മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരിക-മാനസിക വൈകല്യങ്ങൾ മനസ്സിലാക്കാൻ AI മോഡൽ

പൂർണ വളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾക്ക് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ശാരീരിക-മാനസിക വെല്ലുവിളികൾ നിർമിതബുദ്ധിയുടെ സഹായത്തോടെ ഇനി മുൻകൂട്ടി കണ്ടുപിടിക്കാനായേക്കും. ഇതിനായുള്ള ഒരു AI മോഡൽ വികസിപ്പിച്ചിരിക്കുകയാണ് ​ഗവേഷകർ. 28 ആഴ്ച തികയുന്നതിന് മുമ്പ് ജനിച്ച കുട്ടികളിൽ ബുദ്ധിവളർ‌ച്ചക്കുറവിനും ശാരീരിക വെല്ലുവിളികൾക്കുമുള്ള സാധ്യത കൂടുതലാണ്.  ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ മതിയായ ചികിത്സാസഹായം നേരത്തെ തന്നെ ലഭ്യമാക്കാൻ സാധിക്കുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ ​ഗുണം. 

നെതർലൻഡ്സിലെ യൂട്രെ​ക്റ്റിലുള്ള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററാണ് മോഡൽ വികസിപ്പിച്ചത്. ജനിച്ചിട്ട് വെറും 3 ദിവസം തികഞ്ഞ കുട്ടികളുടെ തലച്ചോറിലെ പ്രവർത്തനങ്ങൾ വിശകലനം ചെയ്ത ഈ മോഡലിന് ഏതൊക്കെ കുട്ടികൾക്ക് ചെറുപ്പത്തിൽ ബുദ്ധിവൈകല്യമുണ്ടാവാൻ സാധ്യതയുണ്ടെന്ന് വളരെ കൃത്യമായി തിരിച്ചറിയാനായി. പ്രായം തികയാതെ ജനിക്കുന്ന ശിശുക്കളുടെ അച്ഛനമ്മമാർക്കും അവരെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഈ കണ്ടുപിടിത്തം ഏറെ സഹായകരമാകുമെന്നാണ് ​ഗവേഷകർ പറയുന്നത്. കൂടുതൽ മെഡിക്കൽ ഡേറ്റ ഉൾപ്പെടുത്തി മോഡലിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ​ഗവേഷകസംഘം തുടരും.

Content Highlights: AI help to understand premature baby issues