ചാറ്റ് ജിപിടി പിന്തുണയോടുകൂടിയ ബിങ് സെർച്ച് സ്മാർട്ട്ഫോണുകളിലും; അനുകൂല പ്രതികരണമെന്ന് കമ്പനി

മൈക്രോസോഫ്റ്റിന്റെ ചാറ്റ് ജിപിടി സപ്പോർട്ടോട് കൂടിയ ബിങ് ബ്രൗസര്‍ ഇപ്പോള്‍ സ്മാര്‍ട്‌ഫോണുകളിലും ഉപയോഗിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവെെസുകളിൽ ഏറ്റവും പുതിയ ബിങ്, എഡ്ജ് ബ്രൗസറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സപ്പോർട്ട് ഉള്‍പ്പെടുത്തിയതിനൊപ്പം ആപ്പുകളിലെ യൂസര്‍ ഇന്റര്‍ഫെയ്‌സിലും കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 169 രാജ്യങ്ങളിലായി പത്ത് ലക്ഷത്തിലേറെ ആളുകള്‍ ഇതിനകം പുതിയ ബിങ് ബ്രൗസര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. 71 ശതമാനവും അനുകൂല പ്രതികരണമാണ് ഉപയോക്താക്കളില്‍ നിന്ന് കമ്പനി പറയുന്നു. 

നിലവില്‍ ബിങ് ബ്രൗസറില്‍ എഐ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് സൈന്‍ ഇന്‍ ചെയ്യണം. പ്രിവ്യൂ വേർഷൻ ആയതിനാൽ മുന്‍ഗണനാ ക്രമം അനുസരിച്ചാണ് ഈ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. പുതിയ എഡ്ജ് ആപ്പിനൊപ്പം 'ബിങ് ഫോര്‍ സ്‌കൈപ്പ്' എന്ന പേരില്‍ ഒരു പുതിയ സേവനവും മൈക്രോസോഫ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കള്‍ക്ക് സ്‌കൈപ്പ് ഗ്രൂപ്പില്‍ ബിങ് ആഡ് ചെയ്യാൻ സാധിക്കും. ഒരു ചാറ്റ്‌ബോട്ടായാണ് ഇത് പ്രവർത്തിക്കുക.

Content Highlights: microsoft introduces chat gpt supported bing search in smartphones