വരുമാനത്തിന് പുതിയ വഴി; കേരളത്തിലെ ആദ്യ 'ഔദ്യോഗിക' ബൈക്ക് ടാക്സിയുമായി ജിനോ പീറ്റർ
പെരുമ്പാവൂർ സ്വദേശിയും നഴ്സുമായ ജിനോ പീറ്റർ അധിക വരുമാനത്തിനായി ഏതൊരു സാധാരണക്കാരനെയും പോലെ ആദ്യം ആശ്രയിച്ചത്. സ്വിഗ്ഗിയെയും സൊമാറ്റോയെയുമാണ്. പിന്നീട് യൂബറും റാപ്പിഡോയും പോലുള്ള ബൈക്ക് ടാക്സി പ്ലാറ്റ്‌ഫോമുകൾ സജീവമായപ്പോൾ ജിനോ ആ മേഖലയിലേക്ക് തിരിഞ്ഞു. എന്നാൽ അവിടെ ഒരു വലിയ പ്രതിസന്ധിയുണ്ടായിരുന്നു. ബൈക്കുകൾ 'വൈറ്റ് ബോർഡ്' (സ്വകാര്യ വാഹനം) ആയിരുന്നതിനാൽ ടാക്സിയായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരുന്നു. ഇത് പോലീസിന്റെ നടപടികൾക്കും മറ്റു ടാക്സി ഡ്രൈവർമാരുടെ എതിർപ്പുകൾക്കും കാരണമായി.
ഈ പ്രശ്നത്തിന് ഒരു സ്ഥിര പരിഹാരം വേണമെന്ന് ഉറപ്പിച്ച ജിനോ, തന്റെ ആക്സസ് സ്കൂട്ടർ ഔദ്യോഗികമായി ഒരു ടാക്സിയായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. ഏകദേശം 950 രൂപയോളം കൺവർഷൻ ചാർജും ഫിറ്റ്‌നസ് ഫീസും അടച്ച് വാഹനം ടെസ്റ്റിന് ഹാജരാക്കി. വെറും അഞ്ച് ദിവസത്തിനുള്ളിൽ ഓൺലൈൻ അപ്രൂവൽ ലഭിച്ചു. തുടർന്ന് 380 രൂപ കൂടി അടച്ച് ടാക്സി പെർമിറ്റും സ്വന്തമാക്കി. അങ്ങനെ കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക ബൈക്ക് ടാക്സി ജിനോ പീറ്ററിലൂടെ നിരത്തിലിറങ്ങി.
Content Highlights: How to Legally Register a Bike Taxi in Kerala: Jino Peter's Success Story