'വയ്യ, അവനും ഒപ്പംവരട്ടെ, പണം കൊടുത്തുവിടാം'; പിന്നെ കണ്ടത് ചോരയില്‍കുളിച്ച ശരത്തിനേയും കൃപേഷിനേയും
2019 ഫെബ്രുവരി 17. ഏതാണ്ട് 700 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന പെരുങ്കളിയാട്ടത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കല്യോട്ട്ഗ്രാമം. പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപീകരണത്തിന്റെ ഭാഗമായി ഏതാണ്ട് പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്ത വലിയൊരു യോഗം നടക്കുകയാണ് കല്യോട്ട്. ചെണ്ടമേളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്ന കൃപേഷും ശരത്‌ലാലുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. അന്നദാനപ്പുരയില്‍ ഊര്‍ജസ്വലരായി അവര്‍ ഓടി നടന്നു. പാത്രങ്ങളെല്ലാം കഴുകിവച്ച് പണികളെല്ലാം തീര്‍ത്ത് സന്ധ്യയോടെ കൂട്ടുകാരെല്ലാം ഇരുന്ന് കൂട്ടുകാരന്‍ ദീപുവിന്റെ കല്യാണത്തെ കുറിച്ച് സംസാരിക്കുകയാണ്. മഞ്ഞക്കുര്‍ത്ത വാങ്ങണമെന്ന് നേരത്തേ തീരുമാനിച്ചിട്ടുണ്ട്. വിവാഹത്തിനിനി അധികം ദിവസമില്ല. കടക്കാരന് കൊടുക്കേണ്ട പണം ശരത്തിന്റെ വീട്ടിലാണുള്ളത്. 'എനിക്ക് തീരെ കഴിയുന്നില്ല. കൃപേഷ് ഒപ്പം വരട്ടെ. അവന്റെ കൈയില്‍ പണം കൊടുത്തുവിടാം' എന്ന് പറഞ്ഞാണ് കൂരാങ്കരയിലെ ശരത്‌ലാലിന്റെ വീട്ടിലേക്ക് കൃപേഷും ശരത്ലാലും ബൈക്കില്‍ മടങ്ങുന്നത്. അതവരുടെ അവസാന യാത്രയാകുമെന്ന് ഒരാള്‍ പോലും നിനച്ചിരുന്നില്ല. ശത്രുപാളയം ഒഴികെ.
കല്യോട്ട് ക്ഷേത്രത്തില്‍നിന്ന് കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് ഒരുകിലോമീറ്ററോളം ദൂരം. ശരത്താണ് ബൈക്ക് ഓടിച്ചത്. പിറകില്‍ കൃപേഷും. കല്യോട്ട്-കൂരങ്കര റോഡില്‍ 700 മീറ്റര്‍ പിന്നിട്ടു. ഏതാണ്ട് വീടിനടുത്തെത്താറായി. ജീപ്പിലെത്തിയ ഒരു സംഘം ബൈക്ക് തടഞ്ഞു. ചാടിവീണ ആക്രമിസംഘം ഇരുവരെയും ഇരുമ്പുവടികൊണ്ട് അടിച്ചുവീഴ്ത്തി. അക്രമി വാള്‍വീശുന്നത് കണ്ട കൃപേഷ് തലകുനിച്ചതും വാള്‍ ചെന്നുപതിച്ചത് നെറ്റിയോട് ചേര്‍ന്ന്. തലയുടെ മുകള്‍ഭാഗം ചെത്തിയനിലയില്‍ താഴേക്ക് വീണ കൃപേഷ് കുറ്റിക്കാട്ടിലേക്ക് ജീവനും കൊണ്ടോടി. അപ്പോഴേക്കും പിന്നിലിരുന്ന ശരത്‌ലാലിന് തുരുതുരാ വെട്ടേറ്റിരുന്നു.
