രാത്രി ജോലിയും പകല്‍ ഉറക്കവുമാണോ? മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത 15% കൂടുതലെന്ന് പഠനം

നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരോടാണ്, സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വൃക്കകൾ അപകടത്തിലായേക്കാം. സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ ഒരു പഠനം. മയോക്ലിനിക് പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരിൽ മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. പ്രായം കുറവുള്ളവർക്കും അധികം ശാരീരിക പ്രവർത്തനങ്ങൾ ആവശ്യമില്ലാത്ത ജോലി ചെയ്യുന്നവർക്കുമാണ് ഇതിനുള്ള സാധ്യത കൂടുതലുള്ളത്.

പതിനാല് വർഷത്തോളം 220,000 ജീവനക്കാരില് നിന്നുള്ള ഡാറ്റ വികശലനം ചെയ്താണ് പഠനം നടത്തിയത്. പകൽ സമയത്ത് പതിവായി ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത 15% കൂടുതലാണെന്നാണ് കണ്ടെത്തിയത്. പ്രായം കുറഞ്ഞ ജീവനക്കാരെയും ഡെസ്ക് ജോലി പോലുള്ള അധികം ശരീരിക അധ്വാനം ആവശ്യമില്ലാത്ത ജോലികൾ ചെയ്യുന്നവരും ഇത് കൂടുതൽ ബാധിക്കും. ശരിയല്ലാത്ത ഉറക്കരീതി നിങ്ങളുടെ മെറ്റബോളിസം, ദഹനം, ഹോർമോൺ ബാലൻസ് എന്നിവയെ ബാധിക്കും, ഇത് വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കും. രാത്രി കുറച്ച് വെള്ളം കുടിക്കുന്നതും ക്രമരഹിതമായ ഭക്ഷണവും വ്യായാമം ചെയ്യാത്തതും കൂടി ആകുന്നതോടെ അപകടസാധ്യത വർദ്ധിക്കും.

നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കാൻ കഴിയാത്തവർ ഇത് കേട്ട് ടെൻഷനടിക്കേണ്ട, ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ കിഡ്ണി സ്റ്റോണിൽ നിന്ന് രക്ഷ നേടാം. ഒന്ന് നന്നായി വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് 2–3 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക. ഭക്ഷണക്രമത്തിലും ശ്രദ്ധിക്കാം. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, അമിതമായ ആനിമൽ പ്രോട്ടീൻ എന്നിവ കുറയ്ക്കുക, ഇവയെല്ലാം കല്ല് സാധ്യത വർദ്ധിപ്പിക്കും. നന്നായി ഉറങ്ങുക, വ്യായാമം ശീലമാക്കുക.

Content Highlights: New study reveals night shift work increases kidney stone risk by 15%. Learn how to protect your kidneys with simple lifestyle changes. Don`t let your job endanger your health.