പരിഹാസം പതിവാക്കിയ കളക്ടർ ബ്രോ, സസ്‌പെൻഷൻ ധാർഷ്ട്യത്തിന് കിട്ടിയ മറുപടിയോ? തുടർനടപടിയെന്ത്?

കോഴിക്കോട്ടുകാരുടെ കളക്ടർ ബ്രോ. 2015 ഫെബ്രുവരി മുതൽ 2017 ഫെബ്രുവരി വരെയുള്ള രണ്ട് വർഷം. അക്കാലത്ത് കോഴിക്കോട് കളക്ടറായിരിക്കെ നടത്തിയ ഇടപെടലുകളും യുവാക്കളെ കൈയിലെടുത്ത ഫെയ്‌സ്ബുക്ക് കുറിപ്പുകളുമായിരുന്നു എൻ പ്രശാന്ത് ഐഎഎസിനെ കളക്ടർ ബ്രോ ആക്കിയത്. ഇന്നിപ്പോൾ മറ്റൊരു ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പേരിൽ സർവീസിലെ ആദ്യ സസ്‌പെൻഷനുമായി വർത്തകളിൽ നിറയുകയാണ് പ്രശാന്ത്. മേലുദ്യോഗസ്ഥനെ വരെ പുച്ഛത്തോടെ പരിഹസിക്കുന്ന പ്രശാന്തിന്, ജനം ചാർത്തിനൽകിയ കളക്ടർ ബ്രോ പരിവേഷം പോലും കൈമോശം വന്നിരിക്കുകയാണോ?  

ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അധിക്ഷേപിച്ചുള്ള പ്രശാന്തിന്റെ തുറന്നെഴുത്ത്, സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. മാടമ്പള്ളിയിലെ യഥാർഥ ചിത്ത രോഗി, കർഷനാണ് കള പറിക്കാൻ ഇറങ്ങിയതാണ് എന്നിങ്ങനെ നീളുന്ന ഒളിയാക്രമണങ്ങൾ. തന്റെ ഐഎഎസ് ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല, ഈ നാട്ടിലെ പൊളിറ്റിക്സൊക്കെ എനിക്ക് പറ്റുമോ തുടങ്ങിയ ധാർഷ്ട്യത്തോടെയുള്ള പ്രതികരണങ്ങൾ. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ ഇത്ര ധൈര്യത്തോടെ പരസ്യ പ്രതികരണം നടത്താൻ ഒരു ഐഎഎസുകാരന് എങ്ങനെ ധൈര്യം ലഭിച്ചുവെന്ന് ആർക്കായാലും സംശയം വരാം.

ഇതേ വിവാദത്തിൽ മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ പരോക്ഷമായി പരിഹസിക്കുക കൂടി ചെയ്തതാണ് പ്രശാന്തിനെതിരായ നടപടി വേഗത്തിലാക്കിയത്. ഫെയ്സ്ബുക്ക് കുറിപ്പിലെ കമന്റ് ബോക്സിൽ, മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നെരാളുടെ ചോദ്യത്തിന് 'ഹൂ ഈസ് ദാറ്റ്' എന്ന പരിഹാസച്ചുവയോടെയുള്ള പ്രശാന്തിന്റെ പ്രതികരണമാണ് സർക്കാരിനേയും പാർട്ടിയേയും കൂടുതൽ ചൊടിപ്പിച്ചത്. മുൻ മന്ത്രിയെ തൊട്ട പ്രശാന്തിനെതിരായ നടപടിക്ക് പിന്നീട് അധികം കാലതാമസമുണ്ടായില്ല. പ്രശാന്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ഉടനടി സർക്കാർ അടിച്ചുകൊടുത്തു സസ്പെൻഷൻ വാറോല.