വാള്‍കൊണ്ട് തുരുതുരാ വെട്ടിയശേഷം ആക്രമികള്‍ ഓടിമറഞ്ഞു. ഞായറാഴ്ച ആയതുകൊണ്ടും ഇരുട്ട് വീണതുകൊണ്ടും അധികമാരും ആ വഴിയിലുണ്ടായിരുന്നില്ല. ബന്ധുവിന്റെ കല്യാണവിരുന്ന് കഴിഞ്ഞ് പിന്നീടെപ്പോഴോ ശരത്‌ലാലിന്റെ സഹോദരി അമൃതയും ബന്ധുക്കളും ജീപ്പില്‍ അതുവഴി വരുന്നു. ജീപ്പിന്റെ വെളിച്ചത്തില്‍ റോഡരികില്‍ ആരോ കിടക്കുന്നത് കണ്ട് വണ്ടി നിര്‍ത്തി. അമൃതയും വല്യച്ഛന്‍ ദാമോദരനുമടക്കം ജീപ്പിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. വീണുകിടക്കുന്നതാരെന്നറിയാന്‍ ടോര്‍ച്ചടിച്ചതും അമൃതയായിരുന്നു. തളം കെട്ടിക്കിടക്കുന്ന ചോരയില്‍ പിടയുന്നത് ഏട്ടനാണെന്നറിഞ്ഞതും അമൃത തളര്‍ന്നുവീണു. കല്യോട്ടുകാര്‍ക്കോ അമൃതയ്‌ക്കോ അന്നോളം അങ്ങനെയൊരു കാഴ്ച പരിചിതമായിരുന്നില്ല. അങ്ങനെയൊരു സംഭവവും. അബോധാവസ്ഥയിലായിരുന്ന ശരത്തിനെ വാരിയെടുത്ത് ദാമോദരനും ബന്ധുക്കളും ആശുപത്രിയിലേക്കോടി. വിവരമറിഞ്ഞ് അപ്പോഴേക്കും ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ആ അന്വേഷണത്തിലാണ് ശരത്ത്ലാലിനൊപ്പം കൃപേഷുമുണ്ടായിരുന്നു എന്ന വിവരം നാട്ടുകാരാരോ അറിയിക്കുന്നത്. തിരച്ചില്‍ നടത്തിയപ്പോള്‍ വെറും 150 മീറ്റര്‍ മാത്രമപ്പുറത്ത് മരണത്തോട് മല്ലിടുകയായിരുന്നു ആ 21കാരന്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ കൃപേഷും ആശുപത്രിയില്‍ വെച്ച് ശരത്തും മരണത്തിന് കീഴടങ്ങി. കൂലിപ്പണിയില്‍ ജീവിതം കഴിഞ്ഞുപോയ രണ്ട് കുടുംബങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്നാണ് ആ രാവ് പുലര്‍ന്നത്. കേരളത്തിന്റെ രാഷ്ട്രീയക്കൊലപാതക ചരിത്രത്തിലേക്ക് രണ്ട് പേര്‍കൂടി. ശരത്ത്‌ലാലിനേയും കൃപേഷിനേയും അവസാനമായി ഒരുനോക്കു കാണാന്‍ ജനം കല്യോട്ടേക്ക് ഒഴുകിയെത്തി.
ലോക്കല്‍ പോലീസില്‍ നിന്ന് സിബിഐയിലേക്ക്
സി.പി.എം. പെരിയേലാക്കല്‍ കമ്മിറ്റിയംഗം പീതാംബരെന മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ 11 അംഗ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് സംഘത്തില്‍ ശരത്തുമുണ്ടായിരുന്നു. റിമാന്‍ഡ് തടവിന് ശേഷം തലേദിവസമായിരുന്നു പുറത്തിറങ്ങിയതും. ആ വിരോധമാണ് അരുംകൊലയ്ക്ക് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. ഫെബ്രുവരി 18ന് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അന്ന് തന്നെ എ. പീതാംബരനും സഹായി സജി ജോര്‍ജും അറസ്റ്റിലായി. പിതാംബരനെ പാര്‍ട്ടി പുറത്താക്കി.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ച കേസ്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വരെ പോയ കേസെന്ന ചരിത്രം കൂടി പെരിയ കേസിനുണ്ട്. 90.92 ലക്ഷം രൂപയാണ് അഭിഭാഷകര്‍ക്കുള്ള ഫീസുള്‍പ്പടെ അന്ന് സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ചെലവാക്കിയത്
ഫെബ്രുവരി21നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. വി.എം മുഹമ്മദ് റഫീക്കിനായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ മാര്‍ച്ച് രണ്ടിന് അന്വേഷണതലവനായ മുഹമ്മദ് റഫീക്കിനെ അടക്കം പലരേയും സര്‍ക്കാര്‍ മാറ്റി. അന്വേഷണം മറ്റുപലരിലേക്കും നീങ്ങുന്നത് തടയിടാനായിരുന്നു അതിവേഗമുള്ള അഴിച്ചുപണിയെന്ന വിമര്‍ശനം പിന്നാലെയെത്തി. തുടക്കം മുതലേ സര്‍ക്കാരില്‍ വിശ്വാസമില്ലാതിരുന്ന ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് 2019 ഏപ്രില്‍ ഒന്നിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മെയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായ കെ.