ഫാന്റ ചേർത്ത് വെറൈറ്റി ഓംലെറ്റ്; വില 250 രൂപ | വൈറലായി വീഡിയോ
ഒട്ടും ചേരില്ലെന്നു തോന്നുന്ന രണ്ട് രുചികളെ ചേർത്ത് വിചിത്ര കോമ്പിനേഷൻ ഒരുക്കുന്നത് ഇപ്പോൾ ട്രെൻഡാണ്. ചോക്ലേറ്റ് ബിരിയാണിയും ഐസ്ക്രീം ദോശയുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ വിചിത്രമായൊരു ഓംലെറ്റ് റെസിപ്പിയാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. സംഗതി ഫാന്റ ഓംലെറ്റ് ആണ്. ഗുജറാത്തിലെ സൂറത്തിലെ വഴിയോരക്കടയിലാണ് വ്യത്യസ്തമായ ഈ ആശയം പിറന്നത്.
സാധാര ഓംലെറ്റിന്റെ ചേരുവകളൊക്കെ തന്നെയാണ് തുടക്കത്തിൽ ചേർക്കുന്നത്. മുട്ടയും ഫാന്റയും ചേർത്ത് തയ്യാറാക്കുന്ന ഓംലെറ്റിന് 250 രൂപയാണ് വില. ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ വീഡിയോക്ക് കീഴെ നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്. സംഗതി സൂറത്തിൽ പ്രശസ്തമായ വിഭവമാണെന്നും രണ്ടു രുചികളെ നശിപ്പിച്ചുവെന്നും ഇതു കാണുമ്പോൾ മുട്ടതന്നെ വെറുക്കുമെന്നുമൊക്കെ പോകുന്നു കമന്റുകൾ.