രോഗഭീതി, ആരോഗ്യപരിശോധനക്ക് വിമുഖത; ഫോഫോയെ എങ്ങനെ മറികടക്കാം?

രോഗം ഉണ്ടെന്ന് തോന്നിയാൽ എന്തു ചെയ്യും. ഡോക്ടറുടെ അടുത്ത് പോയി ‌ചികിത്സിക്കും. എന്നാൽ പലരും അങ്ങനെയല്ല. അവർക്ക് ചിലപ്പോൾ ഫോഫോ ആയേക്കാം. എന്താണ് ഈ ഫോഫോ... ലളിതമായി പറഞ്ഞാൽ, രോഗമുണ്ടോ എന്നുള്ള പേടി. അതിനെ വെറും പേടിയായി കാണേണ്ട. ഫിയർ ഓഫ് ഫൈന്റിങ് ഔട്ട്. അതാണ് ഫോഫോ.

എത്രയൊക്കെ ബോധവത്കരണം നടത്തിയിട്ടും മാമോഗ്രാം, പാപ് സ്മിയർസ്, എസ്ടിഡി ടെസ്റ്റ്, രക്തപരിശോധന, ഫുൾ ബോഡി സ്കിൻ കാൻസർ ടെസ്റ്റ് തുടങ്ങിയ ഹെൽത്ത് സ്ക്രീനിങ് ടെസ്റ്റുകൾ പലരും ചെയ്യാത്തതിന്റെ ഒരു കാരണം ഇതാണ്. തനിക്ക് ഈ രോഗം ഉണ്ടായാൽ എങ്ങനെ നേരിടും, നാണക്കേടാവുമോ എന്നൊക്കെയുള്ള ആശങ്ക മൂലം ഇത്തരം പരിശോധനകൾ ചെയ്യാതിരിക്കുന്ന ഒരു മനോഭാവമാണിത്.

2025-ൽ യുഎസിലെ 2,000 മുതിർന്ന ആളുകളിൽ നടത്തിയ ഒരു സർവേയിൽ, അഞ്ചിൽ മൂന്ന് പേർ ആരോഗ്യ പരിശോധനകൾ ഒഴിവാക്കുന്നതായി കണ്ടെത്തിയിരുന്നു. മോശം റിസൽട്ട് കേൾക്കേണ്ടിവരുമോ എന്ന പേടിയും നാണക്കേടും തന്നെയാണ് ഇതിനുള്ള കാരണമായി പറഞ്ഞതും. യുഎസിൽ തന്നെ 7,000 പേരിൽ നടത്തിയ മറ്റൊരു സർവെയിൽ കഴിഞ്ഞ വർഷം 51% പേർ മാത്രമേ പതിവ് മെഡിക്കൽ അപ്പോയിന്റ്മെന്റോ കാൻസർ പരിശോധനയോ നടത്തിയിരുന്നുള്ളൂവെന്നും കണ്ടെത്തിയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 10% കുറവാണിത്.

ഉത്കണ്ഠയിൽ നിന്നാണ് പലർക്കും ഫോഫോ ഉണ്ടാകുന്നത്. ചില ആളുകൾക്ക്, ആരോഗ്യ പരിപാലന സാഹചര്യങ്ങളിൽ ഉണ്ടായിട്ടുള്ള മോശം അനുഭവം കാരണമോ ഡോക്ടർമാരോടോ വൈദ്യ പരിചരണത്തോടോ ഉള്ള സാധാരണ ഭയമായ ഐട്രോഫോബിയയിൽ നിന്നോ ഫോഫോ ഉണ്ടാകാം. സ്‌ക്രീനിംഗ് പരിശോധനകൾ ഒഴിവാക്കുന്ന ഇത്തരം ആളുകൾ ചിലപ്പോൾ ഗൂഗിൾ ഡോക്ടറെയും ചാറ്റ്ബോട്ടിനെയും ആശ്രയിക്കാനും സാധ്യതയുണ്ട്.

എന്തെങ്കിലും രോഗസാധ്യതയുണ്ടെങ്കിൽ തന്നെ അത് കണ്ടെത്തി ചികിത്സിക്കാനാവാതെ സ്ഥിതി മോശമാകാൻ ഫോഫോ ഇടവരുത്തും. അതുകൊണ്ട് ഫോഫോയെ മറികടക്കാൻ സ്വയം ശ്രമിക്കണം. ഭയത്തെ നേരിടാൻ പഠിക്കാം. ഡോക്ടറുടെ സഹായവും ഇതിന് തേടാം. ഡോക്ടറോട് നിങ്ങളുടെ ആശങ്കകൾ പങ്കുവെയ്ക്കാം. ടെസ്റ്റുകൾ ചെയ്താൽ അത് നെഗറ്റീവാണെങ്കിലുണ്ടാവുന്ന ആശ്വാസത്തെ കുറിച്ചാലോചിക്കാം, പോസീറ്റീവാണെങ്കിൽ നേരത്തെ ചികിത്സിച്ച് രോഗമുക്തി നേടുന്നതിനെ കുറിച്ചാലോച്ചിക്കാം. ടെസ്റ്റുകൾ നടത്താതിരുന്നതുകൊണ്ട് രോഗം ഇല്ലാതാവില്ലെന്ന് ഓർക്കാം. ചുരുക്കിപ്പറഞ്ഞാൽ ഫോഫോ അത്ര ചില്ലറക്കാരനല്ല. അല്ലെങ്കിൽ ഫോഫോ തന്നെ മറ്റൊരു രോഗമാണ്.

Content Highlights: Understand FOFO, the fear of finding out about health issues. Learn why people avoid tests and how to overcome this anxiety for better health