രാഘവനും കണ്ണന്താനത്തിനും വരെ പരിഹാസം

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പേരിൽ ഇതാദ്യമായല്ല പ്രശാന്ത് വിവാദങ്ങളിൽപ്പെടുന്നത്. കോഴിക്കോട് കളക്ടറായിരുന്ന കാലത്ത് തന്നെയായിരുന്നു ആദ്യ വിവാദം. എംപി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ ക്ലിയർ ചെയ്യുന്ന കാര്യത്തിലുള്ള തർക്കവുമായി ബന്ധപ്പെട്ട് അന്ന് കോൺഗ്രസ് എംപിയായിരുന്ന എംകെ രാഘവനെ ട്രോളിക്കൊണ്ടുള്ള കുറിപ്പാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കളക്ടർ പരസ്യമായി മാപ്പുപറയണമെന്ന ആവശ്യം ഉയർന്നപ്പോൾ കുന്നംകുളം മാപ്പിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അന്ന് രാഘവനെതിരേ കുന്നംകുളം മാപ്പാണെങ്കിൽ ഇന്ന് ജയതിലകിനെതിരേ കള പറിക്കൽ യന്ത്രത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു പ്രശാന്തിന്റെ വെല്ലുവിളി.

രാഘവന് ശേഷം, പ്രശാന്തിന്റെ അടുത്ത വിവാദമായ ഫെയ്സ്ബുക്ക് കുറിപ്പ് അൽഫോൺസ് കണ്ണന്താനത്തിനെതിരേ ആയിരുന്നു. 2017-ൽ അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രശാന്ത്. ബാങ്ക് മാനേജർ ബാങ്ക് കുത്തിത്തുറക്കുന്നത് കാണുമ്പോൾ സെക്യൂരിറ്റിക്കാരൻ എന്തുചെയ്യും എന്ന് ഫെയ്സ്ബുക്ക് കുറിപ്പാണ് അന്ന് പ്രശാന്തിന് വിനയായത്. മന്ത്രിക്കെതിരായ ആ പരോക്ഷ വിമർശനം വലിയ ചർച്ചയായതോടെ പ്രശാന്തിന്റെ സ്ഥാനംതെറിച്ചു.

മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി പ്രശാന്തിന് കോൺഗ്രസുകാരനെന്ന മുദ്രയും ഇതിനോടകം ചാർത്തിക്കിട്ടിയിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞ്, 2021ൽ മാധ്യമപ്രവർത്തകയ്ക്ക് മോശം സന്ദേശം അയച്ചുവെന്ന പരാതിയിൽ പ്രശാന്തിനെതിരേ പോലീസ് കേസെടുത്ത ചരിത്രവുമുണ്ട്.

അതായത് പ്രശാന്തിന്റെ പ്രകൃതം മുമ്പും ഇങ്ങനെയൊക്കെയാണ്. രാഷ്ട്രീയക്കാരെന്നോ ജനപ്രതിനിധിയെന്നോ മേലുദ്യോഗസ്ഥരെന്നോ പോലും നോക്കാതെയുള്ള പരിഹാസങ്ങൾ പ്രശാന്തിന് പുത്തരിയില്ല. ഉന്നത പദവിയിലിരിക്കെ ആരേയും കൂസാക്കാതെ, യാതൊരു നിയന്ത്രണവുമില്ലാതെ എന്തും വിളിച്ചുപറയാമെന്ന പ്രശാന്തിന്റെ ധാർഷ്ട്യത്തിന് കൂടിയുള്ള മറുപടിയാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ യാതൊരു കുറ്റബോധവുമില്ലാതെ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്നും അഭിപ്രായ സ്വാതന്ത്യം ഭരണഘടന തനിക്ക് നൽകുന്നുണ്ടെന്നുമാണ് സസ്പെൻഷൻ നടപടിക്ക് ശേഷവും പ്രശാന്തിന്റെ പ്രതികരണം.

