പിണറായി വിജയൻ പ്രതിപക്ഷ നേതാവായ തീരുമാനം മാറ്റത്തിന് വിരുദ്ധം- എം.ജി. രാധാകൃഷ്ണൻ
സിപിഎമ്മിൽ വലിയ മാറ്റത്തിനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞുവരുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നടത്തിയ ആത്മവിമർശനം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിലും പാർട്ടി നേതൃത്വത്തിലും ഉണ്ടായ പാളിച്ചകൾ കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. വ്യക്തിപൂജയും അധികാര കേന്ദ്രീകരണവും വലിയ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന തരത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തിയിട്ടുണ്ട്. തോമസ് ഐസക്കിനെപ്പോലുള്ള നേതാക്കളുടെ ഇപ്പോഴത്തെ വിമർശനങ്ങൾ സിപിഎമ്മിൽ സംഭവിക്കാനിടയുള്ള മാറ്റത്തിന്റെ സൂചനയാണ്. നേരത്തെ പിണറായി വിജയൻ പ്രതിനിധീകരിച്ച രാഷ്ട്രീയത്തെ ന്യായീകരിച്ചിരുന്ന നേതാക്കളുടെ നിലപാടിൽ ഇപ്പോൾ മാറ്റം കാണുന്നുണ്ട്. പിണറായി വിജയന്റെ നിലപാടിനെ പൂർണമായി ന്യായീകരിക്കുന്ന രീതിയിൽ അധികം നേതാക്കൾ രംഗത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.