'പ്രിയ സഹോദരൻ'; തുർക്കി പ്രസിഡന്റിന് നന്ദി അറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി, കൂടിക്കാഴ്ച നടത്തി
ഇന്ത്യക്കെതിരെ പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിൽ പിന്തുണ പ്രഖ്യാപിച്ച്, പാകിസ്താനൊപ്പം നിന്ന രാജ്യമായിരുന്നു തുർക്കി. പ്രതിഷേധ സൂചകമായി ഇന്ത്യ തുർക്കിയിലേക്കുള്ള വിദേശയാത്രകൾ റദ്ദാക്കുകയും ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇന്ത്യയ്‌ക്കെതിരായ 'ദൃഢമായ പിന്തുണയ്ക്ക്' തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന് നന്ദി അറിയിച്ചിരിക്കുകയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്താംബൂളിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പ്രിയ സഹോദരൻ എന്നായിരുന്നു ഇരുവരും പരസ്പരം അഭിസംബോധന ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അചഞ്ചലമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി, പാകിസ്ഥാൻ തുർക്കി സൗഹൃദം നീണാൾ വാഴട്ടെ എന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
തുർക്കി പ്രസിഡന്റിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവന പ്രകാരം ഊർജ്ജം, വ്യാപാരം, ഗതാഗതം, പ്രതിരോധം എന്നീ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കൽ, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളിൽ തുർക്കിയും പാകിസ്ഥാനും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യം ഉർദുഗാനും വ്യക്തമാക്കി. മേഖലാ സ്ഥിരത ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.