ചായക്കൊപ്പം പുകവലിക്കുന്ന ശീലമുണ്ടോ? ഉണ്ടെങ്കിൽ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്
തിരക്കേറിയ ജീവിതത്തിൽ സ്ട്രെസ് കുറയ്ക്കാനായി പലരും ചെയ്യുന്ന കാര്യമാണ് ഒരു ടീ ബ്രേക്ക് എടുക്കുന്നത്. ഒരു ചായ കുടിച്ചാൽ ഉന്മേഷം കിട്ടുമെന്നും ക്ഷീണം മാറുമെന്നും തോന്നുന്നതിനാൽ ചായ കുടിക്കുന്നത് മിക്കവർക്കും മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ഒരു വഴിയാണ്. അതേസമയം ഇന്ന് പലരും ചായക്കൊപ്പം സിഗരറ്റ് ഉപയോഗിക്കുന്നതും ശീലമാക്കിയിട്ടുണ്ട്. എന്നാൽ ഈ ശീലം ശരീരത്തിന് ഉണ്ടാകുന്ന ദോഷം വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
2023-ൽ അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് പ്രസിദ്ധീകരിച്ച മെഡിക്കൽ ജേണലായ 'അനാൽസ് ഓഫ് ഇന്റേണൽ മെഡിസിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ചൂടുള്ള ചായ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുമെന്നും, ചായയ്‌ക്കൊപ്പം പുകവലിക്കുന്നത് ഈ അപകടസാധ്യത ഇരട്ടിയാക്കുമെന്നും പറയുന്നു. കാലക്രമേണ, ഈ ശീലം അർബുദത്തിന് കാരണമായേക്കാം.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ ദഹനത്തെ സഹായിക്കുന്നതിനായി ആമാശയത്തിൽ ഒരുതരം ആസിഡ് ഉത്പാദിപ്പിക്കുന്നു. എന്നാൽ, ഇത് അമിതമായി ഉള്ളിൽ ചെല്ലുന്നത് ആമാശയത്തിന്റെ ആവരണത്തിന് ദോഷം ചെയ്യും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ആമാശയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഹൈഡ്രോക്ളോറിക് ആസിഡ്, പെപ്‌സിൻ തുടങ്ങിയ "അഗ്രസീവ്" ഘടകങ്ങൾ വർദ്ധിപ്പിക്കുകയും, ആമാശയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. ഇത് അൾസർ, നെഞ്ചെരിച്ചില്‍ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, ആമാശയ സംബന്ധമായ മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും ഇതിന് കഴിയും. വെറുംവയറ്റിൽ ചായയും സിഗരറ്റും ഒരുമിച്ച് ഉപയോഗിക്കുന്നത് തലവേദന, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
ഇവ കൂടാതെ, വർധിച്ച ഹൃദ്രോഗ സാധ്യത, അന്നനാളത്തിലെ കാൻസർ, തൊണ്ടയിലെ കാൻസർ, ശ്വാസകോശ കാൻസർ, വന്ധ്യത, അൾസർ, കൈകളിലും കാലുകളിലും വ്രണങ്ങൾ, ഓർമ്മക്കുറവ്, മസ്തിഷ്കാഘാതം ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾക്കും ഈ ശീലം വഴിവെച്ചേക്കാം.