ഫുട്ബോളിൽ മാത്രമല്ല, വൈൽഡ്ലൈഫ് ഫോട്ടോഗ്രഫിയിലും സി.കെ. വിനീത് പുലിയാണ്
പ്രശസ്ത ഫുട്ബോൾ താരമായ സി.കെ. വിനീത് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന നേച്ചർ വൈബ്സ് എന്ന ചിത്രപ്രദർശനത്തിൽ വിനീതിന്റെ ക്യാമറയിൽ പതിഞ്ഞ കബനിയിലെ പുള്ളിപ്പുലിയും ആനമുടിയിലെ ഇലത്തവളയുമൊക്കെ കാണാം. ചെറുപ്പം മുതലേ കാട്ടിലേക്ക് യാത്ര പോകാൻ ഇഷ്ടമായിരുന്നെന്നും ക്യാമറ ഇഷ്ടം കൊണ്ട് പഠിച്ചെടുത്തതാണെന്നും വിനീത് പറയുന്നു.
ഫോട്ടോഗ്രാഫർമാരായ ജി. ശിവപ്രസാദ് , സിബി വെള്ളരിക്കുണ്ട്, അശോകൻ രചന, സിബി കെ .തമ്പി, ജിമ്മി കാമ്പല്ലൂർ, ഷാ സിറാജ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വന്യജീവി ഫോട്ടോ പ്രദർശനമാണ് കോട്ടയത്ത് നടക്കുന്നത്. നെല്ലിയാമ്പതി, ബന്ദിപ്പൂർ, ഗവി വനങ്ങളിൽ നിന്നൊക്കെ പകർത്തിയ മനോഹരമായ ചിത്രങ്ങൾ ആണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രദർശനം ഒക്ടോബർ 8 ന് സമാപിക്കും