രാവുറങ്ങാതെ ടെൽ അവീവ്
യുദ്ധഭീതി ഒഴിയാത്ത നഗരമാണ് ടെൽഅവീവ്. അതൊന്നും ജീവിതത്തെ ആഘോഷമാക്കാനുള്ള ജനങ്ങളുടെ ഇച്ഛാശക്തിയെ ബാധിക്കുന്നില്ല. റസ്റ്ററന്റുകളിലും ബീച്ചുകളിലും പബ്ബുകളിലും രാവ് വെളുക്കുവോളം ആവേശം നുരയുന്നു
സൗത്ത് ടെൽ അവിവിലെ ഫ്ളോറന്റൈൻ സ്ര്ടീറ്റിൽ ഗൈഡ് എല്ല ഞങ്ങളെ വരവേറ്റത് രണ്ട് കൂപ്പി വൈനുമായാണ്. ഒന്നിൽ റെഡ്. മറ്റതിൽ വൈറ്റ്. ടെൽ അവീവിലെ ലെവിൻസി മാർക്കറ്റിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു അവരുടെ ദൗത്യം. വിവിധ തരം വൈനുകൾക്ക് പേരുകേട്ട ഇടമാണിത്. വൈൻ എല്ലായിടത്തും വൈൻ സുലഭം. അൽപ്പം വൈൻ അകത്താക്കിക്കൊണ്ടാണ് ഞങ്ങൾ ഇന്ത്യയിൽ നിന്നെത്തിയ അഞ്ചു പത്രപ്രവർത്തകർ എല്ലയ്ക്കൊപ്പം നടന്നത്.
ഉച്ചയ്ക്ക് 12 മണിയായിക്കാണും. തെരുവുകളിലൂടെയുള്ള നടത്തം രസമാണ്. വലിയ തിരക്കില്ല. നഗരത്തെ കുറിച്ചും ഇവിടത്തെ ജീവിതത്തെ കുറിച്ചും അവർ നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. തെരുവിന്റെ മുക്കും മൂലയും റോഡുകളും മുറിച്ചു കടന്നു ഞങ്ങൾ നടന്നുകൊണ്ടേയിരുന്നു. ചില റെസ്റ്റോറന്റുകൾക്ക് മുന്നിൽ അവർ നിന്നു. ഇവിടെ ഒരു പ്രത്യേക ഭക്ഷണം കിട്ടുമെന്ന് പറഞ്ഞ് അവ വാങ്ങി എല്ലാവർക്കുമായി തന്നു. അതിന്റെ ചെറിയ വിവരണവും നൽകിയാണ് പിന്നീടുള്ള നടത്തം. ടെൽ അവിവിലെ പ്രശസ്തമായ ലെവിൻസ്കി മാർക്കറ്റിൽ എത്തുമ്പോഴേക്കും വയർ നിറഞ്ഞിരുന്നു. പക്ഷെ വിവിധ രുചികളുടെ ഭക്ഷണക്കൂട്ടുകൾ തയ്യാറാക്കി വിളമ്പുന്ന ഇവിടെ നിന്നും കഴിക്കാതിരിക്കാൻ പറ്റില്ലല്ലോ. വരവിന്റെ ഉദ്ദേശ്യം തന്നെ അതായിരുന്നല്ലോ.
മിക്ക രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളും കിട്ടുന്ന ഇടമാണ് ഇസ്രയേൽ. ടെൽ അവിവ് നഗരം അതിന്റെ ഒരു പരിഛേദമാണ്. 1948-ൽ ഇസ്രയേൽ രൂപപ്പെട്ടപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെയെത്തിയ ജൂതർ അവിടത്തെ മസാലകളും രുചിക്കൂട്ടുകളും ഭക്ഷണവും കൊണ്ടുവന്നു. മൊറോക്കോ, അർമീനിയ, ഇറ്റലി, ഈജിപ്ത്..അങ്ങിനെ ഏത് രാജ്യങ്ങളിലെ ഭക്ഷണവും ലെവിൻസ്കി മാർക്കറ്റിലുണ്ട്. എന്ത് കഴിക്കണം എന്നല്ല, എന്ത് കഴിക്കാതിരിക്കും എന്നാണ് എല്ലാവരുടേയും ചിന്ത. അത്രയ്ക്ക് വ്യത്യസ്തമായ വിഭവങ്ങൾ. എല്ല തിരഞ്ഞെടുത്ത പലതും അകത്താക്കി. അവസാനം അമേരിക്കൻ ബേക്കറിയിലെ മധുരത്തോടെയാണ് ഞങ്ങൾ അവിടം വിട്ടത്.
'രാവിലെ ബീച്ചിലേക്ക് പോകണം.' തലേന്ന് രാത്രി തന്നെ ഞങ്ങളുടെ ഗൈഡ് ആംമ്രി വാന്റൽ ഫോണിൽ സന്ദേശമയച്ചിരുന്നു. കുളിക്കാനുള്ള തയ്യാറെടുപ്പോടെയാണ് രാവിലെ ഏഴോടെ റോയൽ ബീച്ചിലേക്ക് പോയത്. ഹോട്ടലിലിൽ നിന്നും 10 മിനുട്ട് നടക്കാനേയുള്ളൂ. കാർമ്മൽ മാർക്കറ്റിനകത്തുകൂടെയായിരുന്നു വഴി. റോഡുകൾ വൃത്തിയാക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ പലയിടത്തും കാണാം. ശക്തിയായി വെള്ളം ചീറ്റിയാണ് അഴുക്കുകൾ അടിച്ചു കൂട്ടുന്നത്. ഒരു വാഹനം മാലിന്യങ്ങൾ തന്റെ വയറ്റിലേക്ക് വലിച്ചെടുക്കുന്നു. നനഞ്ഞ റോഡിലും നടപ്പാതയിലും നടക്കാൻ നല്ല സുഖം. പ്രഭാത നടത്തത്തിനിറങ്ങിയ മിക്ക ആളുകളുടെ പക്കലും ഒന്നോ രണ്ടോ പട്ടിയുണ്ട്. നടപ്പാതകളിലൂടെ ഓടാനും ആൺ പെൺ വ്യത്യാസമില്ലാതെ ഏറെ പേർ.
ലേഖനത്തിന്റെ പൂർണരൂപം ഫിബ്രവരി ലക്കം യാത്ര മാസികയിൽ വായിക്കാം
Text: CK Santhosh