EXPLAINED | 'പഴഞ്ചൻ' പേജർ എന്തുകൊണ്ടാണ് ഇപ്പോഴും ഉപയോഗിക്കുന്നത്, മാഫിയകളും ആരോഗ്യമേഖലയിലും !

.
.

സ്മാർട് ഫോൺ കാലത്ത് കാലഹരണപ്പെട്ട ആശയവിനിമയ ഉപകരണം. ഗാഡ്ജെറ്റുകളുടെ കുത്തൊഴുക്കിൽ പുതിയ പലരും കേട്ടിട്ടില്ലാത്ത, അറിയാവുന്നവർ പോലും മറന്നു പോയ പേജർ... ആ പേജറാണ് ഇന്ന് വാർത്തകളിൽ നിറയുന്നത്. ലെബനനിൽ ചൊവ്വാഴ്ച 3000 പേജറുകളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്. ഇതിൽ 12 പേർ കൊലപ്പെടുകയും മൂവായിരത്തിനടുത്താളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെറും പൊട്ടിത്തെറിയല്ല, ശത്രുവിനെ വകവരുത്താൻ വിവര സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് നടത്തിയ മുമ്പെങ്ങും കേട്ടിട്ടുപോലുമില്ലാത്ത ആസൂത്രിത ആക്രമണം. പിന്നാലെ ഏതാണ്ട് ഇതേ രീതിയിൽ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചു, ഒട്ടേറെ പേർ മരിച്ചു. സത്യത്തിൽ എന്താണ് പേജർ ?

കൈയിൽ കൊണ്ടുനടക്കാവുന്ന, ഒരു ചെറു കാൽക്കുലേറ്ററോളം വലുപ്പത്തിലുള്ള, അല്ലെങ്കിൽ ഒരു വലിയ വാച്ചോളം വരുന്ന.. ഗാഡ്ജറ്റ്. മൊബൈലിന് മുമ്പ് പിറന്ന വയർലെസ് ആശയവിനിമയ ഉപാധി. എസ് എം എസ് പോലെ അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയ, ചെറിയ ടെക്സ്റ്റ് മെസേജുകൾ മറ്റൊരാൾക്ക് അയക്കാം, അവരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് അറിയിക്കാം, ഈ സന്ദേശം കിട്ടുന്നയാൾക്ക് ഒരു പ്രത്യേക ബീപ്പ് ശബ്ദത്തിൽ മുന്നറിയിപ്പ് ലഭിക്കും. വരുന്ന സന്ദേശങ്ങള്‍ തെളിയാന്‍ ചെറിയൊരു ഡിസ്‌പ്ലെയുമുണ്ട്. അക്കങ്ങള്‍ മാത്രം തെളിഞ്ഞുകാണുന്ന ന്യൂമറിക് പേജര്‍, നമ്പറും അക്ഷരങ്ങളും സ്ക്രീനില്‍ കാട്ടുന്ന ആല്‍ഫാന്യൂമറിക് പേജര്‍ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട് പേജറുകൾ. അദ്യത്തേത് പേജറിന്‍റെ ഏറ്റവും അടിസ്ഥാന രൂപമാണെങ്കിൽ ആല്‍ഫാന്യൂമറിക് പേജര്‍ അൽപം അഡ്വാൻസ്ഡാണ്. കൂടുതല്‍ വിശദമായ സന്ദേശം അയക്കാനും സ്വീകരിക്കാനും ഇതിന് കഴിയും. ബേസ് സ്റ്റേഷനില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി വഴിയാണ് പേജറുകള്‍ പ്രവര്‍ത്തിക്കുന്നത്. മൊബൈൽ നമ്മളെ കീഴടക്കുന്നതിന് മുമ്പ്, പേജറായിരുന്നു കുറഞ്ഞ കാലത്തേക്കായിരുന്നെങ്കിലും ചിലരുടേയെങ്കിലും സ്റ്റാറ്റസ് സിംബൽ.

