ശക്തിയുറപ്പിക്കാന്‍ ഹോണ്ടയും നിസ്സാനും
ഇലക്ട്രിക് വാഹനരംഗത്ത് ശക്തിയുറപ്പിക്കാന്‍ ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോര്‍ക്കാന്‍ ഒരുങ്ങുന്നു. ലയനം സാധ്യമായാല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണക്കമ്പനികളിലൊന്നിന്റെ പിറവിയായിരിക്കും അത്.
ടെസ്ലയും ചൈനീസ് വാഹനനിര്‍മാതാക്കളും അടക്കിവാഴുന്ന ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേയ്ക്കാണ് ഈ ചുവടുവെയ്പ്.നിസാന്‍-ഹോണ്ട കമ്പനികളുടെ കുടക്കീഴില്‍ പുതിയൊരു സംരംഭം ആരംഭിക്കാനുള്ള സാധ്യതയും ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെന്നാണ് സൂചന.
ഇവര്‍ക്കൊപ്പം മറ്റൊരു ജാപ്പനീസ് വാഹനനിര്‍മാതാക്കളായ മിത്സുബിഷി'യും പങ്കാളികളായേക്കും.നിസാന്‍ ആണ് 24% ഓഹരി പങ്കാളിത്തവുമായി മിത്‌സുബിഷിയുടെ മുഖ്യ ഓഹരി ഉടമകള്‍.
ടൊയോട്ടയ്ക്ക് പിന്നിലായി യഥാക്രമം ജപ്പാനിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വാഹന നിര്‍മാണക്കമ്പനികളാണ് ഹോണ്ടയും നിസാനും.ഓഗസ്റ്റില്‍ ഹോണ്ടയും നിസാനും ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായിരുന്നു.
ഇലക്ട്രിക്കിന് പകരം ഹൈബ്രിഡ് മോഡലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് ജാപ്പനീസ് വാഹന കമ്പനികളെ ആഗോളതലത്തില്‍ തളര്‍ത്തിയിരുന്നു.ഇ.വിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയതോടെയാണ് ചൈന ലോകത്തെ ഏറ്റവും വലിയ കാര്‍ കയറ്റുമതി രാജ്യമെന്ന നേട്ടം കൈവരിച്ചത്. 2023-ല്‍ ജപ്പാനെ പിന്തള്ളിയായിരുന്നു ഈ മുന്നേറ്റം.
ജപ്പാനിലെ മൊത്തം കാര്‍ വില്‍പനയില്‍ രണ്ടു ശതമാനത്തോളമേ ഇ.വികളുള്ളൂ. യൂറോപ്പിലാകട്ടെ ഇത് 15 ശതമാനത്തിലധികമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കൂടിയത് .ചൈനയിലെ വിപണിവിഹിതത്തിലും ഹോണ്ടയ്ക്കും നിസ്സാനും വന്‍ ഇടിവുണ്ടാക്കി. ലയനവാര്‍ത്ത ഇരുകമ്പനികളും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
നവംബറിലെ കണക്കു പ്രകാരം ലോകമാകെയുള്ള ഇലക്ട്രിക് കാര്‍ വില്‍പനയില്‍ 70 ശതമാനവും ചൈനീസ് കമ്പനികളാണ് കയ്യടക്കിവെച്ചിരിക്കുന്നത്. അതേസമയം 2023-ല്‍ രാജ്യാന്തരവിപണിയില്‍ 74 ലക്ഷം കാറുകള്‍ വിറ്റ കമ്പനികളാണ് ഹോണ്ടയും നിസാനും. വാഹന ബ്രാന്‍ഡുകളിലെ ഭീമന്മാരായ ടൊയോട്ടയ്ക്കും ടെസ്‌ലയ്ക്കും ഈ ലയനം വെല്ലുവിളി ഉയര്‍ത്തുമോയെന്ന് കാത്തിരുന്നു കാണാം.
inshort-Honda and Nissan are reportedly exploring a merger to compete in the electric vehicle market, dominated by Tesla and Chinese manufacturers.