അതിരപ്പിള്ളി കൊമ്പൻ ‘കൂൾ’ എന്ന് ഡോ. അരുൺ സഖറിയ, തയ്യാറെടുക്കുന്നത് ഒന്നര മാസത്തെ ചികിത്സയ്ക്ക്
മസ്തകത്തിൽ പരിക്കേറ്റതിനെ തുടർന്ന് മയക്കുവെടിവെച്ച് അതിരപ്പിള്ളി ഏഴാറ്റുമുഖം മേഖലയിൽ നിന്ന് കോടനാട് അഭയാരണ്യത്തിലെത്തിച്ച കാട്ടുകൊമ്പന്റെ ആദ്യഘട്ട ചികിത്സകൾ ആരംഭിച്ചു. പ്രത്യേക വാഹനത്തിൽ കോടനാട് എത്തിച്ച കൊമ്പൻ കൂട്ടിൽ ശാന്തനായി തുടരുകയാണ്. സാധാരണ ആനകൾ കൂട്ടിൽ കയറ്റിയ ഉടനെ കാണിക്കാറുള്ള പ്രതിഷേധം പോലും ആനയിൽ നിന്നും ഉണ്ടായില്ലെന്നും ദൗത്യത്തിന് നേതൃത്വം കൊടുത്ത ഡോ. അരുൺ സഖറിയ പറഞ്ഞു.
മുറിവ് ഒരടി ആഴത്തിലുള്ളതാണ്. പുഴുവരിച്ചു നിലയിലായിരുന്നു. അതെല്ലാം ക്ലീൻ ചെയ്തിട്ടുണ്ട്. വിദഗ്ധരുമായി ആലോചിച്ച് ഒന്നര മാസത്തെ ചികിത്സ പദ്ധതിയാണ് ഒരുക്കുന്നത്. മുറിവ് തലച്ചോറിനെ ബാധിച്ചിട്ടില്ലെന്നും അരുൺ സഖറിയ കൂട്ടിച്ചേർത്തു. ഗുരുതരമായ മുറിവാണെങ്കിലും ആനയെ പൂർണ ആരോഗ്യവാനായി തിരികെ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാഴച്ചാൽ ഡിഎഫ്ഒ ലക്ഷ്മി പറഞ്ഞു.
ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ ഈ മുറിവില്‍ പുഴുവരിച്ചനിലയില്‍ കണ്ടതോടെ ആനയുടെ ജീവനില്‍ ആശങ്കവന്നത്. തുടര്‍ന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്.
Inshort | An injured elephant from Athirappilly was tranquilized and transported to Kodanad sanctuary for treatment. Dr. Arun Sakariya confirmed that the deep wound, about a foot deep, has been cleaned.
Content Highlights: Injured elephant from Athirappilly receives treatment at Kodanad sanctuary