'പ്രസവാവധി'യുള്ള ഒരേ ഒരു വന്യജീവിസങ്കേതം; ഇരവികുളത്തെ കൗതുകക്കാഴ്ചകൾ

പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിൽ വരയാടുകളുടെ പ്രജനനകാലമാണിത്. ഈ സമയത്ത് വന്യജീവി സങ്കേതത്തിൽ സഞ്ചാരികൾക്ക് വിലക്കാണ്. പ്രസവാവധി കഴിഞ്ഞ് വരയാടിൻ കുഞ്ഞുങ്ങളുടെ നഴ്‌സറിയാണ് ഇപ്പോൾ ദേശീയോദ്യാനം. രാജമല, മേസ്തിരികെട്ട്, കുമരിക്കല്ല്, വരയാട്‌മൊട്ട തുടങ്ങിയ ഭാഗങ്ങളിൽ നിരവധി കുഞ്ഞുങ്ങൾ പുതുതായി പിറന്നിട്ടുണ്ട്. ഇവയ്ക്ക് ശല്യമുണ്ടാകാതിരിക്കാനാണ് ഉദ്യാനം അടയ്ക്കുന്നത്. ഏപ്രിൽ ഒന്നിന് വീണ്ടും സന്ദർശകർക്കായി തുറക്കും.

വരയാടുകളുടെയും നീലക്കുറിഞ്ഞിയുടെയും മറ്റ് അപൂർവജീവി വർഗങ്ങളുടെയും സംരക്ഷണ കേന്ദ്രമാണ് ഇരവികുളം. ബ്രിട്ടീഷ് ഭരണകാലത്ത് ഹാമിൽട്ടൻ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന പ്രദേശം നേരത്തേ കണ്ണൻദേവൻ കമ്പനിയുടെ കൈവശമായിരുന്നു. 1895-ൽ മേഖലയെ സംരക്ഷിത പ്രദേശമാക്കി പ്രഖ്യാപിച്ചു.

1971 കേരള സർക്കാർ ഈ പ്രദേശം ഏറ്റെടുത്തു. 1975-ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമായി 2025-ൽ ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlights: The Unique Maternity Leave of Eravikulam: Protecting Newborn Nilgiri Tahr