കോവിഡ് കാലത്ത് ജോലി പോയി, കൂൺ കൃഷിയിൽ തിരിച്ചടി; കൂൺ കോഫിയിലൂടെ നഷ്ടം ലാഭമാക്കി സംരംഭകൻ
കോവിഡ് മഹാമാരി, പ്രവാസ ലോകത്ത് നിന്ന് ലാലു തോമസിൻ്റെ ജോലി തട്ടിയെടുത്തപ്പോൾ, ജീവിതം ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ അദ്ദേഹം പകച്ചുനിന്നില്ല. പ്രതിസന്ധിയുടെ ആഴങ്ങളിൽ നിന്ന് അദ്ദേഹം കണ്ടെടുത്തത് കൂൺ കൃഷിയുടെ അനന്ത സാധ്യതകളായിരുന്നു. ഇന്ന്, സാധാരണ കൂൺ കൃഷിയിൽ നിന്ന് ലോകം ശ്രദ്ധിക്കുന്ന 'കൂൺ കോഫി' എന്ന നൂതന ഉൽപ്പന്നം വികസിപ്പിച്ച്, , കൂൺ കൃഷിയിലെ നഷ്ടത്തെ മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ വൻ വിജയമാക്കി മാറ്റിയിരിക്കുന്നു. ഇദ്ദേഹം വികസിപ്പിച്ച് പേറ്റൻ്റ് നേടിയ 'കൂൺ കോഫി' ഇന്ന് വിദേശ വിപണികളിലേക്ക് പോലും കുതിക്കാനൊരുങ്ങുകയാണ്. കൂടാതെ, ഒരു ഗ്രാമത്തിലെ നൂറോളം കർഷകരുടെ പ്രതീക്ഷയായി മാറുകയാണ് കൊല്ലം തലവൂർ സ്വദേശിയായ ഈ സംരംഭകൻ.
പ്രവാസത്തിൽ നിന്ന് കൃഷിയിലേക്ക്
പതിനഞ്ച് വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് കോവിഡ് തിരശ്ശീലയിട്ടപ്പോൾ നാട്ടിൽ തിരിച്ചെത്തിയ ലാലുവിന് മുന്നിൽ വഴികൾ ഏറെയൊന്നും ഉണ്ടായിരുന്നില്ല. അമ്മ പണ്ട് വീട്ടിൽ ചെറിയ തോതിൽ കൂൺ കൃഷി ചെയ്തിരുന്ന ഓർമ്മയിൽ നിന്നാണ് ആ വഴിയിലേക്ക് വീണ്ടും തിരിഞ്ഞുനടക്കാൻ അദ്ദേഹം തീരുമാനിച്ചത്. കോവിഡിന് ശേഷം സമൂഹം ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയതും, കേരളത്തിൽ ആവശ്യത്തിന്റെ രണ്ട് ശതമാനം കൂൺ പോലും ഉത്പാദിപ്പിക്കുന്നില്ലെന്ന തിരിച്ചറിവും അദ്ദേഹത്തിന് ആത്മവിശ്വാസം നൽകി. ഒരു കിലോ കൂൺ ഉത്പാദിപ്പിക്കാൻ 80 രൂപ മാത്രം ചെലവാകുമ്പോൾ 500 രൂപ വരെ വരുമാനം ലഭിക്കുമെന്ന തിരിച്ചറിവ് പ്രചോദനമായി. കൃത്യമായ മുന്നൊരുക്കത്തോടെ, കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് പരിശീലനം നേടിയ ശേഷമാണ് ലാലു 10 ബെഡ്ഡുകളിൽ കൃഷി ആരംഭിച്ചത്. ക്രമേണ ഉത്പാദനം ദിവസം അഞ്ച് കിലോ വരെയായി വർധിച്ചു.
നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സംരംഭം, മൂല്യവർദ്ധന ഉത്പന്നങ്ങളിലൂടെ വിജയഗാഥ
ഉത്പാദനം കൂടിയതോടെയാണ് ലാലു ഈ മേഖലയിലെ പ്രധാന വെല്ലുവിളി തിരിച്ചറിഞ്ഞത്. കൃഷിയിൽ വിജയിച്ചെങ്കിലും വിപണി കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി. ഫ്രഷ് കൂണിന് ആയുസ്സ് കുറവായിരുന്നു. കടകളിൽ കൊടുത്താൽ ഒരു ദിവസം കഴിയുമ്പോൾ തന്നെ നിറംമാറിത്തുടങ്ങും. അങ്ങനെ, വിൽക്കാൻ കൊടുത്ത കൂൺ പിറ്റേദിവസം തന്നെ തിരിച്ചുവരാൻ തുടങ്ങി. ആ കൂൺ പിന്നെ ഒന്നിനും കൊള്ളാതെ നശിച്ചുപോയി. അതോടെ, പ്രതീക്ഷയോടെ തുടങ്ങിയ സംരംഭം ഒരു നഷ്ടക്കച്ചവടമായി മാറുകയായിരുന്നു.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് അതിനൊരു പരിഹാരം തേടി ലാലു വീണ്ടും കൃഷി വിജ്ഞാന കേന്ദ്രത്തെ സമീപിച്ചത്. ഫ്രഷ് കൂണിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു പരിഹാരം. ലോകത്ത് എണ്ണ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിപണന സാധ്യതയുള്ള ഉൽപ്പന്നമാണ് കാപ്പി എന്ന ചിന്തയിൽ നിന്നാണ് 'മഷ്റൂം കോഫി' എന്ന വിപ്ലവകരമായ ആശയം പിറക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വ്യത്യസ്തവും ആരോഗ്യപ്രദവുമായ ഒരു ഉൽപ്പന്നം സ്വന്തം നിലയിൽ വിപണിയിലെത്തിക്കുക എന്നൊരു സ്വപ്നത്തിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്.
ചിക്കറിയില്ല, ഹെൽത്തി ഡ്രിങ്കായി ലാബേ മഷ്റൂം കോഫി
രണ്ട് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിൽ, കേരള കാർഷിക സർവകലാശാലയുടെയും സിഎഫ്ടിആർഐ-ലെ ശാസ്ത്രജ്ഞരുടെയും സഹായത്തോടെ ലാലു തൻ്റെ സ്വപ്ന ഉൽപ്പന്നം വികസിപ്പിച്ചു. സാധാരണ ചിപ്പിക്കൂണിന് പുറമെ, തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന 'ലയൺസ് മേയ്ൻ', ഔഷധഗുണങ്ങളേറെയുള്ള 'ടർക്കി ടെയ്ൽ' തുടങ്ങിയ വിലകൂടിയ കൂണുകളും ചേർത്തതോടെ അതൊരു സാധാരണ കോഫിയല്ലാതായി മാറി. 70% കൂണും 30% മാത്രം കാപ്പിയും ചേർത്ത ഈ ഹെൽത്തി ഡ്രിങ്ക് വിറ്റാമിൻ ഡി-യുടെ കലവറയാണെന്ന് തഞ്ചാവൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി നടത്തിയ പരിശോധനയിൽ തെളിഞ്ഞതോടെ ലാലുവിന് ആത്മവിശ്വാസമേറി. ഫ്ലേവറിന് വേണ്ടി മാത്രമാണ് കാപ്പിപ്പൊടി ചേർക്കുന്നതെന്ന് ലാലു തോമസ് പറയുന്നു.
നാടിനെ ഒപ്പം കൂട്ടി
ദുബായിൽ നിന്നാണ് ആദ്യം വലിയ ഓർഡർ ലഭിക്കുന്നത്. 250 കിലോ കോഫി പൗഡറിൻ്റെ ഓർഡർ നിർമ്മിക്കുന്നതിന് 3000 കിലോ ഫ്രഷ് കൂൺ വേണമായിരുന്നു. സ്വന്തം ഫാമിൽ നിന്ന് അത്രയും ഉത്പാദിപ്പിക്കുക അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് ലാലു തോമസ് എന്ന സംരംഭകൻ സ്വന്തം നാട്ടിലെ കർഷകരെ കൂടി ചേർത്തുപിടിക്കാൻ തീരുമാനിക്കുന്നത്. കൂൺ കൃഷി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും വിപണി കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് അതൊരു കൈത്താങ്ങായി. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ നൂറോളം കർഷകർക്ക് പരിശീലനം നൽകി, അവർ ഉത്പാദിപ്പിക്കുന്ന കൂൺ മുഴുവൻ ന്യായവിലയ്ക്ക് വാങ്ങുമെന്ന് ഉറപ്പും നൽകി. അതോടെ, 1-2 കിലോ മാത്രം ഉത്പാദിപ്പിച്ച് വിൽക്കാൻ കഴിയാതെ വിഷമിച്ചിരുന്ന ചെറിയ കർഷകർക്ക് ഇത് കൈത്താങ്ങായി.