1949-ൽ ആൽഫ്രഡ് ഗ്രോസ് എന്നയാളാണ് പേജർ രൂപകല്പന ചെയ്തതെന്നാണ് പേജർ നിർമാതാക്കളായ 'സ്പോക്' പറയുന്നത്. എന്നാൽ പേജർ എന്ന പദം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത് മോട്ടറോള കമ്പനിയാണ്. അവർ തന്നെയാണ് 1964-ൽ 'പേ ജർബോയ് 1' എന്ന പേരിൽ ആദ്യ പേജർ നിർമിച്ചതും. 2001 ൽ ആ മോട്ടറോള കമ്പനി പേജർ നിർമാണം അവസാനിപ്പിച്ചു. ഇപ്പോൾ ലോകത്ത് സെൽഫോൺ ലഭിക്കാത്ത മേഖലകളിലും ആശുപത്രികൾ പോലെ ചെറിയ നെറ്റ് വർക്കുകളിലും ചില ആവശ്യങ്ങൾക്ക് പേജർ ഉപയോഗിക്കുന്നുണ്ട്.

എന്തായാലും എൺപതുകളിലും തൊണ്ണൂറുകളിലും പേജറുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 1994- ൽ ലോകത്തുടനീളം 6.1 കോടി പേജറുകളാണ്‌ പ്രചാരത്തിലുണ്ടായിരുന്നത്. പക്ഷേ 2000-ന്റെ തുടക്കത്തിൽ സ്മാർട്ട്ഫോണുകളുടെ വരവോടെ പേജർ കാലഹരണപ്പെട്ടു.  

ജിപിഎസ്സൊക്കെ വ്യാപകമാവുന്നതിന് മുമ്പ് കണ്ടുപിടിക്കപ്പെട്ടതും, മൊബൈൽ ഫോണിന്റെ വരവോടെ വിപണി വിടുകയും ചെയ്ത ഈ ഗാഡ്ജെറ്റ് എന്തിനാണ് ലെബനനിൽ ഹിസ്ബുള്ളക്കാർ ഉപയോഗിച്ചു തുടങ്ങിയതെന്ന് ചോദിച്ചേക്കാം. ജിപിഎസ് ഇല്ല എന്നതാണ് കാരണം. നേരത്തേ ഹിസ്ബുള്ള നേതാക്കളെ ട്രാക്ക് ചെയ്ത് ഇസ്രയേൽ ആകാശ ആക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയത് മുതലാണ് അവർ പേജറിലേക്ക് തിരി‍‍ഞ്ഞത്.

പേജറിന് ഇന്റർനെറ്റുമായി ബന്ധമില്ലാത്തതിനാൽ ആർക്കും നിരീക്ഷിക്കാനാവില്ല. വിവരങ്ങളെല്ലാം വിശ്വസിച്ച് കൈമാറാം. അതുകൊണ്ട് ഇസ്രയേലിന്റെ ചാരക്കണ്ണുകളിൽനിന്ന് രക്ഷപ്പെടാൻ ഫോണിനേക്കാൾ നല്ലത് പേജർ തന്നെയാണെന്ന് അവർ വിശ്വസിച്ചിരുന്നു.

മൊബൈൽ- ടെലിഫോൺ -വൈഫൈ നെറ്റ് വർക്കുകളെപ്പോലെ സിഗ്നൽ പ്രശ്നങ്ങളോ മറ്റുതടസ്സങ്ങളോ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് രണ്ടാമത്തെ ഗുണം. വിദൂര പ്രദേശങ്ങളില്‍ പോലും പ്രധാനപ്പെട്ട സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഇതുവഴി കഴിയും. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും പേജറിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യാമെന്ന് നമ്മൾ നേരത്തേ പറഞ്ഞു. എളുപ്പത്തിൽ ഉപയോഗിക്കാം, ദീര്‍ഘമായ ബാറ്ററി ലൈഫ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

Inshort: The pager, once a ubiquitous communication device, has resurfaced in Lebanon, where it was used in a deadly attack. Learn about the pager`s history, its resurgence, and the reasons behind its use.

Content Highlights: What Is A Pager And Why Hezbollah Still Relies On This Outdated Device