EXPLAINED | എന്താണ് ഈ ജിബ്‌ലി; മിയാസാക്കിയുടെ കലാവിരുത് ട്രെൻഡാകുമ്പോൾ
ഇൻസ്റ്റഗ്രാമിൽ, വാട്സ്ആപ്പ് സ്റ്റാറ്റസില് തുടങ്ങി പോസ്റ്റായും മീമുകളിലും പ്രൊഫൈൽ പിക്ചറുകളിലുമെല്ലാം ജിബ്‌ലിയാണ്. സ്വന്തം ചിത്രങ്ങൾ ജിബ്‌ലി രൂപത്തിലേക്ക് മാറ്റാൻ തിരക്കോട് തിരക്ക്. ആവശ്യക്കാരുടെ തള്ളിക്കയറ്റം മൂലം ഓപ്പണ്‍ എഐ സെര്‍വറുകളുടെ പ്രവര്‍ത്തനം പോലും മന്ദഗതിയിലായി. ഒടുക്കം ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യുന്നത് ഒന്ന് സാവധാനമാക്കൂമെന്ന് ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാൻ അഭ്യർഥിക്കേണ്ടിവരെ വന്നു. സത്യത്തിൽ എന്താണ് ഈ ജിബ്‌ലി ആനിമേഷൻ? എങ്ങനെയാണ് ഇതിപ്പോൾ ട്രെൻഡായത്?
എന്താണ് സ്റ്റുഡിയോ ജിബ്‌ലി?
ടോക്കിയോയിലെ കൊഗാനെയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോയാണ് സ്റ്റുഡിയോ ജിബ്‌ലി. 1985-ൽ ആനിമേറ്റർമാരും സംവിധായകരുമായ മിയാസാക്കി ഹയാവോ, തകഹാട്ട ഇസാവോ, നിർമ്മാതാവ് സുസുക്കി തോഷിയോ എന്നിവർ ചേർന്നാണ് സ്റ്റുഡിയോ സ്ഥാപിച്ചത്. കൈകൊണ്ട് വരച്ചുണ്ടാക്കുന്ന ഉയർന്ന നിലവാരമുള്ള ആനിമേറ്റഡ് ഫീച്ചർ ഫിലിമുകളിലൂടെ ലോകമെങ്ങും പ്രശസ്തമാണ് കമ്പനി. ഇവരുടെ ആനിമേഷൻ ശൈലി തന്നെ വ്യത്യസ്തമാണ്. ഇളം നിറങ്ങൾ, ലളിതമായ കഥാപാത്ര രൂപകൽപ്പന, വിശദമായ പശ്ചാത്തലം, സ്വപ്നം പോലെ തോന്നിക്കുന്ന മാന്ത്രിക രംഗങ്ങൾ അങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതാണ് ഇവരുടെ കലാവിരുത്.
പോന്യോ, മൈ നെയ്ബർ ടോട്ടോറോ, സ്പിരിറ്റഡ് എവേ, ഹൗൾസ് മൂവിംഗ് കാസിൽ, പ്രിൻസസ് മൂണൂക്കെ, കിക്കീസ് ഡെലിവറി സർവീസ് തുടങ്ങിയ സിനിമകൾക്കെല്ലാം പിന്നിൽ ഗിബ്ലിയാണ്. മിയാസാക്കിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘമാളുകളുടെ വലിയ അധ്വാനമാണ് ഈ കലാസൃഷ്ടിക്കെല്ലാം പിന്നിൽ. ദി വിൻഡ് റൈസസ് എന്ന സിനിമയുടെ ഓരോ ഫ്രെയിമും കൈകൊണ്ട് വരച്ച് നിറങ്ങൾ നൽകി പൂർത്തിയാക്കിയതാണ്. ഈ സിനിമയിലെ തിരക്കേറിയ വിപണിയെ ചിത്രീകരിക്കുന്ന ഒരു രംഗം പൂർത്തിയാക്കാൻ ഒരു വർഷത്തിലധികം സമയമെടുത്തെന്നാണ് വിവരം. കഴിഞ്ഞ വർഷം, ഏഷ്യയുടെ നൊബേൽ സമ്മാനമെന്നറിയപ്പെടുന്ന റാമോൺ മാഗ്‌സസെ അവാർഡ് മിയാസാക്കിക്ക് ലഭിച്ചിരുന്നു.
രൂപഭാവങ്ങളിലെ ഭംഗിയേക്കാൾ കൂടുതലാണ്, ജിബ്‌ലി ആനിമേഷനിലെ ഗൃഹാതുരത്വം, അത്ഭുതം, പ്രകൃതിയുമായും ആളുകളുമായും ശക്തമായ ബന്ധം തുടങ്ങിയവയെല്ലാം. അതുകൊണ്ട് തന്നെ ഏത് പ്രായക്കാർക്കും ഇതിനോട് ഇഷ്ടം തോന്നും. ഇപ്പോഴത്തെ മിക്ക സിനിമകളിലും നമ്മൾ കാണുന്ന സ്ലീക്ക്, ഹൈടെക് ആനിമേഷൻ ശൈലികളിൽ നിന്ന് വ്യത്യസ്തമാണിത്. കൈകൊണ്ട് വരച്ചതായതിനാൽ ആവർത്തിക്കാനും പ്രയാസമാണ്.