മണികണ്ഠനേയും പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ ബാലകൃഷണനേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മെയ് 20ന് അറസ്റ്റ് ചെയ്യപ്പെട്ട 14 പ്രതികള്‍ക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 30ന് അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഒക്ടോബര്‍ 29ന് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളി. സിബിഐ അന്വേഷണത്തിനെതിരേ നവംബര്‍ 19ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയെങ്കിലും ഡിസംബര്‍ ഒന്നിന് ആ അപ്പീല്‍ തള്ളപ്പെട്ടു. അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബര്‍ മൂന്നിന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്. ആകെയുണ്ടായിരുന്നത് 270 സാക്ഷികള്‍. കൊലപാതകം നടത്തിയ ഒന്നാം പ്രതി പീതാംബരന്‍ അടക്കമുളളവരെയാണ്. ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കില്‍ സംഭവത്തിനുപിന്നിലെ ഗൂഢലോചനയില്‍ പിടിമുറുക്കിയത് സിബിഐ ആയിരുന്നു. 14 പേരെ പ്രതി ചേര്‍ത്തതില്‍ 11 പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തതെങ്കില്‍ സിബിഐ കേസ് ഏറ്റെടുത്തതോടെ പത്ത് പേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തു
അങ്ങനെയാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, പാര്‍ട്ടി പാക്കം-പെരിയ ലോക്കല്‍ സെക്രട്ടറിമാരായിരുന്ന വെളുത്തോളി രാഘവന്‍, എന്‍. ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പ്രതികളായി. 24 പ്രതികളാണ് സി.ബി.ഐയുടെ കുറ്റപത്രത്തിലുള്ളത്.
ഇതില്‍ 14 പേരെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രതിപ്പട്ടികയില്‍ സി.ബി.ഐ. ചേര്‍ത്ത പത്തു പേരില്‍ അന്നു സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ അഞ്ചു പേര്‍ കാക്കനാട് ജയിലിലുമാണുള്ളത്. ഒന്നാം പ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, ആറാം പ്രതി ശ്രീരാഗ്, പത്താംപ്രതി രഞ്ജിത്ത് എന്നിവര്‍ക്ക് ഒരു ദിവസം പരോള്‍ ലഭിച്ചിരുന്നു.
ആറുവര്‍ഷം നീണ്ട നിയമയുദ്ധം...ഒടുവില്‍ ഇരട്ടജീവപര്യന്തം
14 പ്രതികള്‍ കുറ്റക്കാരാണന്ന് കണ്ടെത്തി 10 പ്രതികളെ കുറ്റവിമുക്തരാക്കി ഡിസംബര്‍ 28നാണ് സിബിഐ കോടതി ശിക്ഷവിധിക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റിയത്. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കുമൊടുവില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ, സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ഗിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ് , പത്താം പ്രതി ടി. രഞ്ജിത്ത്, 15–ാം പ്രതി എ.സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവർക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികളെ അഞ്ചുവർഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. 4-ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്.
കല്യോട്ടെ ഭഗവതിക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കാറുണ്ട് അമൃത ഇപ്പോഴും. പക്ഷേ അന്ന് ചോരയില്‍ കുളിച്ച് ശരത് വെട്ടേറ്റകിടന്ന റോഡരികിലേക്ക്, ആ മണ്ണിലേക്ക് അമൃത നോക്കാറില്ല. ഓര്‍മകളോരോന്നും കെടാക്കനലായി ഉള്ളുലയുമ്പോഴും ഏട്ടനുണ്ടെന്ന ധൈര്യത്തില്‍ നടക്കും...പതറാതെ
Content Highlights: Periya Case - CBI court sentences 10 accused to double life imprisonment