അർജുൻ കപൂറിനെ ബാധിച്ച ഹാഷിമോട്ടോസ് ഡിസീസ് ,എന്താണ് ഈ രോഗം?

അടുത്തിടെയാണ് ബോളിവുഡ് താരം അർജുൻ കപൂർ താൻ നേരിടുന്ന ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞത്. വിഷാദരോ​ഗത്തിന് തെറാപ്പി എടുത്തിരുന്നുവെന്നും ഹാഷിമോട്ടോസ് ഡിസീസ് എന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡർ സ്ഥിരീകരിച്ചു എന്നും നടൻ പറയുകയുണ്ടായി.

ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡറാണ് ഹാഷിമോട്ടോസ് ഡിസീസ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളാണ് രോ​ഗകാരണമാകുന്നത്. തൈറോയ്ഡ് കോശങ്ങള്‍ക്കെതിരേ സ്വന്തം പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുക എന്ന പിശകാണ് ഇവിടെ സംഭവിക്കുന്നത്. ഇതോടെ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു. തൈറോയ്ഡ്‌ ഹോർമോണുകളുടെ അളവ്‌ ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്നത്.

ചിലഘട്ടങ്ങളിൽ ഹാഷിമോട്ടോസ് ഡിസീസ് ഹൈപ്പർതൈറോയ്ഡിസത്തിനും കാരണമാകാറുണ്ട്. തൈറോയ്ഡ് ​ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനം മൂലമുണ്ടാകുന്ന രോ​ഗാവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. അമിതക്ഷീണം, വണ്ണംവെക്കുക, പേശികളിലും സന്ധികളിലും വേദന, മലബന്ധം, വരണ്ട മുടിയും ചർമവും, മുടികൊഴിച്ചിൽ, ആർത്തവക്രമക്കേടുകൾ,  ഹൃദയമിടിപ്പ് കുറയുക തുടങ്ങിയവയാണ് ഹാഷിമോട്ടോസ് ഡിസീസിന്റെ പ്രധാനലക്ഷണങ്ങൾ. 

Content Highlights: Actor Arjun Kapoor is fighting Hashimoto’s Thyroiditis details