സർക്കാർ തീരുമാനം തിരുത്തി ഗവർണറുടെ തുടക്കം; ആർലേക്കറിലൂടെ ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്ത്?

ർക്കാർ-ഗവർണർ പോര് കണ്ട സംഭവബഹുലമായ അഞ്ച് വർഷങ്ങൾക്ക് ശേഷം ആരിഫ് മുഹമ്മദ് ഖാന് പകരക്കാരനായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ കേരള ഗവർണറായിരിക്കുകയാണ്. പൂർണമായും ആർഎസ്എസുകാരനായ ആദ്യ കേരള ഗവർണർ. ബിജെപിക്കാരനായ ആരിഫ് മുഹമ്മദ് ഖാൻ ഇത്രയധികം തലവേദന സർക്കാരിനുണ്ടാക്കിയെങ്കിൽ, അടിയുറച്ച ആർഎസ്എസുകാരനായ ആർലേക്കർ പിണറായി സർക്കാരിന് മറ്റൊരു തലവേദനയാകുമോ? അതോ ഗവർണർ-സർക്കാർ ഊഷ്മള ബന്ധത്തിന്റെ നാളുകളാണോ ഇനി കാണാൻ പോകുന്നത്?

ഏതായാലും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സർക്കാർ തീരുമാനം തിരുത്തിക്കൊണ്ടാണ് ആർലേക്കറുടെ തുടക്കം. ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ സേനയിലുണ്ടായിരുന്ന ഏതാനംചില വിശ്വസ്തരെ മാറ്റി പകരം പുതിയ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് നിയോഗിച്ച തീരുമാനത്തിലാണ് ആർലേക്കർ ഇടപെട്ടത്. ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ആർലേക്കറുടെ ആവശ്യപ്രകാരം അവരെയെല്ലാം വീണ്ടും സുരക്ഷാ സേനയിൽ ഉൾപ്പെടുത്തുകയായിരുന്നു.

സർക്കാരിനെതിരായ തുറന്ന പോരിൽ ആരിഫ് മുഹമ്മദ് ഖാൻ എവിടെ നിർത്തിയോ അവിടെനിന്ന് തന്നെ പുതിയ ഗവർണറും തുടങ്ങുകയാണോ എന്ന ചോദ്യമാണ് രാജ്ഭവന്റെ ആദ്യ ഇടപെടലോടെ ഉയർന്നത്. എന്നാൽ വിരമിക്കാൻ മാസങ്ങൾ മാത്രമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാനുഷിക പരിഗണനവെച്ച് ചേർത്തുനിർത്തുക മാത്രമാണ് ഗവർണർ ചെയ്തതെന്നാണ് ഔദ്യോഗിക ഭാഷ്യം. 

തർക്കത്തിനില്ലെന്ന് ഗവർണർ, നല്ല ബന്ധം മതിയെന്ന് സർക്കാർ

ഏതായാലും സർക്കാരുമായി ഒരു തർക്കത്തിനുമില്ലെന്ന നിലപാടാണ് കേരളത്തിലെത്തുന്നതിന് മുമ്പേതന്നെ ആർലേക്കർ പരസ്യമായി വ്യക്തമാക്കിയത്. സർക്കാരിന് നിർദേശം നൽകാനോ വഴികാട്ടാനോ അല്ല, സഹായിക്കാൻ മാത്രമാണ് താൻ ഉദ്ദേശിക്കുന്നത് എന്നായിരുന്നു ഗവർണർ സ്ഥാനമേൽക്കും മുമ്പേ ആർലേക്കറിന്റെ പ്രതികരണം. ഇപ്പറഞ്ഞതൊക്കെ അതുപോല നടക്കുമോയെന്ന് കണ്ടറിയേണ്ടിവരും. 

ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് പോലും നൽകാതെ മടക്കിയയച്ചെങ്കിലും പുതിയ ഗവർണറെക്കുറിച്ച് മുൻവിധിയൊന്നുമില്ലാതെയാണ് സർക്കാരിന്റേയും നീക്കം. ഔപചാരികമാണെങ്കിൽ കൂടിയും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടെത്തി ഗവർണറെ സ്വീകരിച്ചതും അതിന്റെ ഭാഗമാണ്. പഴയ ഗവർണറുണ്ടാക്കിയ പൊല്ലാപ്പെല്ലാം മറന്ന് രാജ്ഭവനുമായി നല്ല ബന്ധമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നതിന്റെ തെളിവ് കൂടിയാണിത്.

ബിഹാറിൽ ചില്ലറക്കാരനായിരുന്നില്ല

ഹിമാചൽ പ്രദേശിലും ഏറ്റവും ഒടുവിൽ ബിഹാറിലും ഗവർണർ പദവിയിലിരുന്ന ശേഷമാണ് ആർലേക്കർ കേരളത്തിലേയും ഭരണത്തലവനാകുന്നത്. തീർത്തും സൗമ്യനായ സ്വഭാവക്കാരനാണെങ്കിലും നടപടികളിൽ ആ സൗമ്യതയൊന്നും ആർലേക്കറിനില്ല. ബിഹാർ ഗവർണറായിരിക്കെ കർക്കശമായ നടപടികൾ സ്വീകരിക്കാൻ യാതൊരു മടിയും അദ്ദേഹം കാണിച്ചിട്ടില്ല. ബിജെപി സഖ്യകക്ഷിയായിരുന്നിട്ട് പോലും നിതീഷ് കുമാർ സർക്കാരുമായി സർവകലാശാല വിഷയത്തിലടക്കം അദ്ദേഹം നീരസം പ്രകടിപ്പിച്ചിരുന്നു. 

ചാൻസലറുടെ അധികാരത്തെ വെല്ലുവിളിക്കുകയും സർവകലാശാലകളുടെ സ്വയം ഭരണാധികാരം വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്തതിന്  ബിഹാർ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച ചരിത്രവും ആർലേക്കറിനുണ്ട്. സ്വന്തമായി ഓഡിറ്റ് ടീമിനെ നിശ്ചയിച്ച് സർവകലാശാലകളിൽ ഓഡിറ്റ് നടത്താൻ പോലും തീരുമാനിച്ചയാളാണ് അദ്ദേഹം. പിണറായിയെ പോലെ നേർക്കുനേർ ഏറ്റുമുട്ടലിന് നിതീഷ് കുമാർ ഒരുക്കമല്ലാതിരുന്നതിനാൽ മാത്രം സർക്കാർ-ഗവർണർ പോര് ബിഹാറിലുണ്ടായില്ലെന്ന് മാത്രം.

നയപ്രഖ്യാപനത്തോടെ അറിയാം ഗവർണറുടെ നിലപാട്

ഏതായാലും ജനുവരി മധ്യത്തോടെ ചേരാനിരിക്കുന്ന പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനത്തിലറിയാം പിണറായി സർക്കാരിനെതിരേ ആണോ അതോ സർക്കാരിനൊപ്പം നിന്നാണോ ആർലേക്കർ പ്രവർത്തിക്കുകയെന്ന്. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭ ചേരുക. സർക്കാർ എഴുതി തയ്യാറാക്കി നൽകുന്ന ആ നയപ്രഖ്യാപന പ്രസംഗത്തിൽ പതിവുപോലെ കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സഭയിൽ ആ ഭാഗം ഗവർണർ വായിക്കുമോ എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അതായത് നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ സർക്കാരിനെതിരായ ഗവർണറുടെ നിലപാട് എന്താണെന്ന കാര്യത്തിൽ ഏറെക്കുറേ വ്യക്തത വരും.

ആർലേക്കറിലൂടെ ബിജെപി ലക്ഷ്യംവെക്കുന്നതെന്ത്?

