കൈയിലെ ശമ്പളം കുറയുമോ? 25,000 രൂപ പി.എഫ് മാറ്റം നിങ്ങൾക്ക് ലാഭമോ നഷ്ടമോ?
പി.എഫ് ശമ്പളപരിധി ഉയർത്തിയ വാർത്ത നിങ്ങളറിഞ്ഞിട്ടുണ്ടാകും. പക്ഷേ അതെങ്ങനെയാണ് നിങ്ങളുടെ ശമ്പളത്തിൽ മാറ്റം വരുത്തുക? 15,000 രൂപയായിരുന്ന പി.എഫ് ശമ്പളപരിധി 25,000 രൂപയാക്കിയാണല്ലോ വർധിപ്പിച്ചത്. സ്വാഭാവികമായും അടുത്ത മാസം കിട്ടുന്ന കൈയിൽ കിട്ടുന്ന ശമ്പളം കുറയും. പക്ഷേ പി.എഫ് വിഹിതം കൂടും. എങ്ങനെ?
പി.എഫ് നിയമപ്രകാരം ജീവനക്കാരൻ അടയ്ക്കേണ്ട പി.എഫ് വിഹിതം അടിസ്ഥാനശമ്പളത്തിന്റെ 12 ശതമാനമാണ്. നിലവിലെ 15,000 നിർബന്ധിത പരിധി ആയിരുന്നപ്പോൾ ആ തുകയുടെ 12 ശതമാനം. അതായത് 1800 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. പരിധി കൂട്ടിയതോടെ ജീവനക്കാരന്റെ വിഹിതമായി ഇനി പി.എഫിലേക്ക് പോകുക 1800 രൂപയ്ക്ക് പകരം 3000 രൂപയായിരിക്കും. ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് തൊഴിലുടമ നൽകേണ്ട വിഹിതത്തിൽ 3.67 ശതമാനം പി.എഫ് വിഹിതമായും ബാക്കി 8.33 ശതമാനം പി.എഫ് പെൻഷൻ ഫണ്ടിലേക്കുമാണ് അടയ്ക്കുന്നത്. കൃത്യമായി പറഞ്ഞാൽ കമ്പനി ജീവനക്കാരന്റെ പി.എഫ് വിഹിതമായി ഇതുവരെ 550 രൂപയും പെൻഷൻ വിഹിതമായി 1250 രൂപയുമാണ് അടച്ചിരുന്നത്. പുതിയ മാറ്റങ്ങൾ പ്രകാരം തൊഴിലുടമ ജീവനക്കാരന്റെ പി.എഫ് വിഹിതമായി 917.50 രൂപയും ജീവനക്കാരന്റെ പെൻഷൻ ഫണ്ടിലേക്ക് 2082.50 രൂപയുമാകും ഇനി അടയ്ക്കേണ്ടി വരുക.
അതായത് 25,000 രൂപ അടിസ്ഥന ശമ്പളമുള്ള ജീവനക്കാരന് പിടിത്തങ്ങൾ കഴിഞ്ഞ് ബാക്കി ലഭിച്ചുവരുന്ന ശമ്പളത്തിൽ അടുത്തമാസം മുതൽ 1200 കുറവ് വരും എന്ന് സാരം. ഈ തുക നഷ്ടപ്പെടുകയല്ല. മറിച്ച് പി.എഫ് വിഹിതമായി കൂടുന്നത് വഴി നിക്ഷേപമായി നീക്കിയിരിപ്പ് കൂടുകയും അതിന് പലിശയുടെ പിൻബലവുമുണ്ട്. അതുപോലെ പെൻഷൻ ഫണ്ടിലേക്ക് കൂടുതൽ തുക അടയ്ക്കുന്നതോടെ പി.എഫ് പെൻഷൻ തുകയിലും അനുപാതിക വർധന പ്രതീക്ഷിക്കാം. ഇത് വിരമിച്ച ശേഷം പെൻഷൻ തുക കൂടുതൽ ലഭിക്കുന്നതിനും വഴിയൊരുക്കും.