ എന്നായിരുന്നു കീർത്തി. സാന്റോസിൽ പെലെയ്ക്കൊപ്പവും കളിച്ചിട്ടുണ്ട്. ബ്രസീലിയൻ യൂത്ത് സെൻസേഷനായ റൊബീന്യോയെ കണ്ടെത്തിയതും ഡെൽഗാഡോയാണ്. കേപ് വെർദെയിൽ നിന്ന് കുടിയേറിയെത്തിയ ഡെൽഗാഡോയും പിൽക്കാലത്ത് അർജന്റീനയുടെ മുഖ്യധാരയിൽ നിന്ന് അപ്രത്യക്ഷമാവുന്നത് നമ്മൾ കണ്ടു.
1978 ആദ്യമായി ലോകകപ്പ് നേടിയ ടീമിലുമുണ്ടായിരുന്നു ഒരു കറുത്ത വർഗക്കാരൻ. ഗോൾകീപ്പർ ഹെക്ടർ റൊഡോൾഫോ ബാലെ. അർജന്റീനയ്ക്കുവേണ്ടി 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട് സെനഗൽ വംശജനായ ഹെക്ടർ. ഉദിച്ചുനിൽക്കുന്ന കാലത്ത് ഡീഗോ മാറഡോണയുടെ പെനാൽറ്റി തടഞ്ഞതിന്റെ ഖ്യാതിയും സ്വന്തമാണ് കറുത്ത തൊലി കാരണം ചോക്ലേറ്റ് എന്ന വിളിപ്പേര് കിട്ടിയ ഹെക്ടർക്ക്.
റോബർട്ടോ അയാളയ്ക്കും ഹാവിയർ മഷറാനോയ്ക്കുമൊപ്പം അർജന്റീനയ്ക്കുവേണ്ടി ഒളിമ്പിക് സ്വർണം നേടിക്കൊടുത്ത താരമാണ് ക്ലെമന്റ് യുവാൻ റോഡ്രിഗസ്. ഫൈനലിൽ സബ്സ്റ്റിറ്റിയൂട്ടായി കളത്തിറങ്ങുകയും ചെയ്തു. 2010ലെ ലോകകപ്പ് ടീമിലും ക്ലമന്റ് ഇടം നേടിയിരുന്നു. പക്ഷേ, കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
ക്ലബ് തലത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചിട്ടും തൊലിയുടെ നിറം കാരണം ദേശീയ ടീമിൽ ഇടം നേടാൻ കഴിയാതെ പോയവരാണ് ബ്ലാക്ക് അർജന്റീനക്കാർ ഏറെയും. അർജന്റീനയിൽ ജനിച്ചയാളാണ് ഫിയോറന്റീനയുടെ ഇതിഹാസം മിഗ്വൽ മൊൺടൗറി. ജന്മനാട്ടിൽ അവസരം കിട്ടാതെ ഇറ്റലിക്കുവേണ്ടിയാണ് മൊൺടൗറി കുപ്പായമണിഞ്ഞത്.
പിന്നെയുമുണ്ട് താരങ്ങൾ. സീരി എയിലും ലാ ലീഗയിലും തിളങ്ങിയ കേപ് വെർദെക്കാരായ ഫെർണാണ്ടോ ടിസ്സോൺ, സഹോദരൻ ക്രിസ്റ്റിയൻ ഹെർനൻ ടിസ്സോൺ, കളിക്കൊപ്പം റെയിൽവെ ട്രാക്കിൽ തൂപ്പകാരനായി ജോലി ചെയ്ത വിൽസൺ ഡെൽ വാല്ലെ സെവെറിനോ, ഗോൾയന്ത്രമായിരുന്ന വിങ്ങർ ഫക്കുണ്ടോ എസ്‌ക്വിൽ സിൽവ, ഈ ലോകകപ്പ് കളിക്കാനുള്ള കേപ് വെർദെയുടെ ഓഫർ തള്ളിക്കളഞ്ഞ് നൂറ് ശതമാനം അർ'ജന്റീനക്കാരനാണെന്ന് പ്രഖ്യാപിച്ച അയർട്ടൺ കോസ്റ്റ. പാരിസ് ഒളിമ്പിക്സിൽ കളിച്ച ബൊട്ടാഫോഗോയുടെ ക്രിസ്റ്റിയൻ മെഡിന, പരാഗ്വായിലേയ്ക്ക് കൂടുമാറിയ ഹെക്ടർ ഡേവിഡ് മാർട്ടിനെസ്... ഇവർക്കാർക്കുമില്ലാത്ത സൗഭാഗ്യം കിക്കിയെ തേടിയെത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
എന്നാൽ, അർജന്റീനയുടെ ചരിത്രം പരിശോധിച്ചാൽ, അത് അത്ര എളുപ്പമല്ല. അത്ര മോശമാണ് കളിക്കളത്തിന് അകത്തും പുറത്തുമുള്ള വർണ, വംശവെറിയുടെ കാരത്തിലുള്ള അവരുടെ ട്രാക്ക് റെക്കോഡ്.
