കുനോയിലെ ചീറ്റയ്ക്ക് ഒറ്റ പ്രസവത്തിൽ നാലു കുഞ്ഞുങ്ങൾ

നമീബിയയിൽനിന്ന് ഇന്ത്യയിലേക്കു ചേക്കേറിയ ചീറ്റയ്ക്ക് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ സുഖപ്രസവം. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിലെത്തിച്ച ചീറ്റാസംഘത്തിലെ സിയ എന്ന ചീറ്റയാണ് നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

79 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയിൽ ഒരു ചീറ്റ പ്രസവിക്കുന്നത്. വൃക്കരോഗം ബാധിച്ച സാഷ എന്ന പെൺചീറ്റയുടെ വിയോഗം കുനോയെ വിഷാദമൂകമാക്കിയിരുന്നു. അതിനുപിന്നാലെ സിയയുടെ പ്രസവം വീണ്ടും ആഹ്ളാദം പരത്തി.

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ചീറ്റക്കുഞ്ഞുങ്ങളുടെ പിറവി സ്ഥിരീകരിച്ചത്. ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ കൊരിയ ജില്ലയിൽ 1947-ലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തത്. തുടർന്ന് 1952-ൽ ഇവയ്ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചിരുന്നു.

തുടർന്നാണ് നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചത്. നമീബിയയിൽനിന്ന് എട്ടും ദക്ഷിണാഫ്രിക്കയിൽനിന്ന് പന്ത്രണ്ടും ചീറ്റകളെയാണ് കൊണ്ടുവന്നത്. ഇവയിൽ ഒന്നാണ് കഴിഞ്ഞദിവസം ചത്തത്.

Content Highlights: namibian cheetah siyaya, cheetah cubs, kuno national park, madhya pradesh, namibia