കാവിറ്റികൾ നിസാരമല്ല, പക്ഷാഘാതത്തിന് വഴിവെക്കുന്ന ‘സൈലന്റ്’ കില്ലറാകാം
ആരോഗ്യകരമായ ജീവിതത്തിന്റെ അടയാളങ്ങളിലൊന്നാണ് ആരോഗ്യമുള്ള മോണകളും പല്ലുകളും എന്ന് നമുക്കറിയാം. എന്നാൽ ദന്താരോഗ്യം വേണ്ടത്ര കാത്തുസൂക്ഷിക്കാൻ പലർക്കും മടിയാണ്. എന്നാൽ അത്തരക്കാർ കരുതിയിരിക്കണം. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഔദ്യോഗിക ജേണലായ ന്യൂറോളജി ഓപ്പൺ ആക്സസിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, കാവിറ്റികളും മോണരോഗങ്ങളും ഉള്ള ആളുകൾക്ക് ഇസ്കെമിക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മോണകളിലും പല്ലുകളിലും ഉണ്ടാകുന്ന അണുബാധ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 86% കൂട്ടുമെന്നാണ് പഠനം പറയുന്നത്.
ബാക്ടീരിയകൾ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുമ്പോഴാണ് കാവിറ്റീസ് ഉണ്ടാകുന്നത്. ശരിയായ രീതിയിൽ പല്ലുതേക്കാത്തതും ജനിതക പരമായ കാരണങ്ങളും പല്ലിൽ കാവിറ്റി ഉണ്ടാക്കും. പെരിയോഡോൺഡൽ രോഗം എന്നും അറിയപ്പെടുന്ന മോണരോഗം, മോണയെയും പല്ലുകളെയും ബന്ധിപ്പിക്കുന്ന അസ്ഥിയിലുണ്ടാകുന്ന അണുബാധയാണ്.
ഇത്തരത്തിൽ വായിൽ അണുബാധയുണ്ടാകുമ്പോൾ ബാക്ടീരിയകൾ രക്തത്തിൽ പ്രവേശിക്കും. ഈ ബാക്ടീരിയ കലർന്ന രക്തം ധമനികളിൽ വീക്കം ഉണ്ടാക്കും. രക്തം വ്യാപിക്കുന്തോറും പ്ലാക്ക് ധമനികളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. രക്തം കട്ടപിടിക്കുകയോ രക്തയോട്ടം തടസ്സപ്പെടുകയോ ചെയ്യുമ്പോൾ ഇത് തലച്ചോറിലേക്കുള്ള ഓക്സിജന്റെയും പോഷകങ്ങളുടെയും ഒഴുക്കിനെ ബാധിക്കുന്നു. ഇത്തരത്തിൽ ധമനികളിലുണ്ടാകുന്ന ബ്ലോക്കുകളാണ് ഇസ്കെമിക് സ്ട്രോക്കുകൾ. അതുകൊണ്ട്, ആരോഗ്യകരമായ മോണകളും പല്ലുകളും വെറും ബാഹ്യമായ ആരോഗ്യത്തിന്റെ അടയാളമല്ല; മറിച്ച്, തലച്ചോറിന്റെയും രക്തക്കുഴലുകളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഒരു ആന്തരിക പ്രതിരോധമാണ്. അതുകൊണ്ടുതന്നെ പല്ലുകളിൽ കാവിറ്റി ശ്രദ്ധയിൽപ്പെട്ടാൽ ഇനി നിസാരമാക്കരുത്.