പൂജ്യത്തിൽനിന്ന് നൂറിലേക്ക്, അനുഭവവും പ്രകൃതിയും ഗുരു: പാലക്കാടുക്കാരന്റെ വൈവിധ്യങ്ങളുടെ സ്വപ്നഭൂമി

ആഫ്രിക്കക്കാരിയാണ് ഗ്രഹാം... മണിപ്പുരിന്റെ മണിപ്പുർ ഫൈവ്.. കണ്ണംപുരത്തെ നാടൻ ഇനം സെവൻത് ഡേ തുടങ്ങി 400 ഓളം വെറൈറ്റി ഇനം മാവുകളാണ് പാലക്കാട്‌ സ്വദേശിയായ ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടത്തിൽ വളരുന്നത്. തന്റെ കൃഷിയിടം ഫലഭൂയിഷ്ഠമാക്കുന്നതിന് 10 മാവ് നടാമെന്ന് വിചാരിച്ച് ആരംഭിച്ച ശ്രമം 400 ഇനം നട്ടുപരിപാലിക്കുന്നതിലേക്ക് ഉയർന്നു. പുതിയ ഇനങ്ങളെക്കുറിച്ച് അന്വേഷിക്കുകയും, അവ പാലക്കാടിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമാണോയെന്ന് പരിശോധിച്ച്, അനുയോജ്യമായവ സ്വന്തം കൃഷിയിടത്തിൽ ഉൾപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്യുന്നത്. നാടൻ ഇനങ്ങൾക്കൊപ്പം വിദേശി ഇനങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 

നാടനും വിദേശിയുമായി ശങ്കരൻ നമ്പൂതിരിയുടെ പറമ്പിൽ മാവുകളുടെ ശേഖരം ഉയർന്നു. ഇന്ത്യയിൽ ഭൗമസൂചിക (Geographical Indication - GI) പദവി ലഭിച്ച 22 മാവുകളിൽ 17 എണ്ണവും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. ബാക്കിയുള്ള അഞ്ച് ഇനങ്ങൾ കൂടി തന്റെ ശേഖരത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. മാവുകളുടെ ഒരു ജീൻ ബാങ്ക് ഒരുക്കുക എന്ന വലിയ ലക്ഷ്യവും അദ്ദേഹത്തിനുണ്ട്.

പ്രകൃതിയിൽ ജീവിക്കുന്ന ഒരു ജീവിക്കും പ്രകൃതിയിൽ നിന്ന് മാറി ജീവിക്കാൻ പറ്റില്ലെന്ന് പറയും ശങ്കരൻ നമ്പൂതിരി. അത് അദ്ദേഹം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു. പ്രകൃതിയിൽ പ്രധാനമായും രണ്ട് നഷ്ടങ്ങൾ സംഭവിക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. നിരവധി ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും വംശനാശം സംഭവിച്ചു തുടങ്ങി. മാത്രമല്ല മണ്ണിന്റെ ജൈവകാർബൺ നഷ്ടപ്പെട്ടുതുടങ്ങി. ഈ നഷ്ടങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയെ തിരികെ കൊണ്ടുവരണമെങ്കിൽ പരമാവധി പച്ചപ്പ് ഉണ്ടാക്കണം, ജൈവ കാർബൺ ഉണ്ടാക്കണം എന്ന് അദ്ദേഹം പറയുന്നു. തന്റെ കൃഷിയിടത്തിൽ കൃഷിരീതികളിൽ മാറ്റം വരുത്തിക്കൊണ്ട് ജൈവ കാർബൺ നിലനിർത്തി ഈ തത്വങ്ങൾ അദ്ദേഹം നടപ്പിലാക്കി. ഏകവിള കൃഷിക്ക് പകരം ബഹുവിളകൾ കൃഷി ചെയ്തു. മണ്ണും പ്രകൃതിയും അറിഞ്ഞുള്ള കൃഷി.. രാസവളങ്ങൾ പാടേ ഉപേക്ഷിച്ചു. പതിയെ മണ്ണിന്റെ സ്വഭാവികഘടനയെ അദ്ദേഹം തിരികെ പിടിച്ചു. പണം കൊടുത്താൽ വാങ്ങാൻ കിട്ടാത്ത പല കാര്യങ്ങളും പ്രകൃതിയിലുണ്ടെന്നും, ഇത് മനസ്സിലാക്കാത്തത് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. 

അനുഭവങ്ങളിൽ നിന്നാണ് താൻ ഓരോന്നും പഠിച്ചതെന്നും അത് പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് കൈമാറികൊണ്ടേയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. വിദ്യാർഥികളും ​ഗവേഷകരും ഉൾപ്പെടെ നിരവധിപേരാണ് ശങ്കരൻ നമ്പൂതിരിയുടെ കൃഷിയിടത്തിലേക്ക് ദിനംപ്രതി എത്തുന്നത്. നഷ്ടപ്പെട്ടത് എന്താണ് നിലനിർത്തേണ്ടത് എന്താണ് തിരിച്ചുപഠിക്കേണ്ടത് എന്താണെന്ന് വ്യക്തമായ ബോധ്യത്തോടെ ഇനിയും ഇനിയും തുടരുമെന്ന് അദ്ദേഹം പറയുന്നു.

In Short:Sankaran Namboodiri cultivates 400 mango varieties, including 17 GI-tagged, in Palakkad, Kerala

Content Highlights: Sankaran Namboodiri cultivates 400 mango varieties, including 17 GI-tagged, in Palakkad, Kerala