സസ്‌പെൻഷനിലേക്ക് നയിച്ച വിവാദം

പട്ടിക വിഭാഗക്കാരുടെ ക്ഷേമത്തിനും പദ്ധതി നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയുടെ ഫയലുകൾ കാണാതായതിനെക്കുറിച്ച് ജയതിലക് മുഖ്യമന്ത്രിക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എൻ. പ്രശാന്ത് ഉന്നതി സി.ഇ.ഒ.യുമായിരുന്ന കാലത്താണ് ഫയലുകൾ കാണാതായത്. ഇക്കാലയളവിൽ പ്രശാന്ത് വ്യാജഹാജർ രേഖപ്പെടുത്തിയതടക്കമുള്ള കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് പുറത്തുവന്നതോടെയാണ് എല്ലാ സർവീസ് ചട്ടങ്ങളും ലംഘിച്ച് ജയതിലകിനെ പ്രശാന്ത് അധിക്ഷേപം തുടങ്ങിയത്. അച്ചടക്കനടപടിയുണ്ടാകുമെന്ന സൂചന ലഭിച്ചിട്ടും സാമൂഹികമാധ്യമ ആക്രമണം തുടരാൻ പ്രശാന്ത് മടികാണിച്ചതുമില്ല. മേലുദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കുകവഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിച്ഛായ തകർത്തുവെന്നും അദ്ദേഹത്തിന്റെ ചെയ്തിയിൽ നിഴലിക്കുന്നത് അസഹിഷ്ണുതയും എടുത്തുചാട്ടവുമാണെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

എന്നാൽ, ഐ.എ.എസ്. ഉദ്യോഗസ്ഥരിലെ ചേരിപ്പോരിനെത്തുടർന്നാണ് ഫയലുകൾ പ്രശാന്ത് മുക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നതെന്ന മറുവാദവും അതിനിടെ പൊളിഞ്ഞു. ഓഗസ്റ്റിൽത്തന്നെ പ്രശാന്ത് ഫയലുകൾ നൽകിയില്ലെന്നുകാണിച്ച് ജയതിലക് സർക്കാരിനു നൽകിയ റിപ്പോർട്ട് വിവരാവകാശനിയമപ്രകാരം പുറത്തുവന്നിരുന്നു. രണ്ടുമാസത്തിനുശേഷം നവംബർ ആദ്യമാണ് കെ. ഗോപാലകൃഷ്ണന്റെ വാട്‌സാപ്പ് ഗ്രൂപ്പ് വിവാദമുണ്ടാകുന്നത്. വാട്‌സാപ്പ് വിവാദപശ്ചാത്തലത്തിലാണ് ഫയൽ മുക്കിയ റിപ്പോർട്ട് പുറത്തുവന്നതെന്ന പ്രചാരണം പൊളിക്കുന്നതാണ് വിവരാവകാശരേഖ. റിപ്പോർട്ട് ചോർച്ചയ്ക്ക് പിന്നിൽ ജയതിലകും ഗോപാലകൃഷ്ണനുമാണെന്ന പ്രചാരണവും ഇതോടെ പൊളിഞ്ഞുവീണു.

എന്താകും തുടർനടപടി?

പ്രശാന്തിനെതിരായ അടുത്തഘട്ട നടപടിയുടെ ഭാഗമായി കുറ്റപത്രം, അഥവാ മെമ്മോ ഓഫ് ചാർജസ് നൽകാനാണ് സർക്കാർ തീരുമാനം. കുറ്റപത്രം നൽകി അന്വേഷണം നടത്തിയില്ലെങ്കിൽ മൂന്നുമാസം വരെയേ സസ്പെൻഷൻ നിലനിൽക്കു. അന്വേഷണം പ്രഖ്യാപിച്ചാൽ ആദ്യഘട്ടത്തിൽ ആറുമാസവും പിന്നീട് കേന്ദ്രം സമ്മതിച്ചാൽ ആറുമാസവും കൂടി അന്വേഷണം നീട്ടാം. ചട്ടലംഘനം തെളിഞ്ഞാൽ ശാസന മുതൽ പിരിച്ചുവിടൽ വരെയുള്ള നടപടികളും സർക്കാരിന് സ്വീകരിക്കാം. അതേസമയം സസ്പെൻഷൻ നടപടിക്കെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അപ്പീൽ പോകാനാണ് പ്രശാന്തിന്റെ നീക്കം. അങ്ങനെയെങ്കിൽ സർക്കാരുമായുള്ള നിയമപോരാട്ടങ്ങളുടെ ദിനങ്ങളായിരിക്കും ഇനി.

Inshort - N. Prasanth, known as `Collector Bro` for his social media presence, faces suspension for allegedly disrespecting a senior officer. The suspension follows a series of controversies and public criticism of his conduct.

Content Highlights: collector bro prasanth suspension controversial remarks against jayathilak