കുത്തിവീഴ്ത്താം, പക്ഷേ തോല്‍പിക്കാനാകില്ല; ചോരച്ചാല്‍ നീന്തിക്കയറി അഖില്‍ ഇന്ന് 'സ്‌ട്രോങ് മാന്‍'
കോളേജ് രാഷ്ട്രീയത്തിന്റെ ചോര മണക്കുന്ന പേരാണ് അഖില്‍. നെഞ്ചില്‍ കുത്തേറ്റ് ഹൃദയധമനി മുറിഞ്ഞ് മരണത്തോട് മല്ലിട്ട് ചോരച്ചാല്‍ നീന്തിക്കയറിയവന്‍. ഇന്ന് പക്ഷേ, അഖിലിന്റെ ഐഡന്റിറ്റി അതല്ല. സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡലോടെ സ്ട്രോങ് മാന്‍ ഓഫ് കേരള പട്ടം സ്വന്തമാക്കി ജീവിതം തോല്‍ക്കാനുള്ളതല്ലെന്ന് ഉണങ്ങാമുറിപ്പാടുള്ള നെഞ്ച് കാട്ടി നമ്മെ പഠിപ്പിച്ചവന്‍. ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറിയും മരുന്നുകളും തളര്‍ത്തിയ ശരീരത്തോട് തോല്‍ക്കാന്‍ മനസ്സില്ലെന്ന് പറഞ്ഞ് ഉയിര്‍ത്തെഴുന്നേറ്റവന്‍, യെസ് ഹി ഈസ് സ്‌ട്രോങ്.
2019 ജൂലായിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അഖിലിനെ ആക്രമിച്ചത്. കാംപസിലെ നേതാക്കളെ ചോദ്യംചെയ്ത പക. മാസങ്ങള്‍ നീണ്ട ആശുപത്രിജീവിതവും നരകവേദനയും അഖിലിനെത്തേടിയെത്തുന്നത് അന്നുമുതലാണ്. പക്ഷേ തളരാന്‍ വിട്ടുകൊടുക്കാതെ വീട്ടുകാരും കൂട്ടുകാരും കാവലായ് നിന്നു. ബോഡി ബില്‍ഡിങ്ങിനോട് അത്രമേല്‍ കമ്പമുണ്ടായിരുന്ന അഖില്‍ പതിയെ ജിമ്മിലെത്തി, ട്രെയിനറായി, സ്വന്തമായി ജിം തുടങ്ങി...അഞ്ച് വര്‍ഷത്തിനിപ്പുറം ചാമ്പ്യനും. 105 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് സംസ്ഥാന ചാമ്പ്യനായത്. രാജസ്ഥാനില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനായുള്ള തയ്യാറെടുപ്പിലാണ് അഖില്‍
Inshort | Akhil, once a victim of campus violence, now holds the title of Kerala’s Strongman. Survived a brutal attack at University College in 2019, suffering a pierced heart artery.A story of resilience, determination, and an unbreakable spirit.
Content Highlights: From campus violence survivor to Kerala’s strongest man: Akhil’s inspiring journey