ഇന്ത്യൻ ഫുട്ബോളിനെ കൊല്ലാൻ ആരുടെ ക്വട്ടേഷൻ? ഇന്ത്യയെ കരകയറ്റുമോ ബ്രസീലും കേപ് വെർദെയും? | Video
അഷ്ടിക്ക് വകയില്ല. അങ്ങനെയൊരാൾ മകന്റെ കല്ല്യാണത്തിന് നൃത്തം ചെയ്യാൻ ഷാരൂഖ് ഖാനെ ക്ഷണിച്ചാലോ. അതുപോലെയാണത്രെ ഇന്ത്യ ബ്രസീലിയൻ ഫുട്ബോൾ ടീമിനെ കാശ് കൊടുത്ത് കളിക്കാൻ കൊണ്ടുവരുന്നത്. ഉപമ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളുടേതാണ്. ബൈച്ചുങ് ബൂട്ടിയയുടെ. പരിഹാസത്തിൽ പതിരുണ്ടാവാം. പക്ഷേ, അതിൽ ഒളിഞ്ഞിരിക്കുന്ന രസിക്കാത്ത സത്യം കാണാതെ പോകരുത്. പക്ഷേ, അതിലും കുറിക്കുകൊള്ളുന്ന മറ്റൊരു ഉപമയുമില്ല, ഇന്ത്യൻ ഫുട്ബോളിന്റെ വർത്തമാനകാല സാഹചര്യത്തിനെന്ന് നമ്മൾ അംഗീകരിച്ചേ പറ്റൂ.
ആവേശകരമാണ് ബ്രസീലിന്റെയും കേപ് വെർദെയുടെയും ഉറുഗ്വെയുടെയുമൊക്കെ വരവ്. തരിമ്പും തർക്കമില്ലതിൽ. സ്വപ്നതുല്ല്യമാണത്. തോറ്റാലും ജയിച്ചാലും അവിസ്മരണീയമായൊരു രാത്രി തന്നെയാവും അത് ഇന്ത്യയ്ക്ക് സമ്മാനിക്കുക. പക്ഷേ, ഒരൊറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോൾ മാറിമറിയുമോ ഇന്ത്യൻ ഫുട്ബോൾ. ആ ചോദ്യമാണ് തർക്കവിഷയം. ബ്രസീലും കേപ് വെർദെയുമെല്ലാം വരുന്നതല്ല. അവരെ കൊണ്ടുവരാൻ കണ്ട നേരവും കാലവുമാണ് പ്രശ്നം.
വടക്ക്, വരാൻ പോകുന്ന ബ്രസീലിനെ ചൊല്ലിയും, തെക്ക്, വരാതെ പോയ മെസ്സിയെചൊല്ലിയും നടക്കുന്ന തർക്കങ്ങൾക്കിടയിൽ ശയ്യാവലംബിയാണിന്ന് ഇന്ത്യൻ ഫുട്ബോൾ. ഇതൊരു ദോഷൈകദൃഷ്ടിയല്ല. വസ്തുതയാണ്. രസിക്കാത്ത ഈ സത്യം പലർക്കും ദഹിക്കില്ലെങ്കിലും, പകൽ പോലെ സ്പഷ്ടമാണ് അതിനുള്ള തെളിവുകൾ.ഫിഫയുടെ ആഗോള റാങ്കിങ്ങെടുത്താൽ, 211 രാജ്യങ്ങളിൽ 138-ാമതാണ് നമ്മൾ. ഈ നിലയൊന്ന് മെച്ചപ്പെടുത്തണമെങ്കിൽ എവിടെയെങ്കിലും പോയി കൊള്ളാവുന്ന ഒരു ടൂർണമെന്റ് കളിക്കണം. പക്ഷേ, ഇന്ന് അതിനിടമില്ല. ടൂർണമെന്റുകളില്ല. ബ്രസീലിന്റെ വരവിന്റെ പേരുപറഞ്ഞ് ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യ സ്വയം പിൻവാങ്ങി. പിന്നെയുള്ളത് ഏഷ്യൻ ഗെയിംസായിരുന്നു. വിനോദയാത്ര വേണ്ടെന്നു പറഞ്ഞ് സർക്കാർതന്നെ ആ ചീട്ട് കീറി. സൗഹൃദ കളികളൊന്നും ഫിഫ എണ്ണത്തിൽക്കൂട്ടില്ല. ഈ കളി കണ്ട് നാട്ടിലെ കളിയോ കളിക്കാരോ വളരുമെന്നാണ് പ്രതീക്ഷയെങ്കിൽ അവിടെയും നിരാശ തന്നെയാണ് ഫലം. നാട്ടിലെ കളികൾ ഒന്നൊഴിയാതെ കട്ടപ്പുറത്താണ്. എൺപത്തിയാറിൽ ലോകകപ്പ് നേടിയ അർജന്റീന ടീമും ഉറുഗ്വെയുടെ എൻസോ ഫ്രാൻസിസ്കോലിയും ഡെൻമാർക്കിന്റെ ബ്രയാൻ ലാഡ്രൂപ്പും ഹംഗറിയുടെ ലാസ്ലോ കിസും റഷ്യയുടെ ലെജൻഡറി ഗോൾകീപ്പർ ദാസയേവും അലക്സി മിഖാലിചെങ്കോയും ഇഗർ ബെലനോവുമെല്ലാം കളിച്ച നെഹ്റു കപ്പ് എന്നോ വിസ്മൃതിയിലായി. സന്തോഷ് ട്രോഫി നടക്കുന്നത് പോലും നാലാളറിയുന്നില്ല. പോയ വർഷം കോടതിയുടെ കനിവ് കാത്തുകഴിയേണ്ടിവന്നു ഐഎസ്എൽ എന്ന നമ്മുടെ പ്രീമിയർലീഗിന്. ഇക്കുറി നടത്തിപ്പിന് ആളുമില്ല. അർഥവുമില്ല. കളിക്കേണ്ടവർ ക്ലബ് തന്നെ കെട്ടിപ്പൂട്ടി വിറ്റുപെറുക്കി പോവുന്നു. ശേഷിക്കുന്നവരിൽ ചിലർ പാതിവിലയിട്ട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. ചിലർ നിന്നുപിഴയ്ക്കാൻ നെട്ടോട്ടമോടുന്നു. വിത്തുപാകി ഇരുപത്തിയഞ്ച് കൊല്ലമാവുമ്പൊഴേയ്ക്കും മണ്ടചീഞ്ഞ അവസ്ഥ. ഭാഗ്യം, പ്രാണൻ പൂർണമായി നിലച്ചിട്ടില്ല. പക്ഷേ, അകാലമൃതി ആസന്നമാണ്. ഈ മൃതപ്രാണനിലേയ്ക്കാണ് ബ്രസീൽ എന്ന ചെലവേറിയ ഒറ്റമൂലി പ്രയോഗം നടത്താൻ നമ്മുടെ ഫുട്ബോളിന്റെ കാര്യസ്ഥന്മാർ ശ്രമം നടത്തുന്നത്.
Content Highlights: Analyze the deep crisis in Indian football as the federation chases expensive friendlies like Brazil while ISL collapses and Tata exits