പരപ്പനങ്ങാടി സിസിയിൽ നിന്ന് KCL ജഴ്സിയിലേക്ക്: തൃശ്ശൂർ ടൈറ്റൻസിന്റെ പുതിയ പോരാളി | അബ്ദുൽ റമീസ്
ടെന്നിസ് ബോൾ ക്രിക്കറ്റിന്റെ ആവേശവേദികളിൽ നിന്ന് കേരള ക്രിക്കറ്റ് ലീഗ് (KCL) എന്ന വലിയ അവസരത്തിലേക്ക് എത്തുകയാണ് തൃശൂർ ടൈറ്റൻസ് താരം അബ്ദുൽ റമീസ്. ഒരുപാട് പ്രതിസന്ധികളും കഠിനാധ്വാനവും പിന്നിട്ടാണ് ഈ ഇടംകൈയൻ ബാറ്റർ തന്റെ ക്രിക്കറ്റ് സ്വപ്നത്തിലേക്ക് മുന്നേറുന്നത്. ഇത്തവണ തൃശൂർ ടൈറ്റൻസ് ടീമിന്റെ പ്രതീക്ഷകളിലൊരാളായാണ് റമീസ് KCL അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
ടെന്നിസ് ബോൾ ക്രിക്കറ്റിൽ സജീവമായിരിക്കെയാണ് പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബിലൂടെ റമീസിന് എ ഡിവിഷൻ ലീഗ് ക്രിക്കറ്റിലേക്ക് അവസരം ലഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി വരവറിയിച്ച താരം പിന്നീട് സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടി. ടെന്നിസ് ബോൾ ക്രിക്കറ്റിൽ നേടിയ അനുഭവവും ആക്രമണാത്മക ബാറ്റിങ്ങുമാണ് റമീസിന്റെ കരുത്ത്.
ഇന്ത്യയിലുടനീളം നിരവധി ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളിൽ കളിച്ച റമീസിന്റെ കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നാണ് ചാമ്പ്യൻസ് ലീഗ് T10-ലെ പ്രകടനം. വെസ്റ്റിൻഡീസ് താരം ഡ്വെയ്ൻ സ്മിത്ത് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ടൂർണമെന്റിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റമീസിന് ലക്ഷങ്ങൾ വിലമതിക്കുന്ന BMW ബൈക്കും സമ്മാനമായി ലഭിച്ചു. വിവിധ പ്രീമിയർ ലീഗുകളിൽ ശ്രദ്ധേയനായ താരം മൂന്ന് വർഷം എൻഎസ്കെ ട്രോഫിയിൽ മലപ്പുറത്തിനായും കളിച്ചിട്ടുണ്ട്.
ഇപ്പോൾ ആദ്യമായി കേരള ക്രിക്കറ്റ് ലീഗ് വേദിയിലെത്തുമ്പോൾ തൃശൂർ ടൈറ്റൻസിന്റെ ജഴ്സിയിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് റമീസിന്റെ ലക്ഷ്യം. KCL-ലെ പ്രകടനത്തിലൂടെ കൂടുതൽ വലിയ ക്രിക്കറ്റ് വേദികളിലേക്കുള്ള വാതിൽ തുറക്കാമെന്ന പ്രതീക്ഷയിലാണ് താരം. പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബ്, MDCA, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ലഭിക്കുന്ന പിന്തുണയും റമീസിന്റെ ഈ സ്വപ്നയാത്രയ്ക്ക് കരുത്താകുന്നു.
Content Highlights: Meet Abdul Ramees: Thrissur Titans' Secret Weapon in KCL