കറുത്ത വർഗക്കാർക്ക് നിർണായക സ്വീധനമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു അർജന്റീനയിൽ. ഒരു കാലത്ത് ചില നഗരങ്ങളിൽ ജനസംഖ്യയുടെ അമ്പത് ശതമാനത്തോളമുണ്ടായിരുന്നു ബ്ലാക്ക് അർജന്റീനക്കാർ. അർജന്റീനയുടെ സാംസ്‌കാരികരംഗത്തും അവർ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. ഇന്ന് രാജ്യത്താകമാനം ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രമാണ് കറുത്ത വർഗക്കാരുള്ളത്. യുദ്ധങ്ങളും മഹാമാരികളുമാണ് അവരുടെ സംഖ്യ കുറയാനുള്ള ആദ്യകാലത്തെ കാരണങ്ങൾ. പ്രസിഡന്റായിരുന്ന ഡൊമിനിഗോ ഫൗസ്റ്റിനോയുടെ കാലത്ത് ആഫ്രോ-അർജന്റൈൻ വംശാവലിയെ മായ്ച്ചുകളയാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ആരംഭിച്ചു. കണക്കെടുപ്പുകളിൽ നിന്ന് അവർ പുറത്തായി. ഇക്കാലത്ത് സർക്കാർ യൂറോപ്പിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റവും പ്രോത്സാഹിപ്പിച്ചുതുടങ്ങി. ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നുമുള്ളവർ വൻതോതിൽ വന്നിറങ്ങിയതോടെ കറുത്ത വർഗക്കാർ വീണ്ടും ഒതുക്കപ്പെട്ടു. വർണവെറിയും വംശവെറിയും ശക്തിപ്രാപിച്ചു. രാജ്യത്ത് കറുത്തവർഗക്കാരില്ലെന്നും അതൊക്കെ ബ്രസീലിനെ ബാധിക്കുന്ന വിഷയമാണെന്നുപോലും പറഞ്ഞൊരു പ്രസിഡന്റ് ഉണ്ടായിരുന്നു. കാർലോസ് മെനം.
ഈ വെല്ലുവിളികളൊക്കെ ഇപ്പോഴും നിലനിൽക്കുണ്ട്. പൂർവാധികം ശക്തിയോടെ തന്നെ. കളിക്കളത്തിലെ എതിരാളികളെ മാത്രമല്ല, ഈ വെല്ലുവിളികളെയും മറികടക്കേണ്ടതുണ്ട് കിക്കി റാമോസിന്. എങ്കിൽ മാത്രമേ തിയാഗോ ഫെർണണ്ടാസ്, ഡിലൻ അക്യുനോ, ജാനോ ഗോർഡൻ, സാന്റിയാനോ അൻഡിനോ, എസ്‌ക്വിൽ സെബലോസ് എന്നിവരെയൊക്കെ മറികടന്ന് നീല വരയൻ കുപ്പായത്തിൽ കളിക്കാനാവൂ. ഫ്രാൻസിന്റെ തലമാറ്റം പോലെ എളുപ്പമല്ല, അർജന്റീനയ്ക്ക് നിറംമാറ്റമെന്ന് സാരം.
Content Highlights: kiki ramos haiti born argentina u17 winger player story