ചാറ്റ് ജിപിടി കൊണ്ടുവന്ന ജിബ്‌ലി ട്രെൻഡ്
ജിബ്‌ലിയുടെ ആനിമേറ്റഡ് ലോകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആനിമേഷൻ-സ്റ്റൈൽ പോർട്രെയ്റ്റുകൾ എളുപ്പത്തിൽ ഉണ്ടാക്കാനാവുന്ന ഫീച്ചർ ചാറ്റ് ജിപിടി കൊണ്ടുവന്നതോടെയാണ് ജിബ്‌ലി ട്രെൻഡാവുന്നത്. ഉപയോക്താക്കളുടെ ഫോട്ടോയെ വിവിധ തീമുകളിലുള്ള എഐ ചിത്രങ്ങളാക്കി മാറ്റാനാവുന്ന ഈ ടെക്നിക് ചാറ്റ്ജിപിടി 4ഒ യുടെ പുതിയ അപ്ഡേറ്റിലാണ് കൊണ്ടുവരുന്നത്. സെൽഫികൾ, കുടുംബ ഫോട്ടോകൾ, വൈറൽ ചിത്രങ്ങൾ തുടങ്ങി എന്തും ഒരു ക്ലിക്കിലൂടെ ജിബ്‌ലി മോഡൽ മാസ്റ്റർപീസുകളാക്കി മാറ്റാനായതോടെ ആളുകൾ ഏറ്റെടുത്തു. ഐക്കണിക് ആനിമേഷൻ ശൈലിയുടെ പ്രത്യേകമായ രൂപവും ഭാവവും തങ്ങളുടെ ചിത്രത്തിലേക്കെത്തുന്നതായിരുന്നു പലരെയും ആകർഷിച്ചത്.
ഒറ്റ ക്ലിക്കിൽ എല്ലാം സെറ്റ്
ചാറ്റ്ജിപിടി 4ഒ ഉപയോഗിക്കാന്‍ ആദ്യം ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ആദ്യം ഓപ്പണ്‍ എഐ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. പെയ്‌ഡ് മോഡിനെ അപേക്ഷിച്ച് ചില പരിമിതികളുണ്ടെങ്കിലും ഫ്രീ ചാറ്റ്ജിപിടി അക്കൗണ്ടായാലും പ്രശ്നമില്ല. ചാറ്റ്ജിപിടി വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്യുകയോ പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്താൽ ചാറ്റ്ജിപിടി ഇന്‍റര്‍ഫേസ് തെളിഞ്ഞുവരും. ഇതിൽ ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾക്ക്, ഒപ്പം "Studio Ghibli" എന്നുകൂടി നൽകിയാൽ എഐ ശൈലിയിലുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാം, അതും സെക്കന്റുകൾക്കുള്ളിൽ. എല്ലാം വളരെ ലളിതം.
ആവശ്യക്കാർ കൂടിയതോടെ നിലവിൽ ചിത്രങ്ങളുണ്ടാക്കാൻ നിയന്ത്രണങ്ങളും ഓപ്പൺ എഐ കൊണ്ടുവന്നിട്ടുണ്ട്. സൗജന്യമായി ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ പ്രതിദിനം മൂന്ന് ചിത്രങ്ങൾ മാത്രമെ ജനറേറ്റ് ചെയ്യാന്‍ സാധിക്കൂ. എന്നാൽ ചാറ്റ് ജിപിടി പ്ലസ്, പ്രോ, ടീം, സെലക്ട് ഉപയോക്താക്കൾ ഉൾപ്പെടെയുള്ള പണമടച്ചുള്ള സബ്‌സ്‌ക്രൈബർമാർക്ക് ഈ നിയന്ത്രണമില്ല.
