അച്ചടക്കമില്ലാത്ത പെരുമാറ്റം, ബാലിയിലെ 22 പർവതങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക്
സഞ്ചാരികളുടെ പറുദീസയാണ് ബീച്ചുകളും മനോഹരമായ പർവതങ്ങളും നിറഞ്ഞ ബാലി. എന്നാല്‍ ബാലിയിലെ പര്‍വതങ്ങളിൽ എല്ലാ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിക്കാനൊരുങ്ങുകയാണ് ബാലി ഭരണകൂടം. ബാലി ഗവർണറായ വയാൻ കോസ്റ്റർ ദ്വീപിലെ പർവതങ്ങളിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടിരിക്കുകയാണ്.സഞ്ചാരികളുടെ മോശം പെരുമാറ്റമാണ് ഈ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ബാലിയിലെ ഹിന്ദു വിശ്വാസപ്രകാരം പര്‍വതങ്ങളെയും മരങ്ങളെയുമെല്ലാം വിശുദ്ധമായാണ് കണക്കാക്കുന്നത്. ഇതോടെ ഹൈക്കിങ് പോലുള്ള പരിപാടികള്‍ക്ക് ബാലിയില്‍ സ്ഥിരമായ നിരോധനം വരും. നിലവില്‍ 22 പര്‍വതങ്ങളാണ് ഈ നിരോധനത്തിന്റെ പരിധിയില്‍ വരിക.