രണ്ട് പതിറ്റാണ്ടിനിടെ കാണാതായ മൂന്ന് സ്ത്രീകൾ, പിന്നിൽ സെബാസ്റ്റ്യൻ തന്നെയോ? | Cherthala Murders

മൂന്ന് കാലഘട്ടങ്ങളിൽ മൂന്നിടത്തുനിന്നായി കാണാതായ മൂന്ന് സ്ത്രീകൾ. അ‌വരുടെ തിരോധാനം വിരൽചൂണ്ടുന്നത് ഒരാളിലേയ്ക്കും -ചേർത്തല ഒറ്റപ്പുന്ന സ്വദേശി സെബാസ്റ്റ്യൻ. ഇയാളുടെ, ആരും സ്ഥിരതാമസമില്ലാത്ത ഒറ്റപ്പുന്നയിലെ കുടുംബവീടിന്റെ പരിസരത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കൂടി കിട്ടിയതോടെ ക്രൂരമായ കൊലപാതക പരമ്പരയിലേയക്കാണോ അ‌ന്വേഷണം നീളുന്നതെന്ന സംശയം ബലപ്പെടുകയാണ്.

2024 ഡിസംബർ 24ന് കോട്ടയം ഏറ്റുമാനൂരിൽനിന്ന് കാണാതായ ജെയിൻ മാത്യു എന്ന ജെയ്നമ്മയുടെ തിരാധാനവുമായി ബന്ധപ്പെട്ട അ‌ന്വേഷണമാണ് സെബാസ്റ്റ്യനെ കുരുക്കിയിരിക്കുന്നത്. ജെയ്നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ റീച്ചാർജ് ചെയ്തതും ഇവരുടെ ആഭരണങ്ങൾ പണയംവെച്ചതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുമാണ് സെബാസ്റ്റ്യനെ സംശയിക്കാനിടയാക്കിയത്.

2006 മുതൽ കാണാതായ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭൻ, 2013 മേയ് 13ന് ചേർത്തലയിൽനിന്ന് കാണാതായ ഹയറുമ്മ എന്ന ഐഷ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടും പുതിയ കേസിന്റെയും തെളിവുകളുടെയും അ‌ടിസ്ഥാനത്തിൽ അ‌ന്വേഷണം നടക്കുന്നുണ്ട്. ബിന്ദുവിന്റെ കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ അ‌റസ്റ്റുചെയ്യപ്പെട്ടെങ്കിലും പിന്നീട് അ‌ന്വേഷണം മുന്നോട്ടുപോയില്ല. ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ടും സെബാസ്റ്റ്യനെതിരേ ആരോപണമുയർന്നിരുന്നു. ഈ കേസുകളിൽ കൃത്യമായ അ‌ന്വേഷണം നടന്നില്ലെന്ന ആരോപണവും പല ഘട്ടങ്ങളിലും ഉയർന്നിരുന്നു.

യഥാർത്ഥത്തിൽ ഈ സ്ത്രീകളുടെയെല്ലാം തിരോധാനത്തിനു പിന്നിൽ സെബാസ്റ്റ്യൻ തന്നെയാണോ? മുമ്പു നടന്ന അ‌ന്വേഷണത്തിൽ അ‌ട്ടിമറി നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ സെബാസ്റ്റ്യന്റെ സാമ്പത്തിക സ്രോതസ്സിനു പിന്നിൽ ആരാണ്? ഉത്തരങ്ങൾ കിട്ടേണ്ട ചോദ്യങ്ങൾ നിരവധിയാണ്.

Content Highlights: Missing Persons Cases in Kerala Potentially Linked to Serial Killer