വലിയ സ്വീകാര്യത
ആനിമേഷൻ ആരാധകർക്കോ കലാകാരന്മാർക്കോ മാത്രമല്ല, ചാറ്റ് ജിപിടിയിൽ ആവശ്യം പറഞ്ഞാൽ ആർക്കും തങ്ങളുടെ ആനിമേഷൻ കൈയ്യിൽ കിട്ടും. കലാപരമായ കഴിവുകളോ, ഇതിനായി പഠിക്കുകയോ ഒന്നുംവേണ്ട. തങ്ങളുടെ ഫോട്ടോ കൊടുക്കുന്നു, മേക്ക് Ghibli ആർട്ട് എന്ന പറയുന്നു, ദേ സാധനം റെഡി. ഇത് തന്നെയാണ് ട്രെൻഡ് വൈറലാകാനുള്ള പ്രധാന കാരണം. നമ്മുടെ സ്വന്തം ചിത്രങ്ങള് ആനിമേഷൻ രൂപത്തിൽ കാണാനുള്ള ആഗ്രഹമാണ് മറ്റൊന്ന്. സാമൂഹിക മാധ്യമങ്ങളിൽ ഓരോരുത്തരായി ചെയ്തപ്പോൽ എന്നാൽ എനിക്കുമൊന്ന് എന്നുകരുതി ട്രെൻഡിന് പിറകെ പോയവരുമുണ്ട്.
ഇതിനിടെ ട്രെൻഡിനെ മാർക്കറ്റിങ് തന്ത്രമായും പലരും ഉപയോഗിച്ചുക്കഴിഞ്ഞു. സൊമാറ്റോ, സ്വിഗ്ഗി പോലുള്ള കമ്പനികൾ അവരുടെ ബ്രാൻഡ് ഫോട്ടോകളെ ഗിബ്ലി-സ്റ്റൈൽ ചിത്രങ്ങളാക്കി മാറ്റി. സൊമാറ്റോയുടെ “ChatGPT കുക്ക്ഡ്” പോലെയുള്ള അടിക്കുറിപ്പുകൾ വൻ ഹിറ്റായി. വെറുമൊരു ഫോട്ടോ പ്രദർശനമല്ല, ട്രെൻന്റിന്റെ ഭാഗമായി വലിയ ഓഡിയൻസുമായി ഇടപഴകാനുള്ള അവസരം കൂടിയാണിത്.
സ്റ്റുഡിയോ ജിബ്ലി സ്‌റ്റൈലിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെ ഓപ്പണ്‍ എഐയുടെ സെര്‍വറുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. പലര്‍ക്കും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനാകാത്ത സ്ഥിതിയായി. ഒടുക്കം തങ്ങളുടെ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ഉരുകുകയാണെന്ന് അറിയിച്ച സാം ആൾട്ട്‌മാൻ ചില റേറ്റ് ലിമിറ്റുകളും കൊണ്ടുവന്നു. സൗജന്യ ഉപഭോക്താക്കള്‍ക്ക് ദിവസേന മൂന്ന് ചിത്രങ്ങള്‍ എന്ന രീതിയില്‍ ഫീച്ചര്‍ ഉപയോഗിക്കാമെന്നാക്കി. എന്നാൽ ട്രെന്റിനോടുള്ള പ്രിയം അവസാനിച്ചില്ല. ഒടുവിൽ ഭ്രാന്തമായി ഇങ്ങനെ ഇമേജുകൾ ജനറേറ്റ് ചെയ്യാതെ ശാന്തരാകണമെന്നും തന്റെ ടീമംഗങ്ങൾക്ക് ഉറക്കം വേണമെന്നും വരെ ആൾട്ട്മാന് പോസ്റ്റ് ചെയ്യേണ്ടിവന്നു.
വിമർശനങ്ങൾ ഉയരുന്നു
ജിബ്‌ലി സ്റ്റൈൽ വൈറലാകുമ്പോൾ തന്നെ ഈ ട്രെൻഡിനെതിരെ വിമർശനവും ഉയരുന്നുണ്ട്. നിർമിത ബുദ്ധി കലയുടെ സ്വത്വം ഏറ്റെടുക്കുന്നു, സ്റ്റുഡിയോ ജിബ്‌ലിയുടെ സ്ഥാപകനായ ഹയാവോ മിയാസാക്കിയുടെ കലാപരമായ തത്ത്വചിന്തയ്ക്ക് വില നൽകുന്നില്ല എന്നൊക്കെയാണ് പ്രധാന ആരോപണങ്ങൾ. മിയാസാക്കിയുടെ പഴയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് എഐ വേർഷൻ കലാകാരനെ അപമാനിക്കുന്നതാണെന്ന വിമർശനം ഉയർന്നത്. മനുഷ്യന്റെ യഥാർത്ഥ വികാരങ്ങൾ എഐ മനസിലാക്കില്ലെന്നും അത് ജീവിതത്തിനു തന്നെ അപമാനം ആണെന്നുമായിരുന്നു മിയാസാക്കിയുടെ വീഡിയോയിലെ വാക്കുകൾ.
Inshort: ChatGPT-4o’s new feature lets users turn selfies and photos into Studio Ghibli-style art, sparking a viral trend on Instagram and WhatsApp. The demand slowed OpenAI’s servers, prompting usage limits. While fans love the dreamy animation look, critics argue it disrespects the original hand-drawn magic of Hayao Miyazaki’s Ghibli vision.
Content Highlights: Studio Ghibli AI Trend: How to Create Ghibli Style Images