പഴയ കുടയും ബാഗുമായി സ്കൂളില്‍ പോവാം, ഹീറോ ആകാം; ശുചിത്വ മിഷൻ നൽകും A+
സ്കൂള്‍ തുറക്കാറായി. പുതിയ വര്‍ഷം സ്കൂളില്‍ പോകുമ്പോള്‍ പുത്തനുടുപ്പും പുതിയ ബാഗും കുടയും ചെരുപ്പുമൊക്കെ വേണമെന്ന് വാശി പിടിക്കാറുണ്ട് കുട്ടികള്‍. കുട്ടികളെ വീഴ്ത്താന്‍ പാകത്തില്‍ പല നിറത്തിലും തരത്തിലുമുള്ള ബാഗുകളും കുടകളുമൊക്കെ വിപണി നിറയുന്ന സമയുവുമാണിത്. എന്നാല്‍ ഇത്തവണ സ്കൂളില്‍ പോവാന്‍ പുത്തന്‍ സാധനങ്ങളൊന്നും വേണ്ടെന്ന് വെച്ച് പഴയതു തന്നെ ഉപയോഗിച്ചാലോ? അതിന് അംഗീകാരം കിട്ടിയാലോ? അതിനുള്ള അവസരം നല്‍കുകയാണ് ശുചിത്വമിഷന്.
പുനരുപയോഗം പ്രോത്സാഹിപ്പിച്ച് മലിനീകരണം കുറയ്ക്കണമെന്ന ആശയം വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിനായി 'റി യൂസ് ഹീറോസ് റിയല്‍ ഹീറോസ്' എന്ന പേരില്‍ ക്യാമ്പയിന് ഒരുങ്ങുകയാണ് കോഴിക്കോട് ജില്ല ശുചിത്വ മിഷന്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി; പഴയ കുട, ചെരുപ്പ്, വാട്ടര്‍ ബോട്ടില്‍, ചോറ്റ് പാത്രം... എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി പുതിയ അധ്യയന വര്‍ഷം വിദ്യാലയങ്ങളിള്‍ എത്തുന്നവര്‍ക്ക് ''A+ സാക്ഷ്യപത്രവും'', അല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ''ബി പോസിറ്റീവ്'' സാക്ഷ്യപത്രവും ലഭ്യമാക്കും.