പഴയ ഫോട്ടോയും വീഡിയോയും സൂക്ഷിക്കാൻ ഇനി പണം നൽകണം; മാറ്റത്തിനൊരുങ്ങി സ്നാപ്ചാറ്റ്

പഴയ ഫോട്ടോസും വീഡിയോസുമെല്ലാം സ്നാപ്ചാറ്റില് സൂക്ഷിച്ചുവെക്കുന്നവരോടാണ്. സേവ് ചെയ്തത് 5 ജിബിയിലും കൂടുതലാണെങ്കിൽ സ്നാപ്ചാറ്റിന് അങ്ങോട്ട് പണമടയ്ക്കാൻ തയ്യാറായിക്കോളൂ. നിങ്ങളുടെ കോണ്ടന്റ് സേവ് ചെയ്ത് വെക്കുന്നതിന് ചാര്‌ജ് ഈടാക്കാൻ ഒരുങ്ങുകയാണ് സ്നാപ്ചാറ്റ്. സാധാരണ 24 മണിക്കൂർ നേരത്തേക്ക് കാണാൻ കഴിയുന്ന യൂസേഴ്സ് ഷെയർ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എല്ലാ കാലത്തേക്കും സേവ് ചെയ്ത് വെക്കാനും വീണ്ടും കാണാനും സഹായിക്കുന്ന ഫീച്ചറാണ് മെമ്മറീസ്. 2016ൽ സ്നാപ്ചാറ്റ് തുടങ്ങിയ കാലം മുതൽ ഈ ഫീച്ചർ സൗജന്യമാണ്. ഒരു ട്രില്യണിലധികം മെമ്മറികൾ യൂസേഴ്സ് ഇങ്ങനെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇനി മുതൽ 5 ജിബിയിൽ കൂടുതൽ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്ത യൂസേഴ്സ് തുടർന്നും ഇത് നിലനിർത്താൻ പണമടയ്ക്കണം. ആർക്കൈവുകൾ ആവശ്യമുള്ള യൂസേഴ്സിന് സ്നാപ്ചാറ്റ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടെയുള്ള പണമടച്ചുള്ള സ്റ്റോറേജ് പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇനിഷ്യൽ 100GB സ്റ്റോറേജ് പ്ലാനിന് പ്രതിമാസം 1.99 ഡോളറും, 250GB യുടെ സ്നാപ്ചാറ്റ്+ സബ്‌സ്‌ക്രിപ്‌ഷന് 3.99 ഡോളറും നൽകേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്ലാനുകളോ നിരക്കുകളോ കമ്പനി വ്യക്തമാക്കിയിട്ടില്ല. 5GB പരിധി കവിയുന്ന യൂസേഴ്സിന് സംരക്ഷിച്ച ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും 12 മാസത്തെ താത്കാലിക സ്റ്റോറേജും ഉണ്ടായിരിക്കുമെന്ന് മാതൃകമ്പനിയായ സ്നാപ്പ് ഉറപ്പുനൽകുന്നുണ്ട്. എങ്കിലും നിരക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ കോണ്ടന്റുകൾ സേവ് ചെയ്ത് സൂക്ഷിക്കുന്നതിന് പണമീടാക്കുന്നത് ഭാവിയിൽ ഒരു സാധാരണ രീതിയായി മാറിയേക്കാമെന്ന് വ്യവസായ വിദഗ്ധരുടെ അഭിപ്രായം. സ്നാപ്ചാറ്റിന് നിലവിൽ 900 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്. ഭൂരിഭാഗം ഉപയോക്താക്കളെയും പുതിയ സ്റ്റോറേജ് ചാർജുകൾ ഉടനടി ബാധിക്കില്ലെന്നാണ് കമ്പനി പറയുന്നത്.

Content Highlights: Snapchat is reportedly preparing to charge users for storing more than 5GB of photos and videos in Memories. Learn about the new storage plans and potential costs.