റാങ്ക് ഭേദമില്ല, വനിതാ സേനാംഗങ്ങൾക്ക് തുല്യ പ്രസവാവധിക്ക് അംഗീകാരം
കരസേനയിലേയും നാവികസേനയിലേയും വ്യോമസേനയിലേയും വനിതാ അംഗങ്ങൾക്ക് ഇനിമുതൽ പദവി ഭേദമില്ലാതെ പ്രസവാവധിയെടുക്കാനാകും. പ്രസവം, കുട്ടികളുടെ സംരക്ഷണം, കുട്ടികളെ ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് വനിതാസേനാംഗങ്ങൾക്ക് എടുക്കാവുന്ന അവധി മേലുദ്യോഗസ്ഥരുടേതിന് തുല്യമാക്കാനുള്ള നിർദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നൽകി.
നിലവിൽ ഓഫീസർ പദവിയിലുള്ള വനിതാ സേനാംഗങ്ങൾക്ക് 180 ദിവസമാണ് ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനായി സർവീസ് കാലാവധിയിൽ 360 ദിവസത്തെ അവധിയെടുക്കാനാകും. ഒരു വയസ്സിൽ താഴെയുള്ള കുട്ടിയുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് 180 ദിവസത്തെ അവധി ലഭിക്കും.