ഒറിജിനലിന് പകരം റോബോട്ടിക് സ്രാവ്; പൊല്ലാപ്പിലായി ചൈനീസ് അക്വേറിയം

ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി തിമിംഗില സ്രാവുകളെ പ്രദര്‍ശിപ്പിച്ച പൊല്ലാപ്പിലായിരിക്കുകയാണ് ഒരു ചൈനീസ് അക്വേറിയം. തിമിംഗില സ്രാവെന്ന പേരില്‍ ഒരു റോബോട്ടിനെ ചൈനയിലെ സയോമേഷാ സീ വേള്‍ഡ് അക്വേറിയത്തിലാണ് പ്രദര്‍ശിപ്പിച്ചത്. അഞ്ച് വര്‍ഷം നീണ്ട പുനരുത്ഥാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ ഒന്നിനാണ് അക്വേറിയം തുറന്നത്. ലക്ഷക്കണക്കിനാളുകളാണ് ലോകത്തിലെ ഏറ്റവും വലിയ മീനിനെ കാണാനെത്തിയത്. 

40 ഡോളറായിരുന്നു ടിക്കറ്റ് നിരക്ക്. ആവശ്യത്തിനുള്ള സ്ഥലമില്ല, യഥാര്‍ഥ മീനിനെ പകരം റോബോട്ടിക് മീന്‍ തുടങ്ങി അക്വേറിയം തുറന്നത് മുതല്‍ വ്യാപക പരാതികളാണുയര്‍ന്നത്. ഇതോടെ മുടക്കിയ പണം തിരികെ നല്‍കണമെന്നും സന്ദര്‍ശകര്‍ ആവശ്യപ്പെട്ടു. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ മീനിനെ കാണിച്ചില്ലെങ്കിലും ആരെയും ഇങ്ങനെ കബളിപ്പിക്കരുതെന്നായിരുന്നു ചിലരുടെ കമന്റ്. 

18 മീറ്ററോളം നീളം വരുന്ന തിമിംഗില സ്രാവ് എറ്റവും വലിയ മീന്‍ കൂടിയാണ്. ഈ റോബോട്ടിക് മീന്‍ നിര്‍മിക്കുന്നതിനായി ദശലക്ഷക്കണക്കിന് ചൈനീസ് യുവാന്‍ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. കടലില്‍ രണ്ടായിരത്തോളം അടി ആഴത്തിലാണ് തിമിംഗില സ്രാവുകളുടെ സാന്നിധ്യമുള്ളത്. ചില സ്രാവുകള്‍ വലിയ മത്സ്യങ്ങളെ ആഹാരമാക്കാറുണ്ടെങ്കിലും തിമിംഗില  സ്രാവ് ചെറു മീനുകളെയാണ് ഭക്ഷണമാക്കുന്നത്. വളരെ പതിയയൊണ് തിമിംഗില സ്രാവുകള്‍ പ്രായപൂര്‍ത്തിയാവുക. കുറച്ചു കുഞ്ഞുങ്ങളെ മാത്രമേ ഇവ ഉത്പാദിപ്പിക്കൂ. അതിനാല്‍ നിലനില്‍പ് ഭീഷണിയുമുണ്ട്.
 

Content Highlights: china uses robotic whale shark instead of original one