ലിഥിയം ബാറ്ററികള്‍ക്ക് ബദല്‍, ആറ് മിനിറ്റില്‍ 80% ചാര്‍ജ്; പുതിയ സോഡിയം അയോണ്‍ ബാറ്ററിയുമായി ഇന്ത്യ

വെറും ആറ് മിനിറ്റില്‍ 80% വരെ ചാര്‍ജ്. ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത സോഡിയം അയോണ്‍ ബാറ്ററി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞപോലെ ആറു മിനിറ്റുകൊണ്ട് 80% ചാര്‍ജ് ചെയ്യുന്നതും 3,000ത്തിലധികം ചാര്‍ജിങ് സൈക്കിളുകള്‍ നല്‍കുന്നതുമാണ് ഈ സോഡിയം-അയോണ്‍ ബാറ്ററി. ഇലക്ട്രിക് വാഹനങ്ങളിലും ഊര്‍ജ്ജ സംഭരണത്തിലും ലിഥിയം അയോണ്‍ ബാറ്ററികളെ ആശ്രയിക്കുന്ന ലോകത്തിന് പുതിയൊരു വഴി തുറക്കുകയാണ് ഇന്ത്യ.
ലിഥിയം ബാറ്ററികള്‍ കാര്യക്ഷമമാണെങ്കിലും ചെലവേറിയതും ലിഥിയം കൊബോള്‍ട്ട് പോലുള്ളവയുടെ ലഭ്യത പരിമിതവുമാണ്. എന്നാല്‍ പുതിയ സോഡിയം-അയോണ്‍ ബാറ്ററി ദീര്‍ഘകാലം നിലനില്‍ക്കുന്നതും ചെലവുകുറഞ്ഞതും അതിവേഗം ചാര്‍ജ് ചെയ്യാവുന്നതുമാണ്. മാത്രമല്ല ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമാണ് സോഡിയം അയോണ്‍ ബാറ്ററികള്‍. മാത്രമല്ല ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യുന്നു.
1970 കളിലാണ് ആദ്യമായി സോഡിയം അയോണ്‍ ബാറ്ററിയെന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. ലിഥിയം അയോണ്‍ ബാറ്ററിയുടെ വെല്ലുവിളികള്‍ മറികടക്കാന്‍ സോഡിയം അയോണ്‍ ബാറ്ററിക്ക് സാധിക്കുമെന്നതാണ് അതിനുള്ള കാരണം. ചില ലോ റേഞ്ച് ഇലക്ട്രിക് വാഹനങ്ങളില്‍ ചൈനയും ഫോക്‌സ്വാഗന്‍ പോലുള്ള വാഹനനിര്‍മാതാക്കളും ഇതിനോടകം സോഡിയം അയോണ്‍ ബാറ്ററിപരീക്ഷിച്ചിട്ടുണ്ട്. ഗവേഷണ ഘട്ടത്തിലുള്ള ഈ ഇന്ത്യന്‍ സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമായാല്‍ ചൈനയുടെ ലിഥിയം ആധിപത്യത്തിന് വെല്ലുവിളിയാകുന്നതിനൊപ്പം കുറഞ്ഞ ചെലവില്‍ മികച്ച ബാറ്ററി സാങ്കേതികവിദ്യ കൂടി ലോകത്തിന് ലഭ്യമാകും.
Inshorts | Indian scientists develop a sodium-ion battery charging 80% in 6 minutes, offering a cheaper, safer alternative to lithium-ion batteries.