പെണ്‍കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്തെന്ന കേസ്, ഇഷ ഫൗണ്ടേഷനെതിരായ പോലീസ് നടപടിക്ക് സ്റ്റേ
സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അന്വേഷിക്കാന്‍ പോലീസിന് ഉത്തരവ് നല്‍കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. സൈന്യത്തെയോ പോലീസിനെയോ ഇത്തരമൊരു സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തന്റെ രണ്ട് പെണ്‍മക്കള്‍ സദ്ഗുരുവിന്റെ യോഗ സെന്ററില്‍ അടിമകളായി ജീവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോ. എസ് കാമരാജ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റുകയും ചെയ്തു.
മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഇഷ ഫൗണ്ടേഷനുവേണ്ടി ഹാജരായത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം വന്‍പോലീസ് സംഘം ചൊവ്വാഴ്ച ഇഷ ഫൗണ്ടേഷനില്‍ പ്രവേശിച്ചിരുന്നു.
മക്കളെ ബ്രെയിന്‍വാഷ് ചെയ്ത് സന്യാസിമാരാക്കിയെന്നും കുടുംബാംഗങ്ങള്‍ക്ക് ഇവരെ കാണാന്‍ ഇഷ ഫൗണ്ടേഷന്‍ അനുമതി നല്‍കുന്നില്ലെന്നും ഡോ. എസ് കാമരാജ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഇഷ ഫൗണ്ടേഷന്‍ നിഷേധിക്കുകയാണ് ഉണ്ടായത്. സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പായി തടങ്കലിലാണെന്ന് ആരോപിച്ചിട്ടുള്ള സ്ത്രീകളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുത്തു.