വൂളി മാമത്തും ഡോഡോ പക്ഷിയും മടങ്ങിവന്നേക്കും; പദ്ധതിയുമായി കമ്പനി
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായ വൂളി മാമത്തുകള്‍ മടങ്ങി വന്നാല്‍ എങ്ങനെയുണ്ടാകും. നടക്കുമോയെന്ന സംശയം വേണ്ട. നടക്കുമെന്ന ഉറപ്പിച്ച് പറയുകയാണ് കൊള്ളോസ്സല്‍ ബയോസയന്‍സസ് എന്ന കമ്പനി. ഇപ്പോള്‍ കമ്പനി നടത്തുന്ന ഗവേഷണങ്ങള്‍ വിജയകരമായാല്‍ നാലുവര്‍ഷത്തിനുള്ളില്‍ വൂളി മാമത്തുകള്‍ മടങ്ങിവരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎയുടെ സാമ്പത്തിക പിന്തുണയുള്ള കമ്പനി കൂടിയാണ് കൊള്ളോസ്സല്‍ ബയോസയന്‍സസെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വംശനാശത്തെ പ്രതിരോധിക്കാനുള്ള മുന്നേറ്റങ്ങള്‍ നടത്തുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയെന്നാണ് കൊള്ളോസ്സല്‍ ബയോസയന്‍സസ് സ്വയം അവകാശപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ വംശനാശം സംഭവിച്ച ജീവികളുടെ ജീനുകള്‍ വീണ്ടെടുക്കാനും ജീവികളെ പുനര്‍സൃഷ്ടിക്കാനുമുളള പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്.
വൂളി മാമത്തുകളെ മാത്രമല്ല, ഡോഡോ പക്ഷിയെയും ടാസ്മാനിയന്‍ കടുവയെയും ഇത്തരത്തില്‍ മടക്കികൊണ്ടുവരാന്‍ സാധിച്ചേക്കുമെന്ന് കമ്പനിയെ ഉദ്ധരിച്ച് ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2028-ന്റെ അവസാനം ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങളിലാണ് കമ്പനി. ഇതിനോടകം ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായി കൊള്ളോസ്സല്‍ ബയോസയന്‍സസ് സി.ഇ.ഒ ആയ ബെന്‍ ലാം പ്രതികരിച്ചു.
ക്രിസ് ഹെംസ്‌വര്‍ത്തടക്കമുള്ള ചലച്ചിത്ര താരങ്ങളും വൂളി മാമത്തുകളുടെ മടങ്ങിവരവില്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. പദ്ധതി നടപ്പാക്കാനായി 2590 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. പേപാല്‍ സഹസ്ഥാപകനായ പീറ്റര്‍ തീല്‍, മോട്ടിവേഷണല്‍ സ്പീക്കറായ ടോണി റോബിന്‍സ് എന്നിവരും കമ്പനിയില്‍ പണം മുടക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.