ഇക്കൊല്ലം, പൂരമില്ല; മാതൃഭൂമി വായനക്കാര്‍ക്കായി പെരുവനത്തിന്റെ ചെമ്പടമേളം
തൃശ്ശൂര്‍: ''കുട്ടിക്കാലത്ത് പലപ്പോഴും പൂരം ചെന്നു കാണാന്‍ കഴിയാറില്ല, 'മാതൃഭൂമി'യില്‍ വരുന്ന ചിത്രങ്ങളും വാര്‍ത്തകളുമായിരുന്നു അന്ന് എന്റെ പൂരം. ഇക്കൊല്ലം, പൂരമില്ല. അതിനു പകരമല്ലെങ്കിലും മാതൃഭൂമി വായനക്കാര്‍ക്കായി ചെമ്പടമേളം ഞാന്‍ വീട്ടിലൊരുക്കി. ആ വീഡിയോ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു...''-മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹം ഒരുക്കിയ മേളത്തില്‍ മകന്‍ കാര്‍ത്തിക് പി. മാരാര്‍ അച്ഛനോടൊപ്പം ചെണ്ടകൊട്ടി. പെരുവനം പ്രകാശ് പിഷാരടി (വലന്തല), പെരുവനം മുരളി പിഷാരടി (ഇലത്താളം) എന്നിവരായിരുന്നു കൂടെ.
യഥാവിധിപ്രകാരമായിരുന്നു മേളത്തിന്റെ തുടക്കവും കാലക്രമവും ഒടുക്കവുമെല്ലാം. സമയം ചുരുക്കി എന്നുമാത്രം. മേളം മുറുകുമ്പോഴത്തെ ആവേശം ചെറുവീഡിയോയില്‍ അനുഭവിക്കാം.
മേളം തുടങ്ങുമ്പോഴത്തെ നമസ്‌കാരവും മുടക്കിയില്ല. പാറമേക്കാവ് ഭഗവതി പുറത്തേക്ക് എഴുന്നള്ളുമ്പോഴാണ് ചെമ്പടമേളം ഉണ്ടാവാറുള്ളത്. കുട്ടന്‍മാരാരുടെ ശിഷ്യന്‍ യദുകൃഷ്ണനാണ് മേളം വീഡിയോയില്‍ പകര്‍ത്തിയത്.
വ്യാഴാഴ്ച രാവിലെ മാതൃഭൂമിയുടെ ക്ഷണം അനുസരിച്ച് പെരുവനം കുട്ടന്‍മാരാര്‍ തേക്കിന്‍കാട് മൈതാനത്തെത്തി പൂരാനുഭവങ്ങള്‍ പങ്കിട്ടിരുന്നു. കഴിഞ്ഞ കൊല്ലം ഇലഞ്ഞിത്തറമേളത്തിന് പ്രമാണിയായി ആരാധകരെ കോരിത്തരിപ്പിച്ച അനുഭവം അദ്ദേഹം ഓര്‍ത്തെടുത്തു.
Content Highlights: