സുരക്ഷ മുഖ്യം; രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഇ-സ്‌കൂട്ടറിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് പോലീസ്

representational image
representational image

രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത വേഗത വളരെ കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നിലവില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമല്ല. എന്നാല്‍ ഇനിയങ്ങനെ പോരെന്നാണ് പോലീസ് പറയുന്നത്. ശേഷി കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് പോലീസ്. പരമാവധി വേഗത 25 കിലോമീറ്ററില്‍ കൂടാത്ത 250 വാട്ടില്‍ താഴെ ശേഷിയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മാറ്റം വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും നിലവില്‍ ശേഷി കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാം. വിദ്യാര്‍ഥികളടക്കം ഇവ ഉപയോഗിക്കുന്നുണ്ട്. ശേഷി കുറഞ്ഞ ഇ-സ്‌കൂട്ടറുകളില്‍ ഭക്ഷണവിതരണം ചെയ്യുന്നവരും ഒട്ടേറെയാണ്. ഇത്തരം വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവരുമുണ്ട്. കൂടുതല്‍പേര്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ റോഡിലെ അപകട മരണങ്ങള്‍ ഒഴിവാക്കാണ് പോലീസിന്റെ പുതിയ നിര്‍ദേശം. കഴിഞ്ഞദിവസം എറണാകുളത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ച 18-കാരന്‍ ബസിടിച്ച് മരിച്ച പശ്ചാത്തലത്തില്‍ ഈ ആവശ്യം ഉന്നയിച്ച് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രജിസ്ട്രേഷന്‍ വേണ്ടാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നത് സംബന്ധിച്ച വിഷയവും ചര്‍ച്ചയായിരുന്നു. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇങ്ങനെയുള്ള വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉടമകള്‍ക്ക് സാമ്പത്തികബാധ്യത വരും. രജിസ്ട്രേഷന്‍ വേണ്ടാത്തതിനാല്‍ ഇന്‍ഷുറന്‍സും വേണ്ടെന്ന ധാരണയാണ് മിക്കവര്‍ക്കും. എന്നാല്‍ സാധാരണ വാഹനങ്ങളിലേതുപോലെ, ശേഷി കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കും. രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലെങ്കിലും വാഹനത്തിന്റെ ഷാസി നമ്പര്‍ ഉപയോഗിച്ചാണ് ഇന്‍ഷുറന്‍സ് എടുക്കുന്നത്.

Content Highlights: police propose mandatory helmets for low power electric scooters