മണിക്കൂറുകൾക്കകം ഉപ്പുവെള്ളത്തിൽ ലയിക്കുന്ന പ്ലാസ്റ്റിക് വികസിപ്പിച്ചെടുത്ത് ഗവേഷകർ

ലോകമെമ്പാടുമുള്ള സമുദ്ര മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പ്ലാസ്റ്റിക്. 500 വർഷം വരെ ദ്രവിക്കാതിരിക്കുന്ന പ്ലാസ്റ്റിക്കിന് പകരം വെള്ളത്തിൽ ലയിച്ചുപോകുന്ന പ്ലാസ്റ്റിക് ഉണ്ടായിരുന്നെങ്കിൽ ഈ മലിനീകരണം കുറയ്ക്കാനാവുമായിരുന്നില്ലേ. എന്നാൽ അത്തരത്തിലുള്ള പ്ലാസ്റ്റിക് മെറ്റീരിയൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജപ്പാനിലെ ശാസ്ത്രജ്ഞർ. 

ഉപ്പുമായി സമ്പർക്കം പുലർത്തുമ്പോൾ ഈ പുതിയ പ്ലാസ്റ്റിക് അതിന്റെ യഥാർത്ഥ ഘടകങ്ങളായി വിഘടിക്കും. ഈ ഘടകങ്ങളെ പിന്നീട് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ പ്രോസസ്സ് ചെയ്യുകയും മൈക്രോപ്ലാസ്റ്റിക് അല്ലെങ്കിൽ നാനോപ്ലാസ്റ്റിക് കണികകൾ ഇതിൽ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. റിക്കെൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിലെയും ടോക്കിയോ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ പ്ലാസ്റ്റിക്കിന്  പെട്രോളിയം ബേസ്ഡ് പ്ലാസ്റ്റിക്കിന്റെ ശക്തിയുണ്ടെന്നാണ് വിവരം.  

വാക്കോ സിറ്റിയിലെ ഒരു ലാബിൽ പുതിയ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് വസ്തുക്കൾ ഗവേഷകർ പ്രദർശിപ്പിച്ചതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഉപ്പുവെള്ളത്തിൽ ഈ പ്ലാസ്റ്റിക് ഒരു മണിക്കൂറിനുള്ളിൽ എങ്ങനെ ലയിച്ചുചേരുന്നുവെന്ന് പ്രദർശനത്തിൽ കാണിക്കുകയും ചെയ്തു. മണ്ണിലും ഉപ്പിന്റെ അംശമുള്ളതിനാൽ അവിടെയും ഈ പ്ലാസ്റ്റിക് ലയിച്ചുചേരും. പക്ഷേ 200 മണിക്കൂർ സമയമെടുക്കുമെന്നാണ് ​ഗവേഷകര് പറയുന്നത്. പുതിയ പ്ലാസ്റ്റിക് വസ്തുക്കൾ വിഷരഹിതമാണെന്നും, തീയെ പ്രതിരോധിക്കുന്ന കഴിവുള്ളതാണെന്നും, കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നില്ലെന്നുമാണ് റിപ്പോർട്ട്.

അതേസമയം വാണിജ്യ ആവശ്യങ്ങൾക്ക് ഈ മെറ്റീരിയൽ ഇപ്പോൾ ഉപയോ​ഗിക്കാനാവില്ലെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം ഇത് കോട്ടിങ് ആയി ഉപയോ​ഗിക്കാൻ വേണ്ട പരീക്ഷണങ്ങൾ പുരോ​ഗമിക്കുകയാണ്. 2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക് മലിനീകരണം മൂന്നിരട്ടിയാകുമെന്നും, സമുദ്രത്തിൽ മാത്രം പ്രതിവർഷം 23 മുതൽ 37 ദശലക്ഷം മെട്രിക് ടൺ മാലിന്യം വരെ ചേരുമെന്നുമാണ് യുഎൻ കണക്കുകൾ. 
 

Content Highlights: Scientists make new plastic that dissolves in water in a few hours