അർബുദത്തെ പോരാടിത്തോൽപ്പിച്ച് കന്നി കായിക മേളയിൽ തിളങ്ങി ആദർശ്

#അജ്മൽ എൻ. എസ്

തിരുവനന്തപുരം: 'ഞങ്ങൾക്ക് അവനെന്തെങ്കിലും പറ്റുമോയെന്ന ഭയമായിരുന്നു, പക്ഷെ അവന് വാശിയായിരുന്നു, ഓടി ജയിക്കാനുള്ള വാശി,', കായിക മേളയിൽ ഇൻക്ലൂസീവ് വിഭാഗത്തിലെ വേഗ താരമായ ആദർശിന്റെ അമ്മയുടെ വാക്കുകളാണിത്. അർബുദത്തെയും പ്രതിസന്ധികളേയും മനോവീര്യം കൊണ്ട് തരണം ചെയ്ത് ഗൈഡ് റണ്ണറിനൊപ്പം ഓടി ജയിച്ച ആദർശ് തന്റെ കന്നി കായിക മേളയിൽ തിളങ്ങുകയാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അണ്ടർ 14 വിഭാഗം 100 മീറ്ററിൽ പാലക്കാട് ടീമിലെ ആദർശും ഗൈഡ് റണ്ണർ അസ്‌ലമും സ്വർണം നേടിയത്.

മത്സരം തുടങ്ങിയതു മുതൽ കാണികളുടെ കണ്ണുകൾ ആദർശിലും അസ്ലമിലുമായിരുന്നു, ഇരുവരുടേയും ഉയരവ്യത്യാസം തന്നെയായിരുന്നു പ്രധാന കാരണം. ആദർശിനെ കണ്ടപ്പോൾ അവൻ ഓടില്ലെന്നാണ് ആദ്യം വിചാരിച്ചതെന്നും അവൻ പക്ഷേ ഞെട്ടിച്ചെന്നും മുഹമ്മദ് അസ്ലം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. മുതലമട ജെഎച്ച്എസിലെ വിദ്യാർഥിയാണ് ആദർശ്.

'ആദർശ് സൂപ്പറാണ്, ഒരുമിച്ച് പ്രാക്ടീസ് ചെയ്യാൻ ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. ആദ്യമായിട്ട് ഒരുമിച്ച് ഓടുന്നത് തന്നെ മത്സരത്തിനാണ്. ഗെെഡ് റണ്ണറായി ഓടാൻ സാധിച്ചതിൽ സന്തോഷം. അവനെ ഓടി ജയിപ്പിക്ക് എന്നാണ് മത്സരത്തിന് വരുന്നതിന് മുൻപ് ഉപ്പ എന്നോട് പറഞ്ഞത്.

ഇങ്ങനെ രണ്ടുപേർ ഓടുന്ന മത്സരങ്ങൾ ടിവിയിൽ കണ്ടിട്ടുണ്ട്. ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ എല്ലാവരും കളിയാക്കിയിരുന്നു. അവന് പൊക്കം കുറവായിരുന്നു. എനിക്ക് നല്ല ഉയരവും. ഞങ്ങൾ ഒരുമിച്ച് ഓടിയാൽ വീഴുമോയെന്ന ഭയമുണ്ടായിരുന്നു. സെലക്ഷൻ സമയത്ത് ഉയരവ്യത്യാസം അറിഞ്ഞിരുന്നില്ല', അസ്ലം പറഞ്ഞു.

മത്സരത്തിൽ വിജയിച്ചതിൽ അമിതാഹ്ലാദമൊന്നുമില്ല ആദർശിന്. ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ തന്നെ വളരെയേറെ സന്തോഷമുണ്ടെന്നാണ് ആദർശ് പറയുന്നത്. ടീച്ചറായ അമ്മ പ്രിയയാണ് ആദർശിൻ്റെ ഏറ്റവും വലിയ പിന്തുണയും ധെെര്യവും. സ്കൂൾ അധികൃതരുടെ പിന്തുണയും അവന് കൂട്ടിനുണ്ട്.

'ഏട്ടൻ ഭയങ്കര സപ്പോർട്ട് ആയിരുന്നു. ഓടാൻ പറഞ്ഞ് എന്നെ കൃത്യമായി നിർദേശങ്ങൾ നൽകും. എന്റെ വേഗതയ്ക്ക് അനുസരിച്ച് ചേട്ടൻ ഓടി. റിലേയിലും മത്സരിക്കുന്നുണ്ട്', ആദർശ് പറഞ്ഞു.