ഓരോ സംസ്ഥാനങ്ങളിലും ഗവർണറെ നിയമിക്കുന്നതിന് ബിജെപിക്ക് കൃത്യമായി ലക്ഷ്യമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഒരു സ്ഥാനം കൊടുക്കാൻ വേണ്ടി മാത്രം ആരെയെങ്കിലും പിടിച്ച് ഗവർണറാക്കുന്ന പതിവ് ബിജെപിക്കില്ല. പ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന, ബിജെപിക്ക് അധികം ഹോൾഡില്ലാത്ത സംസ്ഥാനത്ത്. തികഞ്ഞ സംഘപരിവാറുകാരനായ ആർലേക്കരെ ഗവർണറായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വരാൻ പോകുന്ന ഗവർണർ ആരാണ് എന്ന് നിങ്ങൾക്കറിയില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പരസ്യമായി പറഞ്ഞതും വേണമെങ്കിലും ഇതിനോട് കൂട്ടിവായിക്കാം. 

ഗോവ സ്വദേശിയായ ആർലേക്കർ ചെറുപ്പംമുതലേ ആർഎസ്എസിൽ പ്രവർത്തിച്ച് പടിപടിയായി ഉയർന്നുവന്നളായാണ്. ഗോവ ബിജെപിയുടെ ജനപ്രിയമുഖങ്ങളിലൊരാൾ. 25 ശതമാനത്തിലധികം ക്രൈസ്തവരുള്ള ഗോവയിൽ ക്രൈസ്തവ സഭയുമായി നല്ല ബന്ധമുള്ള നേതാവ് കൂടിയാണ് ആർലേക്കർ. രണ്ടുതവണ എംഎൽഎയായി. 2014ൽ പരീക്കറിന് പകരം മുഖ്യമന്ത്രി പദത്തിലേക്ക് വരെ പറഞ്ഞുകേട്ടിരുന്ന പേരായിരുന്നു ആർലേക്കറിന്റേത്.

2015 ഗോവ മന്ത്രിസഭാ പുനസംഘടനയിൽ വനംപരിസ്ഥിതി വകുപ്പ് മന്ത്രിയായി. സ്പീക്കർ പദവിയും വഹിച്ചു. 2021 ജൂലായിൽ ഹിമാചൽ പ്രദേശ് ഗവർണറായി. 2023 ഫെബ്രുവരിയിൽ ബിഹാർ ഗവർണറായും നിയമിതനായി. ഒടുവിൽ ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറാക്കിയതോടെ ആർലേക്കർ അവിടെനിന്നും നേരേ കേരളത്തിലേക്കുമെത്തി. 

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ശേഷിക്കെ ഗവർണറിലൂടെ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുമോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. നേരത്ത ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ കൊണ്ടുവന്നത് വഴി മുസ്ലീം ന്യൂനപക്ഷ വോട്ട് ബിജെപി ലക്ഷ്യമിട്ടെങ്കിലും അത് വേണ്ടത്ര ഫലംകണ്ടിരുന്നില്ല. ക്രൈസ്തവ സഭകളോട് നല്ല ബന്ധമുള്ള ആർലേക്കറിലൂടെ ക്രിസ്ത്യൻ വോട്ടുബാങ്കും ബിജെപി ഉന്നംവെക്കുന്നുണ്ട്. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ഉൾപ്പെടെ ക്രൈസ്തവ പിന്തുണ ആർജിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ക്രൈസ്തവ പിന്തുണ നേടാൻ പുതിയ ഗവർണറേയും ബിജെപി പരീക്ഷിക്കുന്നത്. 

എന്തായാലും ആരിഫ് മുഹമ്മദ് ഖാന്റെ പരസ്യപ്രതികരണരീതി ആർലേക്കർ പിന്തുടർന്നേക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എങ്കിലും
കർശന നടപടികളിലൂടെ ആരിഫ് മുഹമ്മദ് ഖാനെ പോലെ പ്രതിപക്ഷത്തെക്കാൾ വലിയ പ്രതിപക്ഷമായി ആർലേക്കർ മാറുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം...

Content Highlights: who is rajendra vishwanath arlekar will his approach differ from arif mohammed khan