മീശപ്പുലിമല... കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയിലേക്കൊരു യാത്ര

സിനിമയിലൂടെ മാത്രം കേട്ടറിവുള്ള സ്ഥലം. സമുദ്രനിരപ്പിൽനിന്ന് 2640 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്വർഗം. മീശപ്പുലിമല... മഞ്ഞും മഴയും മേഘവും പെയ്തിറങ്ങുന്ന ആ വിസ്മയലോകത്തേക്കാണ് ലോക്കൽ റൂട്ടിന്റെ ഈ യാത്ര.
മൂന്നാറിൽനിന്നായിരുന്നു യാത്രയുടെ ആരംഭം. ജീപ്പായിരുന്നു വാഹനം. കഴിഞ്ഞതവണ ചിമ്മിനി ക്ലൈമറ്റ് വാക്കിന് നേതൃത്വം നൽകിയ കോഡ് ആൻഡ് കോംപസ് യാത്രാക്കൂട്ടായ്മയ്ക്കൊപ്പമായിരുന്നു ഈ യാത്രയും. 52 പേരായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്. രണ്ടുദിവസമായിരുന്നു യാത്ര. ആദ്യദിവസം അല്ലറചില്ലറ ആക്ടിവിറ്റീസുമായി ബേസ് ക്യാമ്പിൽ കഴിച്ചുകൂട്ടി.
പിറ്റേദിവസം പുലർച്ചെ അഞ്ചരയോടെയാണ് മീശപ്പുലിമലയിലേക്കുള്ള യഥാർത്ഥ യാത്ര തുടങ്ങുന്നത്. ബേസ് ക്യാമ്പിൽനിന്ന് നാലുകിലോമീറ്റർ അകലെയുള്ള റോഡോ വാലിയാണ് ലക്ഷ്യം. ഇവിടെവരെയേ വാഹനംപോകൂ. നാലുചക്രവാഹനങ്ങൾക്ക് എത്തിച്ചേരാവുന്ന അവസാന പോയിന്റാണിത്. യാത്രാമധ്യേ ചെറിയൊരു വ്യൂപോയിന്റുണ്ട്. കാണാൻപോകുന്ന പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇവിടെനിന്നാൽ കാണാം.
കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8661 അടി ഉയരമുണ്ടിതിന്. മീശപ്പുല്ല് എന്നറിയപ്പെടുന്ന ഒരിനം പുല്ല് സമൃദ്ധമായി വളരുന്നതുകൊണ്ടാണ് മലയ്ക്ക് ഈ പേര് കിട്ടിയെതെന്നന്ന് ആരോ പറയുന്നത് കേട്ടിരുന്നു.
റോഡോ വാലിയിലെ റോഡോ മാൻഷന് സമീപത്തുനിന്നാണ് കയറ്റം ആരംഭിക്കുന്നത്. റോഡോഡെൻഡ്രോൺ ചെടികൾ ധാരാളമായി കാണുന്നതിനാലാണ് പ്രദേശത്തിന് ഈ പേരുവന്നത്. കുത്തനെയുള്ള കയറ്റമാണ്. സൂക്ഷിച്ചുവേണം ഓരോ ചുവടും മുന്നോട്ടുവെയ്ക്കാൻ. ദുര്‍ഘടങ്ങളായ മലമടക്കുകളിലൂടെ നെടുങ്കന്‍ വരികളായി സഞ്ചാരികള്‍ അനുസരണയോടെ നടന്നു കൊണ്ടിരുന്നു.
ഏഴുമല കടന്ന് എട്ടാം മലയാണ് മീശപ്പുലിമല എന്നാണ് ചൊല്ല്. അഞ്ചുമലകളാണ് കാൽനടയായി കയറേണ്ടത്. മറ്റ് മലകൾ ഇതിനിടെ കാഴ്ചയായി ഒപ്പം പോരും. രണ്ട് മണിക്കൂറെങ്കിലും എടുക്കും അവസാനത്തെ കുന്നായ മീശപ്പുലിമലയിലെത്താന്‍. സാമാന്യം വലിയ ഒരു കയറ്റമാണത്. ഒന്നാം മലയിൽ നിന്ന് നോക്കിയാൽ ദൂരെ ഹൃദയാകൃതിയിൽ ഒരു ജലാശയം കാണാം. ഭാഗ്യമുണ്ടെങ്കിൽ വരയാടുകളേയും കാണാം.
കുത്തനെയുള്ള കയറ്റവും ഇടയ്ക്ക് അല്പം നിരപ്പുമെല്ലാം പിന്നിട്ട്, ചെറുമഴയും തുളച്ചുകയറുന്ന തണുപ്പുമേറ്റാണ് മീശപ്പുലിമലയുടെ മുകളിലെത്തിയത്. മുകളിലെത്തിയപ്പോഴോ? സ്വർഗം എന്നല്ലാതെ ഈ കാഴ്ചയെ വേറേത് വാക്കുകൊണ്ട് വിശേഷിപ്പിക്കും? നോക്കിനിൽക്കേ, പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങൾ മഴപോലെ പെയ്തിറങ്ങുന്ന കാഴ്ച... മേഘങ്ങളുടെ രൂപം മാറി വന്നു. പിന്നാലെ കോടമഞ്ഞുകൂടിയെത്തി... പ്രകൃതി അതിന്റെ സൗന്ദര്യത്തിന്റെ എല്ലാ തികവോടെയും കണ്മുന്നിൽ ജ്വലിച്ചുനിന്നു.
ഇനി മടക്കയാത്രയാണ്. പൈന്‍ മരങ്ങളും 'വാറ്റില്‍' വൃക്ഷങ്ങളും നിറഞ്ഞ പുല്‍മേടുകള്‍ തന്നെയാണ് മടക്കയാത്രയിലുടനീളവും കാണാനാകുക. വീണ്ടും താഴേയ്ക്ക് വരുമ്പോള്‍ മുന്‍പെപ്പോഴോ പണിത ഒരു തടയണ കാണാം. ചെക്ക് ഡാമിന് സമീപത്തിരിക്കുമ്പോഴാണ് ഒരു കാഴ്ചകണ്ടത്. ഒരസ്ഥികൂടമാണത്. മ്ലാവിന്റെതാണ്. വെള്ളം കുടിക്കാനെത്തിയപ്പോൾ കടുവ പിടിച്ചതാണത്രേ.
ആറര കിലോമീറ്റർ നടത്തം കഴിഞ്ഞ് റോഡോ മാൻഷന്റെ സമീപത്തെത്തിയപ്പോൾ ഒരസുലഭയാത്രയുടെ മിഴിവാര്‍ന്ന ഓര്‍മകൾ മാത്രമായിരുന്നു ഉള്ളകം നിറഞ്ഞിരുന്നത്. വന്ന വഴിയിലേക്കൊന്ന് വെറുതേ തിരിഞ്ഞുനോക്കി. തന്നെ തേടിയെത്തുന്ന അടുത്ത സഞ്ചാരിക്കൂട്ടത്തെയും നോക്കി ദൂരെ മീശപ്പുലിമല കാത്തുനിൽക്കുന്നതുപോലെ തോന്നി.
Content Highlights: Meesapulimala: Journey to Kerala's Second Highest Peak Amidst Clouds and Charm