അർബുദത്തെ പോരാടിത്തോൽപ്പിച്ച് മകൻ കായിക മേളയിൽ സ്വർണം ചൂടിയതിൻ്റെ സന്തോഷത്തിലാണ് ആദർശിൻ്റെ അമ്മ. മകനെ മത്സരിക്കാൻ വിടാൻ പേടിയായിരുന്നെങ്കിലും അവൻ്റെ വാശിക്ക് ഒടുവിൽ വഴങ്ങുകയായിരുന്നുവെന്ന് അമ്മ പറയുന്നു.

'എൻ്റെ രണ്ട് മക്കളിൽ ഇളയവനാണ് ആദർശ്. ഓടാൻ അവന് വലിയ ഇഷ്ടമാണ്. ഓരോ പ്രാവശ്യവും കരഞ്ഞ് പറയും ഓടാൻ പോകണമെന്ന്. പക്ഷേ എല്ലാവർക്കും അവൻ വീഴുമോയെന്നൊക്കെ ഓർത്ത് പേടിയായിരുന്നു. ക്യാംപിനൊന്നും വിടണ്ട എന്നാണ് ബന്ധുക്കളൊക്കെ പറഞ്ഞത്. അതോടെ അവന് വലിയ സങ്കടമായി. അവൻ കരഞ്ഞാൽ ഞങ്ങളും കരഞ്ഞുപോകും.

സ്കൂളിൽ നന്നായി ഓടുമായിരുന്നു. ടീച്ചറാണ് മത്സരിക്കാൻ നിർബന്ധിച്ചത്. അവന് കണ്ണിന് പ്രശ്നമുണ്ടായിരുന്നതിനാൽ മത്സരിച്ച്
ജയിക്കണമെന്ന വാശിയായിരുന്നു. പഠിത്തത്തിലാണെങ്കിലും മത്സരത്തിലാണെങ്കിലും വിചാരിക്കുന്ന ലക്ഷ്യം അവൻ നേടിയെടുക്കും.

അവന് ഒരു കണ്ണിന് 40 ശതമാനം കാഴ്ചക്കുറവുണ്ട്. രണ്ടര വയസ്സിലാണ് കാഴ്ച പ്രശ്നം വന്നത്. റെറ്റിനോ ബ്ലാസ്ടോമയായിരുന്നു, നാലഞ്ച് വർഷത്തോളം ചികിത്സിച്ചു. 14 കീമോ കഴിഞ്ഞിട്ടും ഭേദമാകാത്തതിനാൽ ഒടുവിൽ നേത്രഗോളം നീക്കം ചെയ്തു. പിന്നീട് കുറെനാൾ വലിയൊരു പോരാട്ടമായിരുന്നു.

എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയായിരുന്നു. ഇവിടംവരെ എത്തിയതിൽ ഒരുപാട് സന്തോഷം. കൂടെയുളള കുട്ടിയുടെ പിന്തുണ വളരെ വലുതായിരുന്നു. ഒരുപാട് സന്തോഷം', പ്രിയ പറഞ്ഞു.

കാഴ്ച പരിമിതരുടെ ഓട്ടമത്സരത്തിൽ ഒരു ഗെെഡ് റണ്ണർ ഒപ്പമുണ്ടാകും. ഇരുവരുടേയും ഓരോ കെെകൾ തമ്മിൽ കൂട്ടിക്കെട്ടിയാണ് ഓടുന്നത്. കാഴ്ചപരിമിതിയുള്ള കുട്ടിയുടെ കണ്ണ് ബ്ലെെൻഡ് ഫോൾഡ് കൊണ്ട് മറച്ചിരിക്കും. കാഴ്ചപരിമിതിയുള്ള കുട്ടിയാവണം ആദ്യം ഓടേണ്ടത്. ഗെെഡ് റണ്ണർ ദിശ പറഞ്ഞുകൊടുത്ത് ഒപ്പമോടണം. ഇരുവരുടേയും ഏകോപനം തന്നെയാണ് വിജയമന്ത്രം. സിയുപിഎസ് ചെമ്പ്ര സ്കൂളിലെ വിദ്യാർഥിയാണ് ആദർശ്. ജിഎച്ച്എസ്എസ് മുതലമടയിലെ വിദ്യാർഥിയാണ് അസ്ലം.

Content Highlights: Adarsh's Triumph: A Story of Resilience, Determination, and a Golden Victory