സർക്കാർ പിന്തുണയും വിപണനവും
യൂണിറ്റ് സ്ഥാപിക്കാൻ ഏകദേശം 20 ലക്ഷം രൂപ മുതൽമുടക്ക് വന്നു. സോളാർ ഡ്രയർ, കോഫി ബ്ലെൻഡർ, പാക്കിങ് മെഷീൻ തുടങ്ങിയവ സ്ഥാപിച്ചു. പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതിയിൽ നിന്ന് എട്ട് ലക്ഷം രൂപ വായ്പാബന്ധിത സബ്സിഡി ലഭിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ തുടങ്ങിയ പദ്ധതികളുടെ സഹായവും ലഭിച്ചു.
‘ലാ ബേ’ (la bae) എന്ന ബ്രാൻഡ് നാമത്തിൽ കേരള അഗ്രോ ബ്രാൻഡിങ്ങോടെയാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. 100 ഗ്രാമിന് 750 രൂപയാണ് കൂൺ കോഫിയുടെ വില. ഓർഡറുകൾക്കനുസരിച്ച് മാത്രം ഉൽപ്പന്നം തയ്യാറാക്കുന്ന രീതിയാണ് ലാലു പിന്തുടരുന്നത്. നിലവിൽ യുഎഇ, യുഎസ്, യുകെ എന്നിവിടങ്ങളിലേക്ക് കൂൺ കോഫി കയറ്റുമതി ചെയ്യാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. വിപണിയിൽ വില കൂടുതലാണെന്ന പരാതി വന്നപ്പോൾ ചെറിയ പാക്കറ്റുകളിറക്കി ആ വെല്ലുവിളി മറികടന്നു.
വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ
കൂൺ കോഫിക്ക് പുറമെ മറ്റ് നിരവധി ഉൽപ്പന്നങ്ങളും ലാലു വികസിപ്പിച്ചെടുത്തു. എണ്ണയില്ലാതെ നിർമ്മിക്കുന്ന മഷ്റൂം വാക്വം ഫ്രൈഡ് ചിപ്സ്, ചിപ്പിക്കൂൺ കാപ്സ്യൂൾ, മുരിങ്ങ-മഷ്റൂം സൂപ്പ് പൗഡർ, പ്രോട്ടീൻ പൗഡറായി ഉപയോഗിക്കാവുന്ന ഉണങ്ങിയ കൂൺ പൊടി, മഷ്റൂം ഗ്രീൻ കോഫി, മഷ്റൂം-മധുരക്കിഴങ്ങ് കുക്കീസ്, മഷ്റൂം ന്യൂട്രിബാർ എന്നിവയാണ് അവയിൽ ചിലത്.
അടുത്ത സാമ്പത്തിക വർഷത്തോടെ വാർഷിക വിറ്റുവരവ് 50 ലക്ഷം രൂപയും ലാഭം 15 ലക്ഷവുമാക്കാമെന്നാണ് ലാലുവിന്റെ പ്രതീക്ഷ. ഒരിക്കൽ ജോലി നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ നിന്ന ഒരു പ്രവാസി, ഇന്ന് തൻ്റെ കഠിനാധ്വാനം കൊണ്ടും വ്യത്യസ്തമായ ചിന്ത കൊണ്ടും ഒരു നാടിന് മുഴുവൻ വെളിച്ചം പകരുകയാണ്. കാർഷികോൽപ്പന്നങ്ങളിൽ നിന്ന് നൂതനമായ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചാൽ സംരംഭകനും കർഷകനും ഒരുപോലെ നേട്ടമുണ്ടാക്കാമെന്ന് ലാലു തോമസിന്റെ ജീവിതം തെളിയിക്കുന്നു. ലാലു തോമസിന്റെ ഈ വിജയഗാഥ, ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോയാൽ വിജയം സുനിശ്ചിതമാണെന്ന വലിയ പാഠമാണ് നമുക്ക് നൽകുന്നത്.
Content Highlights: Lalu Thomas turned pandemic job loss into success with innovative mushroom coffee. Discover how he transformed mushroom farming into a globally recognized product, empowering local farmers.